മാലി സിറ്റി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലി സിറ്റിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്, നിലവില്‍ 12 ഇന്ത്യാക്കാരുള്‍പ്പടെ 171 ഓളം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ടതോടെ, പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു ചില ജനവാസ ദ്വീപുകളും ക്വാറന്റ്റെന്‍ കരുതലിലാണ്. വെറും ആറ് കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഏകദേശം രണ്ട് ലക്ഷത്തോോളം പേര് തിങ്ങി പാര്‍ക്കുന്ന മാലി സിറ്റി ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യ തലസ്ഥാനങ്ങളിലൊന്നാണ്.
കഴിഞ്ഞ 17-ാം തിയതിയാണ് രാജ്യ തലസ്ഥാനത്ത് രണ്ടാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്, എന്നാല്‍ അതിനു മുന്‍പ്, ആഭ്യന്തര ഗതാഗത സംവിധാനങ്ങള്‍ക്ക് യാതൊരു നിയന്തണവുമില്ലാതിരുന്നതിനാല് കൂടുതല്‍ ജനവാസ ദ്വീപുകളിലേക്ക് രോഗം വ്യാപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 7നാണ് രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്, രോഗവ്യാപനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ടൂറിസം മേഖലയില്‍ മാത്രം ഒതുങ്ങി നിന്ന സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ രണ്ടാം ഘട്ടത്തില്‍ ജനവാസ ദ്വീപുകളിലേയ്ക്കും വ്യാപിപ്പിക്കുകയാണുണ്ടായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 1200 ഓളം ദ്വീപുകളടങ്ങുന്ന ഇന്ത്യയുടെ അയല്‍ രാജ്യത്ത് 200 ജനവാസ ദ്വീപുകളും 154 വിനോദ സഞ്ചാര ദ്വീപുകളുമാണ് ഉള്ളത്. പരിശോധിക്കപ്പെടാത്ത ഏകദേശം നൂറോളം രോഗികള്‍ രാജ്യത്ത് ഉണ്ടാവാമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് പ്രതിനിധി ഡോ. ഷീനാ മൂസ ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായത്.
ബംഗ്ലാദേശികള്‍ അധിവസിക്കുന്ന ലേബര്‍ ക്യാമ്പുകളിലെ രോഗവ്യാപനം രാജ്യതലസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ആരോഗ്യ രംഗത്തും വ്യാപാര – വാണിജ്യ മേഖലയിലും ഇന്ത്യയെയും ശ്രീലങ്കയെയും പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്തെ തലസ്ഥാന നഗരം സാമൂഹ്യ വ്യാപനത്തിലോട്ട് പോകുന്നതില്‍ ആശങ്കയിലാണ് മാലിദ്വീപിലെ ഇന്ത്യന്‍ സമൂഹം, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവും എന്നുള്ളത് കൊണ്ട് തന്നെ അധ്യാപകര്‍, ആതുരശുശ്രൂഷ, വിനോദസഞ്ചാരം, ഐടി തുടങ്ങി രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാര്‍ ക്വാറന്റ്റൈന്‍ കരുതലിലാണ്, അതെ തുടര്‍ന്ന് ജനവാസ ദ്വീപുകളിലെ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ ഹോം ഡെലിവറിയും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളുമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
എന്നിരുന്നാലും കൂടുതല്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി അതീവ ഗുരുതരമാവും, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉടന്‍ തന്നെ പ്രായോഗികമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും തൊഴില്‍, ആശ്രിത വിസകളിലും കഴിയുന്ന ഇന്ത്യന്‍ സമൂഹം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി മുഖേന 50,000 ഹൈഡ്രോക്സി കോറോക്വിന് ഗുളികകളും ഇന്ത്യ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: