ന്യൂയോര്‍ക്ക്: കൊറോണയെ(കൊവിഡ് 19) കൃത്യമായി നിയന്ത്രിക്കാതെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. യുഎസ് മാധ്യമമായ സിഎന്‍എന്നിനു നല്കിയ അഭിമുഖത്തിലാണ് ഗേറ്റ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മഹാമാരി സമ്പദ്വ്യവസ്ഥയെ ബാധിച്ചതിനാല്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അതുകൊണ്ട് തന്നെ യുഎസിലെ പല സംസ്ഥാനങ്ങളും അകലം പാലിക്കല്‍, വീട്ടിലിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തയാറാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബില്‍ഗേറ്റ്സിന്റെ പ്രസ്താവന.
രണ്ടാം വരവില്‍ ന്യൂയോര്‍ക്കിനെക്കാള്‍ വലിയതോതില്‍ മറ്റു സംസ്ഥാനങ്ങളെ വൈറസ് ബാധിച്ചേക്കാം. ഇതു സംസ്ഥാനങ്ങളുടെ തിരിച്ചുവരവിനെയും ബാധിക്കും. വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവര്‍ക്കു കാര്യമായി റിസ്ക് ഇല്ലെന്ന സൂചനയല്ല നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 1ന് മുന്‍പ് ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ തുറക്കരുതെന്നാണ് യുഎസിലെ ആരോഗ്യ രംഗത്തെ ഗവേഷകര്‍ പറയുന്നത്. ബില്‍ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് വിവിധ മഹാമാരികളെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും അവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വൈറസ് കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളാണ് തുറക്കാന്‍ ശ്രമം നടത്തുന്നത്.
നിയന്ത്രണങ്ങളില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നുകൊടുക്കണമെങ്കില്‍ ആദ്യം വ്യാപകമായ പരിശോധനകള്‍ നടത്തണമെന്നും പുതിയ വൈറസ് കേസുകള്‍ കണ്ടെത്തണമെന്നും ബില്‍ഗേറ്റ്സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: