Categories: Varadyam

മുടിയേറ്റിലെ സ്ത്രീപ്പെരുമ

മുടിയേറ്റിലെ മുടിചൂടാ മന്നനായ പാഴൂര്‍ ദാമോദരമാരാരുടെ മരുമകള്‍ ബിന്ദു പാഴൂര്‍ ഇന്ന് ജീവിതംതന്നെ മുടിയേറ്റിനായി മാറ്റിവച്ചിരിക്കുകയാണ്. അത് തനിക്ക് കൈവന്ന ഒരു നിയോഗമായാണ് കരുതുന്നത്. സ്ത്രീകള്‍ മുടിയേറ്റ് ചെയ്യാറില്ല എന്നതാണ് ബിന്ദു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പല ഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിട്ടും തോറ്റുകൊടുക്കാതെ ഭദ്രകാളിയോട് മനമുരുകി പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങി

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദേവീക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ഭദ്രകാളീ പ്രീതിക്കായുളള അനുഷ്ഠാന കലയാണ് മുടിയേറ്റ്. ‘മുടിയെടുപ്പ്’ എന്നും ഇതിനെ പറയാറുണ്ട്. കാളിയുടെ ഭീകരമുഖം, ജഡാഭാരം എന്നിവ മരംകൊണ്ടോ ലോഹംകൊണ്ടോ ഉണ്ടാക്കിയെടുക്കുന്ന ‘മുടി.’ ആ തിരുമുടി തലയിലണിഞ്ഞ് കാളി ആടുന്നതാണ് മുടിയേറ്റ് എന്ന അനുഷ്ഠാന കലാരൂപം. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റിന്റെ പ്രമേയം. വൈവിധ്യമാര്‍ന്ന ചടങ്ങുകളുള്ള ഒരു അനുഷ്ഠാനമാണിത്.

പുരുഷാധിപത്യമുള്ള മുടിയേറ്റില്‍ ഒരു സ്ത്രീ കാളിവേഷം കെട്ടി ആടുന്നു എന്നത് അത്ഭുതകരമാണ്. മുടിയേറ്റിന്റെ ചരിത്രത്തില്‍ ഈ നൂറ്റാണ്ടില്‍ ഒരു സ്ത്രീ കാളിവേഷം കെട്ടി എന്നത് അധികമാര്‍ക്കും അംഗീകരിക്കുവാനാകില്ല. കാരണം അത്രയ്‌ക്ക് ഘനഗംഭീരമായി ചെയ്യേണ്ട ഒരു വേഷമാണ്  കാളീവേഷം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കാളിവേഷം കെട്ടേണ്ടി വന്ന ഒരു സ്ത്രീയെക്കുറിച്ച് അറിയുക.

മുടിയേറ്റിലെ മുടിചൂടാ മന്നനായ പാഴൂര്‍ ദാമോദരമാരാരുടെ മരുമകള്‍ ബിന്ദു പാഴൂര്‍ ഇന്ന് ജീവിതംതന്നെ മുടിയേറ്റിനായി മാറ്റിവച്ചിരിക്കുകയാണ്. അത് തനിക്ക് കൈവന്ന ഒരു നിയോഗമായാണ് കരുതുന്നത്. സ്ത്രീകള്‍ മുടിയേറ്റ് ചെയ്യാറില്ല എന്നതാണ് ബിന്ദു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പല ഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിട്ടും തോറ്റുകൊടുക്കാതെ  സങ്കടങ്ങളും കരച്ചിലും ഉള്ളിലെ ാതുക്കി ഉഗ്രമൂര്‍ത്തിയും ഇഷ്ടദേവതയുമായ  ഭദ്രകാളിയോട് മനമുരുകി പ്രാര്‍ത്ഥിച്ച് ദേവിയുടെ അനുഗ്രഹം വാങ്ങി തിരുമുടിയേന്തി അരങ്ങിലെത്തുകയായിരുന്നു.

പ്രശസ്തനായ മുടിയേറ്റ് കലാകാരനായിരുന്ന അന്തരിച്ച ഭര്‍തൃപിതാവ് പാഴൂര്‍ ദാമോദരമാരാര്‍ തനിക്ക് പകര്‍ന്നുതന്ന അറിവാണ് ബിന്ദുവിനെ മുടിയേറ്റിന്റെ അരങ്ങത്ത് എത്തിച്ചത്. അന്ന് അദ്ദേഹം പഠിപ്പിച്ചു തന്നതാണ് കൈമുതല്‍. ചുട്ടിയരി അരയ്‌ക്കുവാന്‍ മുതല്‍ കഥയും വേഷങ്ങളും അരങ്ങിലെ ഒരോ സമയങ്ങളിലും വരേണ്ട വേഷങ്ങളും പതിരുചുറ്റുന്നതു ഉള്‍പ്പെടെ എല്ലാം ഭംഗിയായി പറഞ്ഞുതന്നിരുന്നു. അന്നേ മനസ്സില്‍ തോന്നിയ അടങ്ങാത്ത ആഗ്രഹമായിരുന്നു കാളിവേഷം കെട്ടി അരങ്ങില്‍ എത്തുക എന്നത്. പാഴൂര്‍ ദാമോദരമാരാര്‍ മുടിയേറ്റ് കലാസമിതി ഏറ്റെടുക്കുമ്പോള്‍ മനസ്സുനിറയെ ഈ ആഗ്രഹമായിരുന്നു. ഭര്‍ത്താവും പാഴൂര്‍ ദാമോദരമാമാരുടെ മകനുമായ നാരായണ മാരാര്‍ ആറ് വര്‍ഷം മുമ്പ് മരിച്ചതോടെ ബിന്ദു പകച്ചു പോയിരുന്നു.

അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ ബിന്ദു എപ്പോഴും ചോദിക്കുമായിരുന്നു മുടിയേറ്റിലേക്ക് സ്ത്രീകള്‍ എന്തുകൊണ്ട് വരുന്നില്ലെന്ന്. സപ്ത മാതൃക്കള്‍ ഉള്‍പ്പെടുന്ന് സമ്പൂര്‍ണ മുടിയേറ്റില്‍ സ്ത്രീകള്‍ ദേവതമാരായി വരുന്നുണ്ടെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഏകദേശം 300 വര്‍ഷം മുന്‍പ് സ്ത്രീകള്‍ മുടിയേറ്റില്‍ വേഷം കെട്ടി ആടിയിരുന്നതായി ഫോക്‌ലോര്‍ അക്കാദമിയിലെ ചില രേഖകളില്‍ ഉണ്ടെന്നാണ് ബിന്ദുപറയുന്നത്. മനസ്സില്‍ ഒരാഗ്രഹം പൂവണിയുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.

നെടുമ്പാശ്ശേരി നായത്തോട് ഗോവിന്ദന്‍ മാരാരുടേയും ശാരദയുടേയും മകളായി മുടിയേറ്റ് പാരമ്പര്യം ഒന്നുമില്ലാതെ സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് അത് സാധ്യമാകുമോ എന്ന ആശങ്ക ആ ആഗ്രഹത്തിന് വിലങ്ങു തടിയായിരുന്നു.

ഭര്‍ത്താവ് പാഴൂര്‍ കണ്ണാട്ട് മാരാത്ത് നാരായണന്‍ മാരാര്‍ പൊടുന്നനെ മരണപ്പെട്ടതോടെ രണ്ടുകുട്ടികളെ പരിപാലിക്കുന്നതിന്റെയും മുടിയേറ്റ് സമിതിയുടേയും ചുമതല ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ബന്ധുകൂടിയായ കൊരട്ടി നാരായണക്കുറുപ്പിനെ വിളിച്ച് അഭിപ്രായവും അനുവാദവും ചോദിച്ചു. 2016 പാഴൂര്‍ ഹരിപുരം മനയുടെ കുടുംബ ക്ഷേത്രത്തില്‍ 150 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു മുടിയേറ്റ് അവതരിപ്പിച്ചപ്പോള്‍ അവിടെ കാളിവേഷത്തോടെയാണ് ബിന്ദു അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 12 ക്ഷേത്രങ്ങളില്‍ ഒരുവര്‍ഷം മുടിയേറ്റ് അവതരിപ്പിച്ചുപോന്നു. ഫോക്‌ലോര്‍ അക്കാദമിയുടെ കീഴില്‍ 180 ല്‍പ്പരം വേദികളില്‍ മുടിയേറ്റ് നടത്തിയിട്ടുണ്ട്. അതിലെല്ലാം കാളിവേഷം കെട്ടി ആടിയത് ബിന്ദുവായിരുന്നു. ഹരിപുരത്ത് അരങ്ങേറ്റത്തോടൊപ്പം മകള്‍ കൃഷ്ണപ്രിയ ദാരികവേഷത്തിലെത്തിയതും ചരിത്രമായി മാറി. ഒരു വേദിയില്‍ അമ്മയും മകളും കാളി-ദാരുക വേഷത്തില്‍ കെട്ടിയാടിയത് അദ്ഭുതപരവശരായാണ് ഭക്തജനങ്ങള്‍ കണ്ടുനിന്നത്.

ഇന്ന് പതിനേഴ് പേരടങ്ങുന്ന മുടിയേറ്റ് സമിതി ബിന്ദുവിനൊപ്പം മകള്‍ വിഷ്ണുവും മകള്‍ കൃഷ്ണപ്രിയയുമാണ് കൊണ്ടുനടക്കുന്നത്.  മുടിയേറ്റ് എന്ന കലാരൂപത്തിന്  ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്‌റേറ്റും ബിന്ദു എടുത്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാനിധിയുടെ പ്രവര്‍ത്തകുടിയാണ് ഡോ. ബിന്ദു. വിവിധ നാടന്‍ കലകളെക്കുറിച്ച് ഗവേഷണം നടത്താനും, ഇതുമായി ബന്ധപ്പെട്ട് ഒരു ലൈബ്രറി തുടങ്ങുവാനുമാണ് ബിന്ദുവിന്റെ ശ്രമം. മുടിയേറ്റിനെക്കുറിച്ചുള്ള ഒരു പുസ്തകവും തയ്യാറാക്കികൊണ്ടിരിക്കുകയാണ്.

ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒരു പാരമ്പര്യ ക്ഷേത്രകല അന്യംനിന്നു പോകുവാതിരിക്കുവാന്‍ വേണ്ടി മാത്രമല്ല, സ്വന്തം കുടുംബം പോറ്റുവാന്‍കൂടിയാണ് ബിന്ദു കാളിവേഷം കെട്ടി ആടിയത്. ഇന്ന് ഈ രംഗത്തേക്ക് വരുവാന്‍ നിരവധി സ്ത്രീകള്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍നിന്ന് ഒരു പറ്റം സ്ത്രീകള്‍ പഠിക്കുവാനായി പാഴൂര്‍ക്ക് വരാമെന്ന് പറഞ്ഞിരിക്കുകയാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ അതു സാധ്യമാകും. എല്ലാറ്റിനും പിന്തുണയുമായി മകന്‍ വിഷ്ണുവും മകള്‍ കൃഷ്ണപ്രിയയും അടുത്ത ബന്ധുക്കളുമുണ്ട്.

സുനീഷ് മണ്ണത്തൂര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക