വടകര: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ വീട്ടുമുറ്റത്തൊരുക്കി മനസ്സില്‍ വിരിഞ്ഞ മോഹം പൂവണിയിച്ചിരിക്കുകയാണ് കണ്ണൂക്കര ചാത്തോത്ത് ശ്രീധരന്‍ ദാമോദരന്‍ എന്ന ബാലചന്ദ്രന്‍.
അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് ഗുരുവായൂരില്‍ പോയപ്പോള്‍ തലയെടുപ്പുള്ള ഗുരുവായൂര്‍ കേശവനെ കാണാന്‍ ഇടയായി. കേശവന്റെ രൂപം അന്ന് മനസ്സില്‍ കുറിച്ചിട്ടു ആനപ്രേമിയായ ഈ എഞ്ചിനീയര്‍. തലശ്ശേരി എന്‍ടിടിഎഫില്‍ ടൂള്‍ ആന്റ് ഡൈയില്‍ ഡിപ്ലോമ എടുത്ത ഇദ്ദേഹം ചെന്നൈയില്‍ ആറും എഞ്ചിനിയറിംഗ് എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍. അനുജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചു പോകാനായില്ല. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് മനസ്സില്‍ വിരിഞ്ഞ മോഹം ശില്പമാക്കി മാറ്റാന്‍ സമയം കണ്ടെത്തിയത്.
ഗുരുവായൂര്‍ കേശവന്റ അതേവലിപ്പത്തിലുള്ള ശില്പമാണ് വീട്ടുമുറ്റത്ത് ഒരുക്കിയത്. ഇതുവരെ മറ്റൊരു ശില്പവും ഉണ്ടാക്കാത്ത ശ്രീധരന്‍ ശില്പം നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തിയും ഒറ്റയ്‌ക്കാണ് ചെയ്തത്. പെയിന്റ് കട തുറക്കാത്തതിനാല്‍ ഇതിന് നിറം കൊടുക്കേണ്ട ഒരു പ്രവര്‍ത്തി മാത്രം ബാക്കിയുണ്ട്.
ഗുരുവായൂര്‍ കേശവന്റെ അതേ ഉയരത്തില്‍ 11.4 അടിയിലാണ് ആനയുടെ പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. സിമിന്റും കമ്പിയും പൂഴിയും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ചെവികള്‍ നിര്‍മ്മിക്കാന്‍ സിമന്റും ചാക്കുമാണ് ഉപയോഗിച്ചത്. വയര്‍ രൂപപ്പെടുത്താന്‍ കമ്പി വെല്‍ഡ് ചെയ്യാന്‍ മാത്രമേ പരസഹായം തേടിയിട്ടുള്ളൂ. പ്രതിമ നിര്‍മ്മിക്കാന്‍ ചിലവായത് 42000 രൂപയാണ്. പെയിന്റ് ലഭിച്ചാല്‍ അതും പൂര്‍ത്തികരിക്കും. കുട്ടിക്കാലത്ത് മനസ്സില്‍ കോറിയിട്ട ചിത്രം ശില്പമാക്കിയ സന്തോഷത്തിലാണ് ശ്രീധരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: