വാഷിങ്ടന്‍: മാധ്യമങ്ങള്‍ സത്യവും വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് എന്തിനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ വിദ്വേഷപരമായ ചോദ്യങ്ങളല്ലാതെ ഒന്നും ചോദിക്കുന്നില്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു ദിവസേന നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയവും അധ്വാനവും മൂല്യമില്ലാതാകുകയാണെന്നും ട്രംപ് പറഞ്ഞു.
വാര്‍ത്താസമ്മേളനം നടത്തുന്നതു നിര്‍ത്താന്‍ ട്രംപിന്റെ വിശ്വസ്തര്‍ ശ്രമം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചകളായി തുടരുന്ന വാര്‍ത്താസമ്മേളനങ്ങള്‍ ചില സമയങ്ങളില്‍ രണ്ടു മണിക്കൂറിലധികം നീളാറുണ്ട്. ദിവസവുമുള്ള വാര്‍ത്താ സമ്മേളനങ്ങളിലൂടെ ട്രംപ് തന്റെ നയങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ കക്ഷികള്‍ വിമര്‍ശനമുന്നയിച്ചു.
മാധ്യമങ്ങള്‍ക്ക് നല്ല റേറ്റിങ് കിട്ടുന്നു. പക്ഷെ യുഎസിലെ ജനങ്ങള്‍ക്കു വ്യാജവാര്‍ത്തകളല്ലാതെ ഒന്നും ലഭിക്കുന്നില്ല ട്രംപ് ട്വിറ്ററില്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദിവസവുമുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ യുഎസ് പ്രസിഡന്റ് നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: