ആള്‍ക്കൂട്ട ആക്രമണത്തിന്റെ സംസ്കാരരാഹിത്യവും ക്രൂരതകളും സാമൂഹ്യ ശാസ്ത്രജ്ഞന്മാര്ക്കിടയില് ഇന്ന് വലിയൊരു പഠന വിഷയമാണ്. ഒറ്റക്കൊറ്റക്ക് ദുര്‍ബലരായി കാണപ്പെടുന്നവര്‍ സംഘം ചേര്‍ന്ന് കഴിയുമ്പോള്‍ അങ്ങേയറ്റം മനുഷ്യത്വരഹിതരായിത്തീരുന്നതെങ്ങനെയെന്ന അന്വേഷണമാണത്. ആള്‍ക്കൂട്ടങ്ങള്‍ സായുധ സംഘങ്ങളായി നിയമം കയ്യിലെടുക്കുന്നു. ഇരയാക്കപ്പെടുന്ന ഒന്നോ ഒന്നിലധികമോ നിസഹായരുടെ ജീവനെടുക്കുന്നതിലാകും പലപ്പോഴും അതവസാനിക്കുക. നിയമവും നീതിയും തങ്ങള്‍ തീരുമാനിക്കുന്നതു തന്നെയെന്ന അങ്ങേയറ്റം അപകടകരമായ ബോധമാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്.
നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം ആര്‍ജ്ജിച്ചെടുത്ത സാമൂഹ്യവികാസത്തെ അപരിഷ്കൃതമായ ശിലായുഗ ഗോത്രജീവിതത്തിലേക്ക് നയിക്കുകയാണ് ഇത്തരം ആള്ക്കൂട്ടബോധങ്ങള്. രാക്ഷസീയമായ ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ അവസാനത്തേതാണ് ഇക്കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ സംഭവിച്ചത്.
നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും അവഗണിച്ച് ഒരു പ്രദേശത്ത് രാഷ്ട്രീയ മാഫിയവാഴ്ച നടത്തുന്ന സംഘമാണ് പാല്‍ഗഡില്‍ സംന്യാസിമാരുടെ അരും കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. മാര്‍ക്സിയന്‍ ഫാസിസത്തിന്റെ അങ്ങേയറ്റം മനുഷ്യത്വരഹിതമായ മുഖമാണ് പാല്‍ഗഡില്‍ രാജ്യം കണ്ടത്. ഇരകളായി കിട്ടിയത് കാവിയുടുത്ത സംന്യാസിമാരായതോടെ ആ ഫാസിസത്തിന്റെ ക്രൗര്യം പതിന്മടങ്ങാവുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് കേരളത്തിലെ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇപ്പോള്‍ പാല്‍ഗഡിലെ സംന്യാസിമാരുടെ ജീവനെടുത്തതും സമാനമായ ആള്‍ക്കൂട്ട ക്രൗര്യമാണ്. ഇതിനിടയില്‍ മറ്റ് പലയിടത്തും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കൈകള്‍ പിന്നിലേക്ക് പിടിച്ചുകെട്ടിയ നിലയില്‍ നിസഹായനായി മര്‍ദ്ദനമേറ്റുവാങ്ങി നില്ക്കുന്ന മധുവിന്റെ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ സുലഭമാണ്. കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പും മധുവിന്റെ കണ്ണുകളില്‍ നിഷ്കളങ്കമായ പ്രത്യാശയുണ്ട്. കൊല്ലാനടുക്കുന്ന അക്രമികള്‍ക്ക് നേരെ നോക്കുന്ന പാ
ല്ഗഡിലെ എഴുപത്തിരണ്ടുവയസ്സുള്ള സംന്യാസി ശ്രേഷ്ഠന്റെ മുഖത്തും ആ പ്രതീക്ഷയുണ്ട്. ഇല്ല, ഇവര്‍ ജീവനെടുക്കില്ല എന്ന അവസാനനിമിഷത്തിലും കൈവിടാത്ത പ്രതീക്ഷ. മാനസികനിലതെറ്റിയ യുവാവിനും സംന്യാസിക്കും അതില്‍ വ്യത്യാസമില്ല. മനുഷ്യത്വത്തിലുള്ള വിശ്വാസമാണത്. അടിച്ചും കുത്തിയും കല്ലെറിഞ്ഞും ആ ആള്‍ക്കൂട്ടം കൊന്നുകളഞ്ഞത് ആ മനുഷ്യത്വത്തെയാണ്.
മനസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത കൊടും ക്രൂരതയാണ് ഈ സംഭവങ്ങളിലെല്ലാം അരങ്ങേറുന്നത്. പക്ഷേ ഇരകളാക്കപ്പെടുന്നവന്റെ ജീവനും കണ്ണീരിനും വിലയിടുന്നതിലെ ഇരട്ടത്താപ്പാണ് പാല്‍ഗഡ് സംഭവത്തെ വ്യത്യസ്തമാക്കുന്നത്. കൊല്ലപ്പെട്ടവന്റെ ജാതിയും മതവും രാഷ്ട്രീയവും മാത്രം നോക്കി പ്രതികരിക്കാനൊരുങ്ങുന്നവര് നിസാരവത്കരിക്കുന്നത് ഈ മാനവികതയെത്തന്നെയാണ്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഉയരേണ്ടത് സമൂഹത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം ക്രൂരതകള്‍ പോലും രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ മൂടിവെക്കപ്പെടുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സാമൂഹ്യബോധ നിര്‍മ്മാണത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്നവരെന്ന് കരുതുന്ന ബുദ്ധിജീവികള്‍ക്കും സാംസ്കാരികപ്രവര്‍ത്തകര്‍ക്കും ഈ തമസ്കരണത്തില്‍ വലിയ പങ്കുണ്ട്.
പാല്‍ഗഡില്‍ രണ്ട് സംസന്യാസിമാരും അവരുടെ ഡ്രൈവറും അതിക്രൂരമായ നിലയില്‍ ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട സംഭവത്തോട് നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ ഒരുതരത്തിലും നീതി പുലര്‍ത്തിയില്ല. ഒരു ജനാധിപത്യസമൂഹത്തിന്റെ നെടുംതൂണായി സ്വയം കരുതുന്ന മാധ്യമങ്ങള്‍ പുലര്‍ത്തിയ കടുത്ത നിശബ്ദത അവരുടെ മാനവികപ്രത്യയശാസ്ത്രഗീര്വാണങ്ങളെ സ്വയം റദ്ദുചെയ്യുകയാണ്.
കാവിയുടുത്ത സംന്യാസിമാരായതാണ് സാമാന്യനീതി ലഭിക്കുന്നതില്‍ നിന്നും മരണാനന്തരവും ഇരകളെ തടയുന്നതെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള അപചയം അങ്ങേയറ്റം അപകടകരമാണ്. ഏകപക്ഷീയവും കുടിലവുമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് ആ മാധ്യമങ്ങള്‍ കീഴ്പ്പെട്ടിരിക്കുന്നുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെപ്പോലും അപകടപ്പെടുത്തുന്നതാണ്. ഹിന്ദു സംന്യാസിമാര്‍ ആള്‍ക്കൂട്ട ആക്രമണത്തിനും കൊലക്കും ഇരകളാക്കപ്പെടുകയും മാര്‍ക്സിയന്‍ അക്രമികള്‍ പ്രതിസ്ഥാനത്താവുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏകപക്ഷീയ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ തെല്ലൊന്നുമല്ല അലട്ടുന്നത്. ഇത്തരമൊരു സംഭവം വലിയവാര്‍ത്താപ്രാധാന്യം നേടുന്നത് ഇതുവരെ തങ്ങള്‍ സൃഷ്ടിച്ചെടുത്ത ഏകപക്ഷീയ ആക്രമണമെന്ന വലിയനുണയെ ദേശീയവും അന്തര്‍ ദേശീയവുമായ തലങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അവര്‍ക്ക് വ്യക്തമായറിയാം. സത്യാനന്തര കാലത്തെ വ്യാജവാര്‍ത്തകളുടെ നിര്‍മ്മാതാക്കളായ മാധ്യമ സംഘത്തെ പാല്‍ഗഡ് സംഭവം നിശബ്ദരാക്കുന്നതിന് പിന്നിലെ രാഷ്്ട്രീയമിതാണ്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായ ബഹുജനാഭിപ്രായവും പൊതുബോധവും ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരമൊരു പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് എഴുത്തുകാരിലും സാംസ്കാരിക പ്രവര്‍ത്തകരിലും മാധ്യമ പ്രവര്‍ത്തകരിലുമാണ്.
സമൂഹത്തിന്റെ മനസിനെ പരുവപ്പെടുത്തിയെടുക്കുക എന്ന ശ്രേഷഠമായ ദൗത്യമാണ് സാംസ്കാരിക നായകരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മാനിഷാദ എന്ന് ഉറക്കെ പറയാനുള്ള കഴിവാണ് ഒരാളെ എഴുത്തുകാരനും സാംസ്കാരിക നായകനുമാക്കുന്നത്.
സംസ്കാരത്തെ നിര്‍മ്മിക്കുക എന്നതിനര്‍ത്ഥം സമൂഹത്തിന്റെ മനസിനെ സൃഷ്ടിക്കുക എന്നതാണ്. സമൂഹമനസാക്ഷി എന്ന സാംസ്കാരിക നിര്‍മ്മിതി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് അവര്‍ സാംസ്കാരിക നായകരാവുന്നത്. അങ്ങേയറ്റം ക്രൂരവും ലജ്ജാകരവുമായ ഇത്തരമൊരു സംഭവത്തില്‍ പോലും മൗനം തുടരുന്നവര്‍ ആ പേരിനര്‍ഹരല്ല.
മുന്‍പ് ചിലയിടങ്ങളിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളെ സാംസ്കാരിക നായകരെന്ന മറപിടിച്ച് മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിനുള്ള ആയുധമാക്കിയവരാണ് ഇന്ന് മൗനമവലംബിക്കുന്നവരിലേറെയും എന്നതാണ് കൗതുകകരം. മരണത്തെപ്പോലും മതത്തിന്റെയും രാഷ്്ട്രീയത്തിന്റെയും കണ്ണുകളിലൂടെ, ലാഭ-നഷ്ടക്കണക്കെടുപ്പിലൂടെ മാത്രം കാണാന്‍ ശീലിച്ചവരെ ഇനിയും സാംസ്കാരിക നായകരെന്ന് വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. രാജ്യത്ത് അടുത്തകാലത്തുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളുടേയും, ഓരോ സംഭവത്തോടും ഇവര്‍ക്കുള്ള പ്രതികരണത്തിന്റേയും സ്വഭാവം പഠിച്ചാലറിയാം ഈ പൊയ്മുഖങ്ങളുടെ പൊള്ളത്തരം.
പാല്ഗഡ്സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിക്കുന്ന ചിലര്‍ ഉന്നയിക്കുന്ന വിചിത്ര ന്യായവാദങ്ങളിലൊന്ന് ഇത് വര്‍ഗീയമായ കൊലപാതകങ്ങളല്ല എന്നതാണ്. വര്‍ഗീയതയുടെ പേരിലല്ലാതെ നടക്കുന്ന ക്രൂരതകളും കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതല്ലെന്ന് എന്തടിസ്ഥാനത്തിലാണ് വിധിക്കുന്നത്.
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചും ട്രെയിനില്‍ സീറ്റുതര്ക്കത്തെച്ചൊല്ലിയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവങ്ങളെ അങ്ങേയറ്റം ജുഗുപ്സാവഹമായ രീതിയില്‍ വര്‍ഗീയമായി ചിത്രീകരിച്ചവരാണിവര്. അത് വര്‍ഗീയമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് അജണ്ടകളുണ്ടായിരുന്നു.
സംന്യാസിമാരുടെ കൊലപാതകം ഹിന്ദുവിന് നേരെയുള്ള ആക്രമണമാണെന്ന് വരരുതെന്നും ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമുണ്ട്. പാല്‍ഗഡ് സംഭവം വര്‍ഗീയ ആക്രമണമല്ല എന്ന് പറയുമ്പോഴും ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയത് സംന്യാസിമാരുടെ കാവിവസ്ത്രത്തോടുള്ള (അത് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തോടും ഭാരത സംസ്കാരത്തോടുമുള്ള) തീരാത്ത പകയാണെന്ന് ആര്‍ക്കാണറിയാത്തത്.
കൊലയാളികള്‍ മാര്‍ക്സിസ്റ്റ് ആശയമുള്ക്കൊള്ളുന്നവരാണ് എന്നതാണ് പ്രതികരിക്കാന്‍ നിങ്ങളെ വിമുഖരാക്കുന്നതെങ്കില് സംഗതി വ്യക്തമാണ്. നിങ്ങള്‍ വേട്ടക്കാരുടെ പക്ഷത്താണ്. ഇക്കാലമത്രയും നിങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അര്‍ത്ഥശൂന്യമായ കലമ്പലുകള്‍ മാത്രമായിരുന്നു എന്ന് വ്യക്തമാവുകയാണ്. മാനവികതയുടേയും സംസ്കാരത്തിന്റെയും ചൈതന്യമില്ലാത്ത അര്‍ത്ഥശൂന്യമായ വെറും ആള്‍ക്കൂട്ട കോലാഹലങ്ങള്‍ മാത്രം.
ഇപ്പോഴത്തെ അര്‍ത്ഥഗര്‍ഭമായ മൗനം കൊണ്ട് നിങ്ങള്‍ സ്വയം അടയാളപ്പെടുത്തുകയാണ്, നിങ്ങളുടെ ആ കോലഹാലങ്ങള്‍ പാല്‍ഗഡിലെ അക്രമികളായ ആള്‍ക്കൂട്ടത്തിന്റെ കൊലവിളികളില്‍ നിന്ന് ഒട്ടുംവ്യത്യസ്തമല്ല എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: