ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാക്കി. സാദിന്റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സാദിന്റെ 11 അക്കൗണ്ടുകള്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഫണ്ടുകള്‍ ഉപയേഗിച്ച് കോടികള്‍ വിലമതിക്കുന്ന സ്വത്ത് വകകള്‍ സാദ് സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ ഫാംഹൗസില്‍ നടത്തിയ തെരച്ചിലില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായാണ് സൂചന. അതേസമയം മര്‍ക്കസിലെ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. സാദിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം ഇയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിച്ച് ദല്‍ഹി പോലീസ് രേഖാ സമാഹാരം തയ്യാറാക്കി. കേസുമായി ബന്ധപ്പെട്ട് സാദിന്റെ മക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദല്‍ഹി പോലീസ് രേഖാസമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
മൗലാനാ സാദിന്റെ മക്കളായ മുഹമ്മദ് യൂസഫ്, മുഹമ്മദ് സയീദ്, മുഹമ്മദ് ഇലിയാസ്, മരുമകന് ഒവൈസ് എന്നിവരാണ് മര്‍ക്കസിലെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ഇവരേയും ദല്‍ഹി പോലീസ് ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: