തിരുവനന്തപുരം: സ്പ്രിങ്കഌര്‍ കരാറില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയിലെ അംഗം മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് അനുമതി നല്കിയ കിരണ്‍ (കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റസ്- ആരോഗ്യം നെറ്റ് വര്‍ക്ക്) സര്‍വേയും സംശയത്തിന്റെ നിഴലില്‍. 2016ല്‍ പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ആരംഭിച്ച സര്‍വേ നടത്താന്‍ പണം മുടക്കിയത് 2012 ല്‍ സിപിഎം എതിര്‍ത്ത കനേഡിയന്‍ കമ്പനി. 2012ലെ ആരോഗ്യ സര്‍വേയിലെ വിവരങ്ങള്‍ ചോരുന്നുവെന്ന് രാജീവ് സദാനന്ദനെതിരെ ആരോണം ഉന്നയിച്ച് സര്‍വേ നിര്‍ത്തിവയ്പ്പിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം ആയിരുന്നു എന്നതും ശ്രദ്ധേയം.
2012 ഡിസംബറിലാണ് കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ്ലൈന് സ്റ്റഡി (കെഎച്ച്ഒബിഎസ്) എന്ന ആരോഗ്യസര്‍വേക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി (പിഎച്ച്ആര്‍ഐ) ചേര്‍ന്നുള്ള ആ സര്‍വേക്ക് അനുമതി നല്‍കിയത് രാജീവ് സദാനന്ദന് ആയിരുന്നു. പ്രതിപക്ഷമായ സിപിഎംഅന്ന് ഡാറ്റ ചോര്‍ച്ച ചൂണ്ടിക്കാണിച്ചതോടെ സര്‍ക്കാര്‍ നടപടി നിര്‍ത്തിവച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന് അതേ കനേഡിയന്‍ കമ്പനിയുമായി ചേര്‍ന്ന് സര്‍വേക്ക് ഒരുങ്ങി. പഴയ പേര് മാറ്റി എപ്പിഡെമിയോളജിക്കല്‍ സര്‍വൈലന്‍സ് എന്നാക്കിയായിരുന്നു സര്‍വേ. വിവാദമായതോടെ അതും നിര്‍ത്തുകയായിരുന്നു.
തുടര്‍ന്നാണ് ആരോഗ്യവകുപ്പും ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ അച്യുതമേനോന്‍സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്ന് കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റസ്-ആരോഗ്യം നെറ്റ് വര്‍ക്ക് (കിരണ്‍) എന്ന പേരില്‍ പുതിയ സര്‍വേ ആരംഭിച്ചത്. പത്തു ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ അനുമതിയോടെ പത്തു വര്‍ഷത്തോളമെടുത്ത് ശേഖരിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ പദ്ധതി ആരംഭിച്ചതിന് പിന്നാലെ കനേഡിയന്‍ കമ്പനി ഡയറക്ടര്‍മാരാണ് കിരണ്‍ സര്‍വേക്കായി പണം മുടക്കുന്നതെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഇതു വിവാദമായതോടെ വൈബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കി.
എന്നാല്‍ കമ്പനിയുടെ സോഫ്റ്റ്വെയര് ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമാണെന്നും ജനങ്ങളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങിയാണ് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നുമാണ് രാജീവ് സദാനന്ദന് വ്യക്തമാക്കിയത്. കേരളത്തിലെ രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിക്കായി സംസ്ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായി നടത്തുന്ന സര്‍വേ എന്തിന് വേണ്ടിയായിരുന്നു, കരാര്‍ ആര്‍ക്കായിരുന്നു, ഡാറ്റകള്‍ ചേര്‍ന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് ഇന്നും വ്യക്തതതയില്ല.
മാത്രമല്ല സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് നിലനിര്‍ത്താന്‍ കൊണ്ടുവന്ന മെഡിക്കല്‍ ബില്ലടക്കമുള്ളവയിലും രാജീവ് സദാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് സ്പ്രിങ്കഌ കരാര്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതി അംഗമായി രാജീവ് സദാനന്ദനെ നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: