തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം അഞ്ച് മാസമായി പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പോലീസുകാര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമിടയില്‍ അമര്‍ഷം പുകയുന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും വെള്ളിയാഴ്ച ധനമന്ത്രിക്ക് കത്ത് നല്കി. ആരോഗ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ പ്രതിഷേധം അറിയിക്കും.
പോലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് പോലീസ് അസോസിയേഷന്റെ ആവശ്യം. ശമ്പളം പിടിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷനിലേക്കുള്ള റിക്കവറി നിര്‍ത്തിവയ്ക്കണം, ശമ്പളം പിടിക്കുന്ന മാസങ്ങളില്‍
പോലീസുകാരുടെ പിഎഫ് ലോണ്‍ റിക്കവറിയും നിര്‍ത്തിവയ്ക്കണം, എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അസോസിയേഷന് കത്ത് നല്കി.
മിക്ക ഉദ്യോഗസ്ഥര്‍ക്കും ഭവനവായ്പ ഉള്‍പ്പെടെ ബാധ്യതകളുണ്ടെന്നും തവണകളായി ശമ്പളം പിടിക്കുമ്പോള്‍ അഞ്ചു മാസവും വായ്പ മുടങ്ങാന്‍ ഇടയാകും. താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഒരുമിച്ച് മാറ്റിവയ്ക്കാനുള്ള അവസരം കൂടി നല്‍കണമെന്നാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം. ചില പ്രതിപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചാണ് പ്രതിഷേധിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് മാറ്റണമെന്നുള്ള ജീവനക്കാരുടെ ആവശ്യവും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാരും ധനമന്ത്രിയും നിര്‍ദേശം കടുപ്പിക്കുന്നതോടെ ജീവനക്കാരുടെ പ്രതിഷേധവും ഉയരാനാണ് സാധ്യത.
ഇതോടെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലസത കാണിക്കുമെന്നും ഉറപ്പായി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ സാധ്യതയുണ്ട്. ശമ്പളം പിടിക്കുന്നതിനെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: