ഇരിട്ടി: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ ഇരിട്ടി ഉള്‍പ്പെടെ മലയോരത്തെ നാലു പ്രധാന പാലങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിലായി. ഇരിട്ടി-വീരാജ് പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഇരിട്ടി, കൂട്ടുപ്പുഴപാലങ്ങളുടെ നിര്‍മാണവും, ആറളംഫാമില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വളയംചാല്‍ ,ഓടന്തോട് പാലങ്ങളുടെ നിര്‍മാണവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത് .
നാലു വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ഇരിട്ടി ,കൂട്ടുപുഴ പാലങ്ങളുടെ പുനര്‍ നിര്‍മാണം നീണ്ടുപോകുന്നത് അന്തര്‍സംസ്ഥാന പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പഴയ പാലത്തിന് സമാന്തരമായി 144 മീറ്റര്‍ നീളത്തില്‍ ഇരിട്ടി പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ 96 മീറ്റര്‍ ഉപരിതല വാര്‍പ്പ് മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായിരുന്നു.
പുഴയിലെ തൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കേണ്ട ഉപരിതല വാര്‍പ്പ് ആണ് ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയില്‍ ആയത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ പുഴയില്‍ കുത്തൊഴുക്ക് കൂടുന്നതോടെ പാലങ്ങളുടെ നിര്‍മാണം പൂര്‍ണ്ണമായും സ്തംഭിക്കും. ഉപരിതല വാര്‍പ്പിനായി പുഴയില്‍ മണ്ണിട്ട് ഉയര്‍ത്തി ഉണ്ടാക്കിയ സംവിധാനങ്ങളും ഇതോടൊപ്പം ഒഴുകിപ്പോകും. നേരത്തെ രണ്ട് തവണ പൈലിങ്ങ് തൂണ് ഉള്‍പ്പെടെ ഒഴുകി പോയിരുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ മുന്‍പ് ഉപരിതല വാര്‍പ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ലോക്ക് ഡൗണ്‍ ഉണ്ടായത് .ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞാല്‍ മഴക്ക് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാര്‍ കമ്പനി.
എന്നാല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് പ്രത്യേക അനുമതികള്‍ തേടി കരാര്‍ കമ്പനി ജില്ലാ ഭരണകൂടത്തിന്റെ അപേക്ഷ നല്‍കിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല .കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെതുടര്‍ന്ന് രണ്ടുവര്‍ഷമായി നിര്‍ത്തിവച്ച കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണവും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത് . പാലം നിര്‍മാണത്തിന് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അനുമതി അടുത്തകാലത്ത് ലഭിച്ചെങ്കിലും അടച്ചിടല്‍ കാരണം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
കാലവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ പുഴയില്‍ വെള്ളം നിറയുന്നത് ഇതിന്റെയും നിര്‍മാണത്തെ സ്തംഭിപ്പിക്കും. ഉടനടി നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറുമാസം കഴിഞ്ഞേ പ്രവര്‍ത്തി തുടങ്ങാനാവൂ. ഇപ്പോഴത്തെ കാലതാമസം അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതത്തെ പ്രതിസന്ധിയിലാക്കും. നബാഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ആറളം ഫാമില്‍ നിര്‍മ്മിക്കുന്ന വളയംചാല്‍ ,ഓടംതോട് പാലങ്ങളുടെ നിര്‍മാണവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ആറളംഫാമിനെയും, കേളകം പഞ്ചായത്തിലെയും ബന്ധിപ്പിക്കുന്ന വളയംചാല്‍ പാലത്തിന്റെ പുഴക്ക് കുറുകെ നിര്‍മ്മിക്കേണ്ട ഭാഗമാണ് അവശേഷിക്കുന്നത് . ഇതും പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ പൂര്‍ത്തിയാക്കാനാവില്ല.
ആറളം -കണിച്ചാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലവും സമാന പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പ്രത്യേക പരിഗണന നല്കി തൊഴിലാളികളുടെ എണ്ണം കുറച്ച് പരമാവധി യന്ത്രസാമഗ്രികള്‍ ഉപയോഗപ്പെടുത്തി ഇപ്പോള്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മഴയ്ക്ക് മുന്‍പ് ഈ പാലങ്ങളുടെയും അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇതിന് പ്രത്യേക അനുമതിയും ആവശ്യമാണ്. നിര്‍മ്മാണം വൈകുന്നതിന് മൂലം സാമ്പത്തിക നഷ്ടവും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: