ന്യൂദല്‍ഹി : രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനതിരെ പൊരുതുന്നത് രാജ്യത്തെ ജനങ്ങളാണ്. ഉദ്യോഗസ്ഥരും ജനങ്ങളും ഒരുമിച്ചാണ് കൊറോണ വൈറസിനെതിരെ പൊരുതുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ ഓരോ പൗരനും ഈ പോരാട്ടത്തിലെ പടയാളികളാണ്. ഓരോരുത്തരും അവരുടെ കഴിവിനൊത്ത് ഈയുദ്ധത്തില്‍ ഭാഗമായി. ചിലര്‍ വീട്ട് വാടക ഒഴിവാക്കി നല്കി. ചില തൊഴിലാളികള്‍ തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്കൂള്‍ തന്നെ ശുചിയാക്കി പെയിന്റടിച്ച് നല്കി. കൊറോണ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പോലീസ് സേനകളേയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ ജനങ്ങളുടെ ഈ മഹത്തായ ത്യാഗങ്ങള്‍ക്ക് നമിക്കുന്നുവെന്നും മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ഈ മഹാമാരി കാലത്ത് ഒരു നേരം പോലും പട്ടിണി കിടക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ് കര്‍ഷകര്‍. പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുന്നുണ്ട്. രാജ്യത്ത് വൈദ്യോപകരണങ്ങളുടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ഷകര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. പല രാജ്യങ്ങളേയും അവശ്യ മരുന്നുകള്‍ നല്കി ഇന്ത്യ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന് കി ബാത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. ലോക്ഡൗണില്‍ കഴിഞ്ഞുകൊണ്ടാണ് നിങ്ങളിപ്പോള്‍ മന് കീ ബാത് കേള്‍ക്കുന്നത്. ഈ മന് കീ ബാത്തിനായി വന്ന അഭിപ്രായങ്ങളുടെയും ഫോണ്‍ കോളുകളുടെയും എണ്ണം പതിവിലും വളരെ അധികമാണ്. വളരെയധികം വിഷയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നിങ്ങളുടെ മനസ്സിലുള്ളത് എന്റെയടുത്തേക്ക് എത്തിയിട്ടുള്ളത്. അവയില്‍ പരമാവധിവായിക്കാനും കേള്‍ക്കാനുമുള്ള ശ്രമം ഞാന്‍ നടത്തുകയുണ്ടായി. ഈ കോലാഹലത്തിനിടയില്‍ ശ്രദ്ധയിലേ പെടാഞ്ഞ അനേകം കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞതില്‍ നിന്ന് എനിക്ക് അറിയാന്‍ സാധിച്ചു. യുദ്ധത്തിനിടയില്‍ നടക്കുന്ന ഈ മന് കീ ബാത്ല്‍ അത്തരം കാര്യങ്ങള്‍ എല്ലാ ജനങ്ങളുമായും പങ്കുവയ്ക്കാനാണ് ഇപ്പോള്‍ തോന്നുന്നത്.
സുഹൃത്തുക്കളേ, കൊറോണയ്ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ഭാരതത്തില്‍ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്നത് ജനങ്ങളാണ്, നിങ്ങളോരോരുത്തരുമാണ്, ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണ്ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ പക്കല്‍ കൊറോണയുമായി പോരാടാനും ജയിക്കാനും ഇതാണ് വേണ്ടത്. ഇന്ന് മുഴുവന്‍ രാജ്യവും, രാജ്യത്തെ എല്ലാ പൗരന്മാരും, ഓരോ ജനങ്ങളും ഈ പോരാട്ടത്തില്‍ പടയാളികളാണ്, പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് എന്നതില്‍ നാം ഭാഗ്യശാലികളാണ്. എവിടെ നോക്കിയാലും ഭാരതം ജനങ്ങള്‍ നയിക്കുന്ന പോരാട്ടമാണ് നടത്തുന്നതെന്ന് നിങ്ങള്‍ക്കു കാണാനാകും. ലോകം മുഴുവന്‍ ഈ മഹാമാരിയുടെ ഭീഷണിയെ നേരിടുകയാണ്. ഭാവിയില്‍ ഇതെക്കുറിച്ചു ചര്‍ച്ച നടക്കുമ്പോള്‍, ഈ പോരാട്ടം ഏതു രീതിയിലായിരുന്നു എന്നു പറയുമ്പോള്‍ ഈ രീതി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും. രാജ്യമെങ്ങും ഓരോ തെരുവിലും എന്നുവേണ്ട എല്ലായിടത്തും ആളുകള്‍ പരസ്പരം സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. ദരിദ്രര്‍ക്കായി ഭക്ഷണത്തിന്റെ കാര്യമാണെങ്കിലും റേഷന്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും ലോക്ഡൗണ്‍ പാലിക്കുന്ന കാര്യത്തിലാണെങ്കിലും, ആശുപത്രികള്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും, ചികിത്സാ ഉപകരണങ്ങള്‍ രാജ്യത്ത് ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും – ഇന്ന് രാജ്യം മുഴുവന്‍ ഒരേ ലക്ഷ്യം, ഒരു ദിശാബോധവുമായി ഒരുമിച്ചു മുന്നോട്ടു പോവുകയാണ്. കൈയടി, പാത്രം കൊട്ടല്‍, വിളക്ക്, മെഴുകുതിരി, തുടങ്ങിയവയൊക്കെ ഒരു പുതിയ മനോവികാരത്തിന് ജന്മം കൊടുത്തു. ഉത്സാഹത്തോടെ ജനങ്ങളാകെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയമെടുത്തു. എല്ലാവരെയും ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും രാജ്യത്ത് എല്ലാവരും തങ്ങളുടേതായ പങ്കുവഹിക്കുന്നതിന് ഉത്സാഹിക്കുന്ന, ഒരു വലിയ മഹായജ്ഞം നടക്കുന്ന പ്രതീതിയാണ്. നമ്മുടെ കര്‍ഷക സഹോദരീ സഹോദന്മാരെ നോക്കൂ, ഒരു വശത്ത് അവര്‍ ഈ മഹാമാരിക്കിടയിലും തങ്ങളുടെ വയലുകളില്‍ രാപകല്‍ അധ്വാനിക്കുകയും രാജ്യത്ത് ആരും വിശന്ന് ഉറങ്ങരുത് എന്ന് ചിന്തിക്കുകയും ചെയ്യുന്നു. എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയാണ്. ചിലര്‍ വാടക വേണ്ടെന്നു വയ്ക്കുന്നു, ചിലര്‍ തങ്ങളുടെ പെന്ഷന് മുഴുവന്‍, അല്ലെങ്കില്‍ പുരസ്കാരം കിട്ടിയ തുക PM CARES ല്‍ നിക്ഷേപിക്കുന്നു. ചിലര്‍ കൃഷിയിടത്തിലെ പച്ചക്കറി മുഴുവന്‍ ദാനം ചെയ്യുന്നു, മറ്റുചിലര്‍ ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്നു. ചിലര്‍ മാസ്ക് ഉണ്ടാക്കുന്നു, ചിലയിടത്ത് നമ്മുടെ കര്‍ഷകര്‍ അവര്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്കൂളുകള്‍ പെയ്ന്റ് ചെയ്യുന്നു.
സുഹൃത്തുക്കളേ, മറ്റുള്ളവരെ സഹായിക്കാന്‍, നിങ്ങളുടെ ഉള്ളില്‍, ഹൃദയത്തിന്റെ ഏതോ കോണില്‍ ഈ ഉത്സാഹിക്കുന്ന വികാരമുണ്ടല്ലോ, അതാണ്, അതുതന്നെയാണ് കൊറാണയ്ക്കെതിരെ ഭാരതത്തിന്റെ ഈ പോരാട്ടത്തിന് ശക്തി പകരുന്നത്. അതാണ് ഈ പോരാട്ടത്തെ യഥാര്‍ഥ അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാക്കുന്നത്. നാം കണ്ടു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്ത് ഒരു സ്വാഭാവം രൂപപ്പെട്ടിട്ടുണ്ട്, അത് നിരന്തരം ശക്തിപ്പെടുകയുമാണ്. കോടിക്കണക്കിന് ആളുകള്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിച്ച കാര്യമാണെങ്കിലും ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര് റെയില്‍വേ സബ്സിഡി ഉപേക്ഷിക്കുന്ന കാര്യമാണെങ്കിലും, സ്വച്ഛ ഭാരത് അഭിയാന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യത്തിലാണെങ്കിലും ശൗചാലയങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും ഒക്കെ, ഇങ്ങനെയുള്ള അസംഖ്യം കാര്യങ്ങളില്‍ ഈ സ്വഭാവം കാണാം. ഈ കാര്യങ്ങളില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, നമ്മെയെല്ലാം ഒരു മനസ്സ് ഒരു ശക്തമായ ചരടില്‍ കോര്‍ത്തിണക്കിയിരിക്കയാണ്. ഒന്നായി രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണ ഉണ്ടായിരിക്കയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഞാന്‍ വളരെ വിനയത്തോടെ, വളരെയധികം ആദരവോടെ, ഇന്ന് രാജ്യത്തെ 130 കോടി ജനങ്ങളുടെ ഈ ഒരു മനോഭാവത്തെ ശിരസ്സു കുനിച്ച് നമിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മനോഭാവത്തിനനുസരിച്ച്, രാജ്യത്തിനുവേണ്ടി സ്വന്തം താത്പര്യത്തിനനുസരിച്ച്, അവരവര്‍ക്കു ലഭ്യമായ സമയത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യാനാകട്ടെ.. അതിനായി സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമാണ്, covidwarriors.gov.in ഞാന്‍ ആവര്‍ത്തിക്കുന്നു, covidwarriors.gov.in സര്‍ക്കാര്‍ ഈ പ്ലാറ്റ്ഫോമിലൂടെ എല്ലാ സാമൂഹിക സംഘടനകളുടെയും വോളന്റിയര്‍മാരെയും, പൊതു സമൂഹത്തിന്റെ പ്രതിനിധികളെയും തദ്ദേശഭരണകൂടത്തെയും പരസ്പരം ബന്ധിപ്പിച്ചിരിക്കയാണ്. വളരെ കുറച്ചു സമയത്തിനുള്ളില്‍ ഈ പോര്‍ട്ടലുമായി ഒന്നേകാല്‍ കോടി ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മുതല്‍ ആശാ, എഎന്‍എം പ്രവര്‍ത്തകര്‍, നമ്മുടെ എന്‍സിസി എന്‍എസ്എസ് സുഹൃത്തുക്കള്‍, വ്യത്യസമേഖലകളിലുള്ള മുഴുവന്‍ പ്രൊഫഷണലുകളും ഈ പ്ലാറ്റ്ഫോമിനെ തങ്ങളുടെ പ്ലാറ്റ്ഫോമാക്കിമാറ്റിയിരിക്കുന്നു. ഈ ആളുകള്‍ പ്രാദേശിക തലത്തില്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍ ഉണ്ടാക്കുന്നവര്‍ക്കിടയില്‍ അവരുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് വളരെയധികം സഹായമാണ് ചെയ്യുന്നത്. നിങ്ങള്‍ക്കും covidwarriors.gov.in പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് രാജ്യത്തെ സേവിക്കാവുന്നതാണ്, കോവിഡ് Covid Warrior ആകാവുന്നതാണ്.
സുഹൃത്തുക്കളേ എല്ലാ വിഷമംപിടിച്ച പരിതഃസ്ഥിതികളും ഓരോ യുദ്ധവുംഎല്ലാം നമ്മെ എന്തെങ്കിലുമൊക്കെ പാഠങ്ങള്‍ പഠിപ്പിക്കുന്നു, എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുപോകുന്നു. ചിലപാഠങ്ങള്‍ തരുന്നു. ചില സാധ്യതകളുടെ പാതകളുണ്ടാക്കുന്നു, ചില പുതിയ ലക്ഷ്യങ്ങള്‍ക്കുള്ള ദിശാബോധമുണ്ടാകുന്നു. ഈ ചുറ്റുപാടില്‍ നിങ്ങള്‍ ദേശവാസികളെല്ലാം കാട്ടിയ നിശ്ചദാര്‍ഢ്യം കാരണം ഭാരതത്തില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ബിസിനസ്, നമ്മുടെ ഓഫീസുകള്‍, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നമ്മുടെ ചികിത്സാ മേഖല, എല്ലാം വളരെ വേഗം, പുതിയ സാങ്കേതികവിദ്യാമാറ്റങ്ങളിലേക്ക് നീങ്ങുകയാണ്.സാങ്കേതിക വിദ്യയുടെ മേഖലയില്‍ രാജ്യത്തെ എല്ലാ കണ്ടുപിടുത്തക്കാരും പുതിയ പരിതഃസ്ഥിതിക്കിണങ്ങുന്ന എന്തെങ്കിലുമൊക്കെ പുതിയതായി നിര്‍മ്മിക്കയാണെന്നാണ് തോന്നുന്നത്.
സുഹൃത്തുക്കളേ രാജ്യം ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്താണു സംഭവിക്കുകയെന്ന് നാം നേരിട്ടനുഭവിക്കയാണ്. ഇന്ന് കേന്ദ്രസര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് മുഴുവന്‍ വേഗതയോടും പ്രവര്‍ത്തിക്കയാണ്. നമ്മുടെ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും, റെയില്‍വേ ജോലിക്കാരാണെങ്കിലും ജനങ്ങള്‍ക്ക് വളരെ കുറച്ചേ പ്രശ്നങ്ങളുണ്ടാകാവൂ എന്ന വിചാരത്തോടെ രാപകല്‍ ജോലി ചെയ്യുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മരുന്നുകള്‍ എത്തിക്കുന്നതിന് ലൈഫ് ലൈന്‍ ഉഡാന്‍ എന്ന പേരോടെ ഒരു വിശേഷാല്‍ മുന്നേറ്റം നടക്കുന്നുണ്ടെന്ന് ഒരുപക്ഷേ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. നമ്മുടെ ഈ സുഹൃത്തുക്കള്‍, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തിനകത്തുതന്നെ, മൂന്നു ലക്ഷം കിലോമീറ്റര്‍ പറന്നുകഴിഞ്ഞിരിക്കുന്നു, 500 ടണ്‍ ലധികം ചികിത്സാ സാമഗ്രികള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിച്ചിരിക്കുന്നു. ഇതേപോലെ റെയില്‍വേയിലെ സുഹൃത്തുക്കള്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ക്കു കുറവുണ്ടാകാതാതിരിക്കാന് ലോക്ഡൗണിലും നിരന്തരം പ്രവര്‍ത്തനനിരതരാണ്. ഈ കാര്യത്തിനായി ഭാരതീയ റെയില്‍വേ ഏകദേശം 60 ലധികം പാതകളില്‍ 100 ലധികം പാഴ്സല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇതേപോലെ മരുന്നു വിതരണത്തില്‍, നമ്മുടെ തപാല്‍ വകുപ്പിലെ ആളുകള്‍, വളരെ പ്രധാനപ്പെട്ട പങ്കാണു വഹിക്കുന്നത്. നമ്മുടെ ഈ സുഹൃത്തുക്കളെല്ലാം, ശരിയായ അര്‍ഥത്തില്‍ കൊറോണ പോരാളികള്‍ തന്നെയാണ്.
സുഹൃത്തുക്കളേ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് അനുസരിച്ച് ദരിദ്രരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാന്‍സര്‍ ചെയ്യപ്പെടുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്ഷന് ആരംഭിച്ചിട്ടുണ്ട്. ദരിദ്രര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍, റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ വിവിധവകുപ്പുകളിലെ ആളുകള്‍, ബാങ്കിംഗ് മേഖലയിലെ ആളുകള്‍ ഒരു ടീം എന്ന പോലെ രാപകല്‍ ജോലി ചെയ്യുകയാണ്. ഈ മാഹാമാരിയെ നേരിടുന്നതിന് വളരെ സജീവ പങ്കു വഹിക്കുന്നതില്‍ ഞാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരുകളെയും പ്രശംസിക്കുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വങ്ങള്‍ക്കും കൊറാണക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്കുണ്ട്. അവരുടെ ഈ ശ്രമങ്ങളും വളരെ അഭിനന്ദനാര്‍ഹങ്ങളാണ്.
പ്രിയപ്പെട്ട ദേശവാസികളേ, രാജ്യമെങ്ങും ആരോഗ്യസേവനമേഖലയുമായി ബന്ധപ്പെട്ട ആളുകള്‍, ഈ അടുത്ത സമയത്ത് പുറപ്പെടുവിക്കപ്പെട്ട ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തങ്ങളുടെ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സില്‍ കൊറോണാ വാരിയേഴ്സനോട് ഹിംസാത്മകോ, അവരെ കഷ്ടപ്പെടുത്തുന്നതോ അവര്‍ക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ വളരെ ശക്തമായ ശിക്ഷാനടപടിക്കുള്ള വകുപ്പുചേര്‍ത്തിട്ടുണ്ട്. നമ്മുടെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് (സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍) പോലെയുള്ള എല്ലാ ആളുകളും രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ രാപകല്‍ അധ്വാനിക്കയാണ്. അവരെ സംരക്ഷിക്കാനുള്ള നടപടി എടുക്കേണ്ടത് ആവശ്യമായിരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈ മഹാമാരിക്കെതിരെ ഈ പോരാട്ടത്തിനിടയില്‍ നമുക്ക് നമ്മുടെ ജീവിതത്തെ , സമൂഹത്തെ, നമ്മുടെ അടുത്തു നടക്കുന്ന സംഭവങ്ങളെ ഒക്കെ ഒരു പുതിയ വീക്ഷണത്തോടെ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വീക്ഷണത്തിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും പ്രാധാന്യം നമുക്ക് ബോധ്യമാകുകയാണ്. നമ്മുടെ വീടുകളില്‍ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും, നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജോലി ചെയ്യുന്ന നമ്മുടെ സാധാരണ ജോലിക്കാരാണെങ്കിലും അയലത്തെ കടകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഒക്കെ അവരുടെ പങ്കെന്തെന്ന് നമ്മെ ബോധ്യപ്പെടുകയാണ്. ഇതേപോലെ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ആളുകള്‍, വിപണികളില്‍ ജോലി ചെയ്യുന്ന നമ്മുടെ തൊഴിലാളി സഹോദരീ സഹോദരന്മാര്, നമ്മുടെ ചുറ്റുപാടുമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍, റിക്ഷയോടിക്കുന്നവര്‍ തുടങ്ങിയവരുടെയൊക്കെ കാര്യത്തില്‍, ഇവരൊക്കെ ഇല്ലെങ്കില്‍ നമ്മുടെ ജീവിതം എത്ര പ്രയാസമേറിയതാണ് എന്ന് നമുക്ക് ബോധ്യപ്പെടുന്നുണ്ട്.
ലോക്ഡൗണിന്റെ സമയത്ത് ആളുകള്‍ നമ്മുടെ ഈ സുഹൃത്തുക്കളെ കേവലം ഓര്‍ക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും മാത്രമല്ല, അവരെക്കുറിച്ച് വളരെ ആദരവോടെ എഴുതുകയും ചെയ്യുന്നതായി ഈയിടെ സോഷ്യന്‍ മീഡിയില്‍ നാം നിരന്തരം കാണുന്നു. ഇപ്പോള്‍ ശുചീകരണ തൊഴിലാളികള്‍ക്കുമേല്‍ ആളുകള്‍ പുഷ്പവൃഷ്ടി നടത്തുന്നതിന്റെ ചിത്രങ്ങള്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്ന് കാണാനാകുന്നു. നേരത്തെ അവരുടെ ജോലി, ഒരുപക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടേ ഉണ്ടാവില്ല. ഡോക്ടറാണെങ്കിലും ശുചീകരണ തൊഴിലാളിയാണെങ്കിലും മറ്റു സേവനം ചെയ്യുന്നവരാണെങ്കിലും മാത്രമല്ല നമ്മുടെ പോലിസ് സംവിധാനത്തിന്റെ കാര്യത്തിലും സാധാരണ ജനങ്ങളുടെ ചിന്താഗതിയില്‍ വളരെ മാറ്റം ഉണ്ടായിരിക്കുന്നു. നേരത്തെ പോലീസിന്റെ കാര്യത്തില്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു തിരസ്കാരമല്ലാതെ ആളുകള്‍ക്ക് മറ്റൊന്നും തോന്നിയിരുന്നില്ല. നമ്മുടെ പോലീസുകാര്‍ ഇന്ന് ദരിദ്രര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും ആഹാരം എത്തിച്ചു കൊടുക്കുന്നു, മരുന്ന് എത്തിച്ചു കൊടുക്കുന്നു. എല്ലാ സഹായത്തിനും പോലീസ് മുന്നിട്ടിറങ്ങുന്നതില്‍ നിന്ന് പോലീസിംഗിലെ മാനുഷികവും സംവേദനാത്മകവുമായ വശം നമ്മുടെ മുന്നില്‍ പ്രകടമായിരിക്കയാണ്. അത് നമ്മുടെ മനസ്സിനെ ഇളക്കിയിരിക്കുന്നു, നമ്മുടെ മനസ്സിനെ സ്പര്‍ശിച്ചിരിക്കുന്നു.
നമ്മുടെ പോലീസുകാര്‍ ഇതിനെ ജനങ്ങളെ സേവിക്കാനുള്ള ഒരു അവസരമായി കണക്കാക്കിയിരിക്കയാണ്. ഈ സംഭവങ്ങളിലൂടെ, വരുകാലങ്ങളില്‍ ശരിയായ അര്‍ഥത്തില്‍ വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ വരാം, നാമെല്ലാം ഈ ഗുണപരമായ മാറ്റത്തെ അംഗീകരിക്കും എന്നെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ നാം സാധാരണ കേള്‍ക്കുന്നതാണ് – പ്രകൃതി (പ്രകൃതം), വികൃതി, സംസ്കൃതി എന്നീ വാക്കുകള്‍. ഈ വാക്കുകളെ ഒരുമിച്ചു നോക്കിയാല്‍, അവയുടെ പിന്നിലെ വികാരം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തെ മനസ്സിലാക്കുന്നതിന് ഒരു പുതിയ വാതില്‍ തുറന്നുകിട്ടുന്നതായി കാണാനാകും. ഒരുപക്ഷേ, മനുഷ്യ-പ്രകൃതത്തെക്കുറിച്ചു ചര്‍ച്ച ചെയ്താല്‍, ഇതെന്റേതാണ്, ഞാനിത് ഉപയോഗിക്കുന്നു എന്നതിനെ, ഈ വികാരത്തെ വളരെ സ്വഭാവികമെന്നു നാം കരുതുന്നു. ആര്‍ക്കും ഇതില്‍ എതിര്‍പ്പൊന്നുമുണ്ടാവില്ല. ഇതിനെ നാം പ്രകൃതം അഥവാ സ്വഭാവം എന്നു പറയും. എന്നാല്‍ എന്താണോ എന്റേതല്ലാത്തത്. എന്തിന്മേലാണോ എനിക്ക് അവകാശമില്ലാത്തത് അത് മറ്റൊരാളില്‍ നിന്ന് പിടിച്ചെടുക്കുകയും അത് സ്വന്തമായി ഉപയോഗിക്കുകയും ചെയ്താല്‍ അതിനെ വികൃതി എന്നു പറയാം. ഇതിനു രണ്ടിനുമപ്പുറം, പ്രകൃതിക്കും വികൃതിക്കും മുകളില്‍ സംസ്കൃതചിത്തം ചിന്തിക്കുമ്പോള്‍, അല്ലെങ്കില്‍ പെരുമാറുമ്പോള്‍ അതിനെ നാം സംസ്കൃതി അഥവാ സംസ്കാരം എന്നു പറയുന്നു. ആരെങ്കിലും തനിക്ക് അവകാശപ്പെട്ട ഒന്ന്, സ്വന്തം അധ്വാനംകൊണ്ടു നേടിയ ഒന്ന്, തനിക്ക് ആവശ്യമുള്ള ഒന്ന്, കുറച്ചോ അധികമോ എന്നു കണക്കാക്കാതെ ഏതെങ്കിലും വ്യക്തിയുടെ ആവശ്യം പരിഗണിച്ച്, സ്വന്തം വിചാരം ഉപേക്ഷിച്ച്, തനിക്ക് അവകാശപ്പെട്ട ഭാഗത്തെ വിഭജിച്ച് മറ്റാരുടെയെങ്കിലും ആവശ്യം പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ അതാണ് സംസ്കൃതി അഥവാ സംസ്കാരം. സഹൃത്തുക്കളേ, മാറ്റുരയ്ക്കേണ്ട കാലം വരുമ്പോള്‍ ഈ ഗുണങ്ങള്‍ പരിശോധിക്കപ്പെടും.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപക്ഷേ, നിങ്ങള്‍ കണ്ടുകാണും, ഭാരതം സംസ്കാരത്തിനനുരൂപമായി, നമ്മുടെ ചിന്താഗതിക്കനുരൂപമായി നമ്മുടെ സംസ്കാരത്തിനനുസരിച്ച് ചില തീരുമാനങ്ങളെടുക്കയുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറിയിരുന്നു. ഭാരതം ലോകത്തിന് മരുന്നുകള്‍ നല്കിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല എന്നതുപോലുള്ള സമയമാണിത്. ഭാരതത്തിനും മുന്‍ഗണന സ്വന്തം പൗരന്മാരുടെ ജീവന് രക്ഷിക്കലാണ് എന്ന് എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എങ്കിലും സുഹൃത്തുക്കളേ, ഭാരതം പ്രകൃതി-വികൃതി ചിന്തകള്‍ക്കപ്പുറം കടന്ന് തീരുമാനമെടുത്തു. അതായത് ഭാരതം സ്വന്തം സംസ്കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. നാം ഭാരതത്തിന്റെ ആവശ്യത്തിനുവേണ്ടി എന്താണോ ചെയ്യേണ്ടത്, അതിനു കൂടുതലായി ശ്രമിച്ചു,, എങ്കിലും ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. നാം ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു, മനുഷ്യത്വമാര്‍ന്ന ആ പ്രവര്‍ത്തി ചെയ്തുകാട്ടി. ഇന്ന് അനേകം രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ഞാന്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഭാരതജനതയോട് കൃതജ്ഞത വ്യക്തമാക്കുന്നു. താങ്ക്യൂ ഇന്ത്യാ, താങ്ക്യൂ പീപിള്‍ ഓഫ് ഇന്ത്യാ എന്നു പറയുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമേറുകയാണ്. അതേപോലെ ലോകമെങ്ങും ഇപ്പോള്‍ ഭാരതത്തിലെ ആയുര്‍വ്വേദത്തിന്റെയും യോഗയുടെയും പ്രാധാന്യത്തെ അളുകള്‍ വളരെ വിശേഷപ്പെട്ട വികാരത്തോടെയാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നോക്കൂ, എവിടെയും പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി എങ്ങനെ ഭാരതത്തിന്റെ ആയുര്‍വ്വേദവും യോഗയും സഹായിക്കും എന്നു ചര്‍ച്ച നടക്കുന്നു. കൊറോണയെ കണക്കാക്കി ആയുഷ് മന്ത്രാലയം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൊടുത്തിരിക്കുന്ന പ്രോട്ടോക്കോള്‍ നോക്കി നിങ്ങളേവരും ഇത് തീര്‍ച്ചയായും നടപ്പില്‍ വരുത്തുന്നുണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചൂടുവെള്ളം, കഷായം, എന്നിവയെക്കുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അത് നിങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ, പലപ്പോഴും നാം നമ്മുടെ ശക്തികളെയും സമൃദ്ധമായ പാരമ്പര്യത്തെയും തിരിച്ചറിയാന്‍ തയ്യാറാകുന്നില്ല എന്നത് ദുര്ഭാഗ്യകരമാണ്്. എന്നാല്‍ ലോകത്തിലെ മറ്റേതെങ്കിലും രാജ്യം, തെളിവ് അടിസ്ഥാനമാക്കിയ ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തി അതേ കാര്യം പറഞ്ഞാല്‍, നമ്മുടെതന്നെ ഫോര്‍മുല നമ്മെ പഠിപ്പിച്ചാല്‍ നാമത് കൈയോടെ സ്വീകരിക്കുന്നു. ഒരുപക്ഷേ, അതിനുപിന്നിലുള്ള ഒരു വലിയ കാരണം നൂറ്റാണ്ടുകള്‍ നീണ്ട നമ്മുടെ അടിമത്തമാകാം. അതു കാരണം ചിലപ്പോള്‍ നമുക്ക് നമ്മുടെ തന്നെ ശക്തിയില്‍ വിശ്വാസമുണ്ടാകുന്നില്ല. നമ്മുടെ ആത്മവിശ്വാസം കുറവായിരിക്കും. അതുകൊണ്ട് നാം നമ്മുടെ രാജ്യത്തിന്റെ നല്ല കാര്യങ്ങളെ, നമ്മുടെ പാരമ്പര്യമായുള്ള സിദ്ധാന്തങ്ങളെ, തെളിവ് അടിസ്ഥാനമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം ഉപേക്ഷിക്കുകയും അവയെല്ലാം മോശപ്പെട്ടവയെന്ന് കരുതുകയും ചെയ്യുന്നു. ഭാരതത്തിന്റെ യുവ തലമുറ ഇനി ഈ വെല്ലുവിളി ഏറ്റെടുക്കണം. ലോകം യോഗയെ സന്തോഷത്തോടെ അംഗീകരിച്ചതുപോലെ ആയിരക്കണക്കിന് വര്‍ഷം പുരാതനമായ, നമ്മുടെ ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങളെയും ലോകം തീര്‍ച്ചയായും അംഗീകരിക്കും. ഉവ്വ്, അതിനായി യുവ തലമുറ ദൃഢനിശ്ചയം എടുക്കേണ്ടിയിരിക്കുന്നു. ലോകം ഏതു ഭാഷയാണോ മനസ്സിലാക്കുന്നത് ആ ശാസ്ത്രഭാഷയില്‍ നാം മനസ്സിലാക്കിക്കൊടുക്കണം, നമുക്കു ചിലതു ചെയ്തുകാട്ടണം.
സുഹൃത്തുക്കളേ, കോവിഡ് 19 കാരണം നമ്മുടെ ജോലി ചെയ്യുന്ന രീതി, നമ്മുടെ ജീവിത ശൈലി, നമ്മുടെ ശീലങ്ങള്‍ എന്നിവയിലെല്ലാം സ്വാഭാവികമായും പല ഗുണപരമായ മാറ്റങ്ങള്‍ ഇടം പിടിക്കയാണ്. ഈ പ്രതിസന്ധി, പല പല വിഷയങ്ങളില്‍ നമ്മുടെ ബോധ്യങ്ങളെയും നമ്മുടെ ചേതനയെയും ഉണര്‍ത്തി എന്ന് നിങ്ങള്‍ക്കേവര്‍ക്കും അനുഭവവേദ്യമായിട്ടുണ്ടാകും. നമ്മുടെ ചുറ്റുപാടും നമുക്കു കാണാനാകുന്ന സ്വാധീനത്തില്‍ ഏറ്റവും ആദ്യത്തേതാണ് മാസ്ക് ധരിക്കുകയും മുഖം മറച്ചു വയ്ക്കുകയും എന്നത്. കൊറോണ കാരണം, മാറിയ പരിതഃസ്ഥിതിയില്‍ മാസ്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം ആളുകളെ മാസ്കണിഞ്ഞു കാണുന്നത് ഒരിക്കലും നമ്മുടെ ശീലമല്ലായിരുന്നു, ഇന്നത് ശീലമാകുകയാണ്. അതിന്റെയര്‍ഥം മാസ്ക് ധരിച്ചിട്ടുള്ളവര് രോഗികളാണെന്നല്ല. മാസ്കിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് ഒരു പഴയ കാര്യം ഓര്‍മ്മ വരുന്നു. നിങ്ങള്‍ക്കും ഓര്‍മ്മകാണും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആരെങ്കിലും പഴങ്ങള്‍ വാങ്ങുന്നതായി കണ്ടാല്‍ അടുത്തുള്ളവര്‍, എന്താ വീട്ടിലാര്‍ക്കെങ്കിലും സുഖമില്ലേ എന്നു ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതായത് പഴങ്ങള്‍ രോഗകാലത്ത് കഴിക്കുന്നതാണെന്ന ഒരു ധാരണയുണ്ടായിരുന്നു. എന്നാലിന്ന് കാലം മാറി, ഈ ധാരണയും മാറി. അതുപോലെ മാസ്കിന്റെ കാര്യത്തിലും ധാരണ ഇന്നു മാറാന്‍ പോവുകയാണ്. നോക്കിക്കോളൂ, മാസ്ക് ഇനി സംസ്ക്കാരമുള്ള സമൂഹത്തിന്റെ പ്രതീകമായി മാറും. രോഗത്തില്‍ നിന്ന് സ്വയം രക്ഷപെടണമെങ്കില്‍, മറ്റുള്ളവരെയും രക്ഷപെടുത്തണമെങ്കില്‍ മാസ്ക് ധരിക്കേണ്ടി വരും, എന്റെ ലളിതമായ ഉപദേശമാണ്, തൂവാല വേണം, വായ മൂടണം.
സഹൃത്തുക്കളേ, ഇപ്പോള്‍ പൊതു സ്ഥലത്ത് തുപ്പിയാല്‍ കുഴപ്പമുണ്ടാകാമെന്ന് എല്ലാ ആളുകളും മസ്സിലാക്കുന്ന ഒരു അവബോധം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെയും ഇവിടെയും തോന്നിയേടത്തെല്ലാം തുപ്പുക മോശപ്പെട്ട ശീലങ്ങളിലൊന്നായിരുന്നു. ഒരു തരത്തില്‍ നോക്കിയാല്‍ നമുക്ക് എന്നും ഈ ഒരു പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു, എന്നാല്‍ ആ പ്രശ്നം സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്ന ലക്ഷണമേ കാട്ടുന്നില്ലായിരുന്നു. ഇപ്പോള്‍ ആ മോശപ്പെട്ട ശീലത്തെ എന്നന്നേക്കുമായി ഇല്ലാതെയാക്കുന്നതിനുള്ള സമയമെത്തിയിരിക്കുന്നു. ”യലലേൃ ഹമലേ വേമി ലില്യ” എന്നു പറയാറില്ലേ. അതുകൊണ്ട് അല്പം വൈകിയെങ്കിലും ഇനി ഈ തുപ്പുന്ന ശീലം ഉപേക്ഷിക്കണം. ഇത് അടിസ്ഥാന ശുചിത്വത്തിന്റെ നിലവാരമുയര്‍ത്തും, കൊറോണ പകരുന്നത് തടയുന്നതിനും സഹായകമായിരിക്കും.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് ഞാന്‍ നിങ്ങളോട് മന് കീ ബാത് പറയുമ്പോള്‍ അക്ഷയ തൃതിയയുടെ പുണ്യ അവസരം കൂടിയാണ് എന്നത് തികച്ചും യാദൃച്ഛികമാണ്. സുഹൃത്തുക്കളേ, ക്ഷയം എന്നതിന്റെ അര്‍ഥം വിനാശം എന്നാണ്, എന്നാല്‍ ഒരിക്കലും നഷ്ടമാകാത്തത്, ഒരിക്കലും അവസാനിക്കാത്തത് അക്ഷയ ആകുന്നു. നമ്മുടെ വീടുകളില്‍ ഈ പുണ്യദിനം നാം എല്ലാ വര്‍ഷവും ആചരിക്കുന്നുവെങ്കിലും ഈ വര്‍ഷം ഇതിന് വിശേഷാല്‍ പ്രാധാന്യമുണ്ട്. ഇന്നത്തെ ഈ വിഷമം പിടിച്ച പരിതഃസ്ഥിതിയില്‍ നമ്മുടെ ആത്മാവും സങ്കല്പങ്ങളും അക്ഷയമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്. എത്രതന്ന കഷ്ടപ്പാടുകള്‍ വഴി തടഞ്ഞാലും, എത്രതന്നെ ആപത്തുകള്‍ വന്നാലും, എത്രയെല്ലാം രോഗങ്ങളെ നേരിടേണ്ടി വന്നാലും അതിനെ നേരിടാനും അതിലൂടെ കടന്നുപോകാനുമുള്ള മാനവീയമായ സങ്കല്പങ്ങള് അക്ഷയമാണ് എന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന് കൃഷ്ണന്റെയും ഭഗവാന് സൂര്യദേവന്റെയും ആശീര്‍വ്വാദത്തോടെ പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച ദിനമാണ് ഇതെന്നു കരുതപ്പെടുന്നു. അക്ഷയപാത്രം എന്നാല്‍ ഭക്ഷണം ഒരിക്കലും തീരാത്ത പാത്രം. നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ എല്ലാ പരിതഃസ്ഥിതികളിലും രാജ്യത്തിനുവേണ്ടി, നമുക്കെല്ലാം വേണ്ടി ഇതേ വികാരത്തോടെയാണ് അധ്വാനിക്കുന്നത്. അവരുടെ അധ്വാനം കൊണ്ട്, ഇന്ന് നമുക്കെല്ലാം, ദരിദ്രര്‍ക്കെല്ലാം വേണ്ട അക്ഷയമായ അന്നഭണ്ഡാരമുണ്ട്. ഈ അക്ഷയ തൃതീയയില്‍ നമുക്ക് നമ്മുടെ പരിസ്ഥിതി, കാട്, നദി, മുഴുവന്‍ പ്രകൃതിയെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇവ നമ്മുടെ ജീവിതത്തില്‍ മഹത്തായ പങ്കാണു വഹിക്കുന്നത്. നാം അക്ഷയരായിയിരിക്കാനാഗ്രഹിക്കുന്നെങ്കില് നമ്മുടെ ഭൂമി അക്ഷയമാണെന്ന് നാം ഉറപ്പാക്കേണ്ടിയിരിക്കുന്നു.
അക്ഷയതൃതീയയുടെ ഈ പുണ്യദിനം ദാനത്തിന്റെ ശക്തി, അതായത് പവര്‍ ഓഫ് ഗിവിംഗ് ന്റെയും കൂടി അവസരമാണ്. നാം മനസ്സറിഞ്ഞ് എന്തു നല്കിയാലും അതു മഹത്തായതാണ്. നാം എന്തു നല്കുന്നു എത്ര നല്കുന്നു എന്നതല്ല പ്രധാനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ചെറിയ ശ്രമം പോലും നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം ആളുകള്‍ക്ക് വലിയ സഹായമായിരിക്കും. സുഹൃത്തുക്കളേ, ജൈന പാരമ്പര്യമനുസരിച്ചും ഇത് വളരെ പവിത്രമായ ദിനമാണ്. കാരണം ആദ്യ തീര്ഥങ്കരന് ഭഗവാന് ഋഷഭദേവ് ന്റെ ജീവിതത്തില്‍ ഇത് വളരെ പ്രാധാന്യമുള്ള ദിനമാകണക്കാക്കിയിരുന്നു. അതുകൊണ്ട് ജൈനസമൂഹം ഇത് പുണ്യദിനമായി ആചരിക്കുന്നു. അതിനാല്‍ ഈ ദിനത്തില്‍ ആളുകള്‍ എന്തുകൊണ്ട് ശുഭകാര്യങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുക എളുപ്പമാണ്. ഇന്ന് പുതിയതായി എന്തെങ്കിലും തുടങ്ങാനുള്ള ദിനമായതുകൊണ്ട് നമുക്കേവര്‍ക്കും ഒരുമിച്ച്, നമ്മുടെ ശ്രമങ്ങളിലൂടെ നമ്മുടെ ഭൂമിയെ അക്ഷയവും അവിനാശിയുമാക്കാന് ദൃഢനിശ്ചയമെടുത്തുകൂടേ? സുഹൃത്തുക്കളേ, ഇന്ന് ഭഗവാന് ബസവേശ്വരന്റെയും ജന്മദിനമാണ്. എനിക്ക് ഭഗവാന് ബസവേശ്വരന്റെ ഓര്‍മ്മകളുമായും അദ്ദേഹത്തിന്റെ സന്ദേശങ്ങളുമായും പല പ്രവാശ്യം ബന്ധപ്പെടാനും പഠിക്കാനും അവസരം ലഭിച്ചുവെന്നത് എന്റെ സൗഭാഗ്യമെന്നു കരുതുന്നു. രാജ്യത്തും ലോകത്തുമുള്ള ഭഗവാന് ബസവേശ്വരന്റെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ ജയന്തിയുടെ ഈ അവസരത്തില്‍ ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ റംസാന്റെ പവിത്രമാസത്തിനും തുടക്കമാവുകയാണ്. കഴിഞ്ഞ പ്രാവശ്യം റംസാന് ആഘോഷിച്ചപ്പോള്‍ ഇപ്രാവശ്യം റംസാന്റെ അവസരത്തില്‍ ഇത്രയും കഷ്ടപ്പാടുകള്‍ ഉണ്ടാകുമെന്ന് ആരും ചിന്തിക്കപോലുമുണ്ടായില്ല. എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ഈ കഷ്ടപ്പാടിനെ നേരിടുമ്പോള്‍ റംസാനെ സംയമനത്തിന്റെയും സന്മനോഭാവത്തിന്റെയും സമര്‍പ്പണത്തിന്റെയും സേവനമനോഭാവത്തിന്റെയും പ്രതികമാക്കാനുള്ള അവസരമാക്കാം. ഇപ്രാവശ്യം ഈദ് വരുന്നതിനു മുമ്പ് നമുക്ക് കൊറോണയില്‍ നിന്ന് മുക്തമാകാന്‍, നമുക്ക് പഴയതുപോലെ ആവേശത്തോടും ഉത്സാഹത്തോടും ഈദ് ആഘോഷിക്കാന്‍ നമുക്ക് പൂര്‍വ്വാധികം ഭംഗിയായി പ്രാര്‍ഥന നടത്താം. റംസാന്റെ ഈ ദിനങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കൊറോണയ്ക്കെതിരെ നടക്കുന്ന ഈ പോരാട്ടം നാം കൂടുതല്‍ ശക്തമാക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.
വഴിയിലും വിപണികളിലും തെരുവുകളിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ നിയമങ്ങള്‍ പാലിക്കേണ്ടത് ഇപ്പോള്‍ വളരെ അത്യാവശ്യമാണ്. രണ്ടു ചുവട് അകലം പാലിക്കുന്ന കാര്യത്തിലും വീടിനു പുറത്തിറങ്ങാതിരിക്കുന്ന കാര്യത്തിലും ആളുകളെ ജാഗരൂകരാക്കുന്ന എല്ലാ സാമൂഹിക നേതാക്കളോടും കൃതജ്ഞത വ്യക്തമാക്കുന്നു. തീര്‍ച്ചയായും കൊറോണ ഇപ്രാവശ്യം ഭാരതമടക്കം ലോകമെങ്ങും ഉത്സവങ്ങള്‍ ആഘോഷിക്കുന്ന രീതിക്കുതന്നെ മാറ്റമുണ്ടാക്കിയിരിക്കുന്നു. നിറവും ഭാവവും മാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസം നമ്മുടെ രാജ്യത്ത് ബിഹു, ബൈസാഖി, പുഥംഡൂ, വിഷു, ഒഡിയാ പുതുവര്‍ഷം പോലെ അനേകം ഉത്സവങ്ങള്‍ കടന്നുപോയി. ഈ ഉത്സവങ്ങള്‍ വീടുകളിലിരുന്നുകൊണ്ട്, വളരെ ലളിതമായ രീതിയില്‍ സമൂഹത്തോടുള്ള ശുഭചിന്തയോടെ എങ്ങനെ ആഘോഷിച്ചു എന്നു നാം കണ്ടു. പൊതുവേ, എല്ലാവരും ഈ ഉത്സവങ്ങള്‍ തങ്ങളുടെ കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം തികഞ്ഞ ആവേശത്തോടും ഉത്സാഹത്തോടും ആഘോഷിക്കയായിരുന്നു പതിവ്. വീടിനു പുറത്തിറങ്ങി തങ്ങളുടെ സന്തോഷം പങ്കു വച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം, എല്ലാവരും സംയമനം പാലിച്ചു. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചു.
ഇപ്രാവശ്യം നമ്മുടെ കൃസ്ത്യന്‍ സഹോദരങ്ങള്‍ ഈസ്റ്ററും വീട്ടിലിരുന്നാണ് ആഘോഷിച്ചതെന്നു നാം കണ്ടു. നമ്മുടെ സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വം നിറവേറ്റേണ്ടത് ഇന്നത്തെ വലിയ ആവശ്യമാണ്. അപ്പോഴേ നാം കൊറോണ വ്യാപിക്കുന്നത് തടയുന്നതില്‍ വിജയിക്കൂ. അപ്പോഴേ നമുക്ക് കൊറോണ പോലുള്ള ആഗോള മഹാമാരിയെ പരാജയപ്പെടുത്താനാകൂ.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ആഗോള മഹാമാരിയുടെ വിപത്തിന്റെ സമയത്ത് നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍, നിങ്ങളും എന്റെ കുടുംബാംഗമെന്ന നിലയില്‍ ചില സൂചനകളും ഉപദേശങ്ങളും തരുകയെന്നത് എന്റെ ഉത്തരവാദിത്വമാണ്. എന്റെ രാജ്യത്തെ ജനങ്ങളോട്, ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നത് നാം അമിതമായ ആത്മവിശ്വാസത്തില്‍ പെട്ടുപോകരുതേ, നമ്മുടെ നഗരത്തില്‍, നമ്മുടെ ഗ്രാമത്തില്‍, നമ്മുടെ തെരുവില്‍, നമ്മുടെ ഓഫീസില്‍ ഇതുവരെ കൊറോണ എത്തിയില്ല, അതുകൊണ്ട് ഇനി വരില്ല എന്ന വിചാരം വച്ചു പുലര്‍ത്തരുതേ. നോക്കൂ, അങ്ങനെയൊരു തെറ്റുണ്ടാകരുത്. ലോകത്തിന്റെ അനുഭവം നമ്മോടു വളരെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. സാധാരണ പറയാറുള്ളതല്ലേ, ശ്രദ്ധപോയാല്‍ അപകടം പിണഞ്ഞു എന്ന്. ഓര്‍ത്തോളൂ നമ്മുടെ പൂര്‍വ്വികര്‍ ഈ വിഷയങ്ങളിലെല്ലാം നല്ല ഉപദേശം നല്‍കിയിട്ടുണ്ട്.
അഗ്നിഃ ശേഷം ഋണഃ ശേഷം
വ്യാധിഃ ശേഷം തഥൈവച
പുനഃ പുനഃ പ്രവര്ധത,
തസ്മാത് ശേഷം ന കാരയേത്.
അതായത് ചെറുതെന്നു കരുതി അവഗണിച്ച അഗ്നി, വായ്പ, രോഗം എന്നിവ അവസരം കിട്ടിയാല്‍ രണ്ടാമതു വന്ന് വളരെ ഭീകരമായി മാറുന്നു. അതുകൊണ്ട് ഇത് പൂര്‍ണ്ണമായും ഭേദമാകേണ്ടതുണ്ട്. അതുകൊണ്ട് അത്യൂത്സാഹം കാരണം, പ്രാദേശിക തലത്തില്‍ എവിടെയും ഒരു അശ്രദ്ധയും ഉണ്ടാകാന്‍ പാടില്ല. ഇത് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി പറയുന്നു, രണ്ടുമാറ് അകന്നു നില്ക്കൂ, സ്വന്തം ആരോഗ്യം കാക്കൂ. രണ്ടുമാറകലം വളരെയാണത്യാവശ്യം.
നിങ്ങള്‍ക്കേവര്‍ക്കും നല്ല ആരോഗ്യമുണ്ടായിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ, ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു. അടുത്ത മന് കീ ബാത് ന് വീണ്ടും കാണുമ്പോള്‍ ഈ ആഗോള മഹാമാരിയില്‍ നിന്ന് മോചനത്തിന്റെ വാര്‍ത്തകള്‍ ലോകമെങ്ങും നിന്നു വരട്ടെ, മനുഷ്യകുലം ഈ കഷ്ടപ്പാടില്‍ നിന്ന് പുറത്തു വരട്ടെ എന്ന പ്രാര്‍ഥനയോടെ…. നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: