ന്യൂദല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധം ശക്തമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. രോഗവ്യാപനം കുറയുകയും രോഗമുക്തിത്തോത്ത് കൂടുകയും ചെയ്തുവെന്നു മാത്രമല്ല വ്യാപനത്തോത് കുത്തനെ കുറയ്ക്കാനും ഇന്ത്യക്ക് സാധിച്ചു.
മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യം അടച്ചിടുമ്പോള്‍ അന്ന് 500 ഓളം കൊറോണ രോഗികളാണ് ഇന്ത്യയൊട്ടാകെ ഉണ്ടായിരുന്നത്. മാര്‍ച്ച് 24ന് രോഗവ്യാപന നിരക്ക് 21.6 ശതമാനമായിരുന്നു. പക്ഷെ ഇപ്പോള്‍ വ്യാപന നിരക്ക് വെറും 8.1 ശതമാനമായി.
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയോ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ ചെയ്തില്ലായിരുന്നുവെങ്കില്‍ 21.6 ശതമാനം നിരക്കില്‍ രോഗം പടര്‍ന്ന് ഇന്ന് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നേനേ.
രോഗം വ്യാപിച്ച് ഇരട്ടിയാകാന്‍ നേരത്തെ എടുത്തിരുന്നതിനേക്കാള്‍ കൂടുത ല്‍സമയം ഇപ്പോള്‍ എടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ വ്യാപനം ഇരട്ടിയാകാന്‍ പത്തു ദിവസം വേണം. പത്തു ലക്ഷത്തോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
രോഗമുക്തി നിരക്ക് 22.41 ശതമാനമായി. നിലവില്‍ 26,496 രോഗികളാണ് ഉള്ളത്. 5,804 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗബാധ ഏറ്റവും കൂടിയത് ഏപ്രില്‍ 18നാണ്. അന്ന് 2013 പേര്‍ക്കാണ് രോഗം പുതുതായി ബാധിച്ചത്. പിന്നെ കുറഞ്ഞുവരിയാണ്. 24ല്‍ 1429 പേര്‍ക്ക് ബാധിച്ചു.
മരണ നിരക്കും ഇതര ലോകരാജ്യങ്ങളേക്കാള്‍ വളരെ കുറവാണ് ഇന്ത്യയില്‍. മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലേത്. ആഗോള ശരാശരി ഏഴ് ശതമാനമാണ്.
നിത്യേനയുള്ള വ്യാപന നിരക്കും കുറഞ്ഞു. രോഗബാധിതരുടെ എണ്ണം നൂറു കടന്ന ശേഷം ആദ്യമായി നിത്യേനയുള്ള വ്യാപന നിരക്ക് കുറഞ്ഞ് ആറു ശതമാനമായി.
ചില സംസ്ഥാനങ്ങളിലെ ചില നഗരങ്ങളാണ് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദ്, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, തമിഴ്നാട്ടിലെ ചെന്നൈ, ബംഗാളിലെ കൊല്‍ക്കത്ത രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവ. ഇവിടങ്ങളിലെ അവസ്ഥ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരന്തരം വിലയിരുത്തുന്നുണ്ട്. മാത്രമല്ല വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്. പത്തു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ പോലും രോഗം നിയന്ത്രണാതീതമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: