അമരഭാരതത്തിന്റെ ആധ്യാത്മിക നഭസില്‍ ഉദിച്ച ധ്രുവനക്ഷത്രമാണ് ബസവേശ്വരന്. ശ്രീപരമേശ്വരന്റെ പുണ്യവാഹനമായ നന്ദികേശ്വരന്റെ നേരവതാരമായാണ് ഈ പുണ്യപുരുഷനെ വീരശൈവലിംഗായത്ത് സമൂഹം ആരാധിച്ചു പോരുന്നത്. ലോകമെമ്പാടുമുള്ള ഏഴുകോടിയിലധികം വീരശൈവലിംഗായത്തുകളുടെ ഹൃദയപീഠത്തില്‍ പരമാചാര്യനായി വിളങ്ങി നില്ക്കുന്ന മഹാത്മാവാണ് ബസവണ്ണ എന്നുകൂടി വിളിപ്പേരുള്ള ബസവേശ്വരന്. കര്‍ണാടകത്തിലെ ബീജാപ്പൂര്‍ ജില്ലയില്‍ വസിച്ചിരുന്ന ബ്രാഹ്മണ ദമ്പതികളായ മദരസ, മദാലംസികമാരുടെ പുത്രനായി ക്രിസ്ത്വബ്ദം 1131 ലാണ് ജനനം.
കൃഷ്ണ, മാലപ്രഭ എന്നീ നദികളുടെ സംഗമസ്ഥാനത്തിന് സമീപമുള്ള സംഗമഗ്രാമത്തിലെ ജാതവേദമുനിയുടെ ഗുരുകുലത്തില്‍ ഒരു വ്യാഴവട്ടക്കാലം വേദേതിഹാസങ്ങളും പുരാരോപനിഷത്തുക്കളും ഇതരശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചത് ബസവേശ്വരന്റെ ജീവതവീക്ഷണത്തിന് ഭാവാത്മകമായ അടിത്തറയൊരുക്കി. ഈശ്വരാനുഭവം സിദ്ധിക്കുന്നതില്‍ ജാതിക്ക് പങ്കില്ലെന്ന സനാതനദര്‍ശനത്തിന്റെ കരുത്തുറ്റ വക്താവും പ്രയോക്താവുമായി അദ്ദേഹം. ഭക്തിയും ജാതിയും തമ്മില്‍ ബന്ധവുമില്ലെന്ന ആര്‍ഷചിന്ത കാലാനുകൂലമായി വ്യാഖ്യാനിച്ച് അദ്ദേഹം നവയുഗവിധാതാവായതോടെ മാഞ്ഞുപോയത് ജാതിചിന്ത പെറ്റുകൂട്ടിയ കൊടുംതമസിന്റെ വിഷപ്പുകയായിരുന്നു.
അര്‍ത്ഥം ഗ്രഹിക്കാതെ മതചടങ്ങുകള്‍ അനുഷ്ഠിക്കുന്നത് വ്യര്‍ത്ഥമെന്ന ചിന്ത സമാജമനസിലേറ്റാന്‍ വിവിധ പദ്ധതികള്‍ ബസവേശ്വരന് ആസൂത്രണം ചെയ്തു നടപ്പാക്കി. ദൈവം ഒന്നാണെന്നും മനുഷ്യരായി പിറന്നവരെല്ലാം ഈശ്വരന്റെ മക്കളാണെന്നും ഉദ്ഘോഷിച്ച്, ബസവേശ്വരന് ജനമധ്യത്തിലേക്കിറങ്ങി. അതോടെ നൂറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ വേര്‍തിരിവിന്റെയും അസഹിഷ്ണുതയുടെയും കോട്ടകള്‍ നിലംപൊത്തി. മതകര്‍മ്മങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീപുരുഷ വേര്‍തിരിവിനെതിരെ ആധ്യാത്മികതയുടെ ആവനാഴിയില്‍ നിന്നെടുത്ത ചിന്തയുടെ അസ്ത്രങ്ങള്‍കൊണ്ട് പോരാടാനും ഈ കര്‍മ്മയോഗി രംഗത്തുവന്നു.
അനുഭവമണ്ഡപം എന്ന ആധ്യാത്മിക സംഘം ബസവേശ്വര സൃഷ്ടിയാണ്. മതകാര്യങ്ങളില്‍ തുല്യാവകാശമുണ്ടാവണമെന്നും മതത്തിന്റെ കാതലായി വര്‍ത്തിക്കേണ്ടത് കാരുണ്യമാണെന്നും സ്വാര്‍ത്ഥചിന്ത കൈയൊഴിയണമെന്നും അയിത്താദികളായ അനാചാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നും തത്ത്വരൂപത്തില്‍ ലോകത്തോട് വിളംബരം ചെയ്യാന്‍ ഈ അധ്യാത്മിക സംഘത്തിലൂടെ ബസവേശ്വരന് കഴിഞ്ഞു. ജഗദീശ്വരന് പലനാമങ്ങളില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പ്രപഞ്ചപ്പൊരുളായ സത്യം ഏകമാണെന്ന് അനുഭവമണ്ഡലത്തിലെ സഹചാരികളെ അദ്ദേഹം ഉപദേശിച്ചിരുന്നു.
ഫ്രഞ്ച് വിപ്ലവത്തിന് എത്രയോ നൂറ്റാണ്ടുകള്‍ മുമ്പ് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂന്ന് സുപ്രധാന സങ്കല്പങ്ങളെ അധികരിച്ച് ബസവേശ്വരന് സംസാരിച്ചുവെന്ന സത്യം പാഠപുസ്തകങ്ങളില്‍ രേഖപ്പെടുത്താന്‍ നാം തയാറാവണം. ഉന്നതകുലത്തില്‍ ജനിച്ചെങ്കിലും പട്ടുപാതകള്‍ വെടിഞ്ഞ് മുള് വഴിത്താരയിലൂടെ നടന്ന് ലോകനന്മയ്ക്ക് ജീവിതം സമര്‍പ്പിച്ച ഈ മഹാത്മാവിനെ അടുത്തറിയാന്‍ ഇനിയും വൈകിക്കൂടാ. ഭക്തിപ്രസ്ഥാനത്തിന്റെയും നവോത്ഥാനപാരമ്പര്യത്തിന്റെയും ശരിയായ മാര്‍ഗം ലോകത്തിന് കാട്ടിയ ബസവേശ്വരന് കര്‍മസുരഭിലമായ ജീവിതം സൃഷ്ടിച്ച ഭാവാത്മകമായ അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ദായാനന്ദസരസ്വതിയും വിവേകാനന്ദസ്വാമികളും മഹര്‍ഷി അരവിന്ദനും രാജാറാംമോഹന്‍ റോയിയുമൊക്കെ സമാജനന്മയ്ക്കായി യത്നിച്ചത്. ആത്മമോക്ഷത്തിനൊപ്പം സമാജമോക്ഷത്തിനായാണ് ബസവേശ്വരന് നിരന്തരം പരിശ്രമിച്ചുപോന്നത്.
തൊഴില്‍ ചെയ്യാതെ സമയം പാഴാക്കുന്നതിനെ നിശിതമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഭിക്ഷാടന സമ്പ്രദായത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. സ്ത്രീവിമോചനം എന്ന ആശയം സമാജഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ ബസവേശ്വര്വന്റെ പങ്ക് നിസ്സീമമാണ്. ‘സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ’- എന്ന മുദ്രാവാക്യം ഒമ്പത് നൂറ്റാണ്ട് മുമ്പേ മുന്നോട്ട് വച്ചത് ബസവേശ്വരനായിരുന്നു. ‘സ്ത്രീയുടെ മോചനം നമ്മുടെ പ്രഥമവാക്കും ലക്ഷ്യവുമാകട്ടെ’- എന്നുദ്ഘോഷിച്ചു. ലൈംഗികത്തൊഴിലിലേര്‍പ്പെട്ട സ്ത്രീകളെ പിന്തിരിപ്പിക്കാനും അധ്വാനിച്ചു ജീവിക്കാന്‍ അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും ബസവേശ്വരന് തയാറായത് സാമൂഹിക വിപ്ലവമായിരുന്നു. വിധവാവിവാഹത്തിന് പ്രോത്സാഹനം നല്‍കാനും അദ്ദേഹം മടിച്ചില്ല.
ബസവേശ്വരന്റെ സുകൃതജീവിതം ലോകത്തിന് കൂടുതല്‍ മംഗളം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആശുപത്രികളും മഠങ്ങളും ഇന്ന് ബസവേശ്വരചിന്തയേറ്റുവാങ്ങി സമാജസേവനം ചെയ്തുവരുന്നുണ്ട്. മംഗലവാടിയിലെ ബിജ്ജ്വലരാജാവിന്റെ ഖജാനയുടെ ചുമതലക്കാരനായും പിന്നീട് മുഖ്യസചിവനായും പ്രവര്‍ത്തിച്ചെങ്കിലും സ്ഥാനമാനങ്ങളോട് ഭ്രമം കാട്ടുന്ന പ്രകൃതക്കാരനായിരുന്നില്ല ബസേവേശ്വരന്‍. ക്രിസ്ത്വബ്ദം 1167ല്‍ തന്റെ 36-ാം വയസില്‍ ആ മഹാത്മാവ് ശിവലോകം പ്രാപിച്ചു, ‘മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ ന തു ധൂമായിതം ചിരം’- എന്ന മഹാഭാരതവചനം അന്വര്‍ത്ഥമാക്കിക്കൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: