മുംബൈ : നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യ- പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് ഫണ്ടുണ്ടാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്ന് രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. കോവിഡ് പ്രതിരോധത്തിനായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്തണമെന്ന ഷൊയ്ബ് അകതറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നതല്ല പ്രധാനം. പണമാണ് മുഖ്യമെങ്കില്‍ അതിര്‍ത്തിയിലെ പാക്കിസ്ഥാന്റെ പരിപാടികള്‍ നിര്‍ത്തിവെക്കട്ടെ. എന്നിട്ട് ആ പണം കൊണ്ട് ആശുപത്രികളും സ്കൂളുകളും പണിയണമെന്നും കപില്‍ ദേവ് അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ രാജ്യത്തെ മത സ്ഥാപനങ്ങള്‍ സഹായവുമായി മുന്നോട്ടുവരണം. അത് അവരുടെ ഉത്തരവാദിത്തമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള് വളരെയധികം പണം സംഭാവന ചെയ്യാറുണ്ട്. ഈ സമയത്ത് മത സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും കപില്‍ ആവശ്യപ്പെട്ടു.
കൂടാതെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിയിട്ടിരിക്കുന്ന സ്കൂളുകളും കോളജുകളുമാണ് ആദ്യം തുറക്കേണ്ടതെന്നും കായിക മത്സരങ്ങളുടെ കാര്യം അതുകഴിഞ്ഞ് ആലോചിക്കാം. വൈറസ് വ്യാപനം നിമിത്തം പഠനം നിലച്ചുപോയ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് കൂടുതല്‍ ആശങ്ക കാട്ടേണ്ടത്. അധ്യയന ദിനങ്ങള്‍ നഷ്ടമായ കുട്ടികളുടെ കാര്യത്തില്‍ ആദ്യം ഒരു തീരുമാനമുണ്ടാകട്ടെ. അതുവരെ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ളവ കാത്തിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഈ വിഷയത്തെ കുറച്ചുകൂടി വലിയ കാന്‍വാസില്‍ കാണാനാണ് താന്‍ ശ്രമിക്കുന്നത്. ഈ രാജ്യത്ത് ക്രിക്കറ്റ് മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. കൊറോണ വൈറസ് വ്യാപനം നിമിത്തം സ്കൂളിലും കോളജിലും പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ചാണ് എന്റെ വേവലാതി. കാരണം അവരാണ് നമ്മുടെ ഭാവി. അതുകൊണ്ട് ആദ്യം സ്കൂളുകള്‍ തുറക്കട്ടെ. ക്രിക്കറ്റും ഫുട്ബോളുമൊക്കെ അതുകഴിഞ്ഞ് ആരംഭിക്കാമെന്നുമം കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: