ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ കൊറോണ മരണങ്ങള് മറച്ചുപിടിച്ചെന്ന മമതാ ബാനര്‍ജിക്കെതിരായ ആരോപണങ്ങള്‍ ശരിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ബംഗാളിലെത്തിയ കേന്ദ്രമന്ത്രാലയ സമിതിക്ക് ലഭിച്ചു. മരണം സ്ഥിരീകരിക്കാന്‍ രൂപീകരിച്ച ഡോക്ടമാരുടെ സമിതിയുടെ നടപടികള്‍ക്കെതിരെ കേന്ദ്രസംഘം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഇത്തരത്തിലുള്ള സമിതി രൂപീകരിച്ചത് ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്. ബംഗാളിലെത്തിയ കേന്ദ്രസംഘത്തെ പുറത്തിറക്കാന്‍ അനുവദിക്കാതിരുന്ന മമതാ ബാനര്‍ജിയുടെ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അന്ത്യശാസനം നല്‍കിയതോടെയാണ് ബംഗാള്‍ സര്‍ക്കാര്‍ വഴങ്ങിയത്.
വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ച നിലവിലുള്ള ആറ് മന്ത്രാലയ സമിതികള്‍ക്ക് പുറമേ പുതിയ നാല് സമിതികള്‍ കൂടി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് പുതിയ സമിതികളെ നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: