മെല്‍ബണ്‍: കോവിഡ് കാലത്ത് പുറത്തിറങ്ങാന്‍ സാധിക്കാത്ത അമ്മയുടെ വിഷമത്തിന് പരിഹാരം കണ്ട മകന്റെ പ്രവൃത്തി ജനഹൃദയങ്ങളില്‍ ഇടംപിടിക്കുകയാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നാണ് കോവിഡ് കാലത്തെ നന്മനിറഞ്ഞ വാര്‍ത്ത പുറത്തുവന്നത്. 87 വയസുള്ള അമ്മ അല്‍ഷിമേഴ്സ് രോഗിയാണ്. കൊറോണ കാലത്തിനു മുന്‍പ് അമ്മയുമായി സ്ഥിരമായി സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുമായിരുന്നു മകന് ജാസണ്‍ വാന്‍ ജെന്ഡേഴ്സണ്. എന്നാല്‍, കോവിഡ് രോഗവ്യാപനം മൂലം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതില്‍ വളരെ ദു:ഖത്തിലായിരുന്നു അമ്മ. ഇതേത്തുടര്‍ന്നാണ് അമ്മയുടെ വിഷമം മാറ്റാന്‍ മകന് വീടിനുള്ളില്‍ തന്നെ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയത്. ശേഷം അമ്മ മിനി സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടതോടെ ജാസണെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി.
ജാസണിന്റെ ഭാര്യയും രണ്ടു മക്കളുമായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍. അമ്മ സ്ഥിരമായി സന്ദര്‍ശിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ പോലെ ഫ്രൂട്ട്സും വെജിറ്റബിളും എല്ലാം മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരുന്നു. സ്ഥിരമായി സന്ദര്‍ശിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന് അമ്മയ്ക്കു തോന്നാന്‍ ബില്ലിങ് മെഷീന് വരെ ജാസണ്‍ തയാറാക്കി വച്ചിരുന്നു.
അല്‍ഷിമേഴ്സ് ബാധിച്ചവര്‍ക്ക് അവരുടെ ദിനചര്യകളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും.എല്ലാ ആഴ്ചയും സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന അമ്മയ്ക്ക് അത് ആഴ്ചകളായി ഇല്ലാതായതോടെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അമ്മയ്ക്ക് അതു പറയാന്‍ സാധിച്ചില്ലെങ്കിലും ആ മനസ് തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയതെന്ന് ജാസണ്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ജാസണ്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 2 മില്യണ്‍ ആള്ക്കാര് കണ്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: