ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ മികച്ച രീതിയിലാണ് നടപ്പാക്കുന്നത്. ഈ സമത്ത് ക്ഷമയാണ് വേണ്ടത്. രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നതും അതാണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
എല്ലാ കേന്ദ്ര സര്‍ക്കാര്‍ വിഭാഗങ്ങളും അവരവരുടെ കടമ ഭംഗിയായി നിറവേറ്റുന്നുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഭരണാധികാരികള്‍ നന്നായി കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടിവിനോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ ആവശ്യപെടുന്നുണ്ട്. അതിനായി സാധ്യമായതെല്ലാം ഉപയോഗിക്കാനും പറഞ്ഞു. രാജ്യത്തെ ഒറ്റ പൗരന് പോലും അപകടത്തില്‍ പെടാതിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്യുന്നുവെന്നതില് സംശയമില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇനി ഏതെങ്കിലും വിധത്തില്‍ അശ്രദ്ധയുണ്ടായാല് നീതിന്യായ വ്യവസ്ഥ അതില്‍ ഇടപെട്ട് കൃത്യമായ പരിഹാരം കാണും. പ്രതിസന്ധികളെ നമുക്ക് മറികടക്കാന്‍ കഴിയുമെന്നും ബോബ്ഡെ അറിയിച്ചു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനും പരിശോധന ഫലം നെഗറ്റീവാകുന്നവരെ വീടുകളിലെത്തിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്രമമില്ലാതെ കേസുകള്‍ തീര്‍പ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. ലോക്ഡൗണിന്റെ കാലത്ത് കേസുകളുടെ എണ്ണം കാര്യമായി കുറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കള്ളന്മാര് കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്തതുകൊണ്ടാണിതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: