തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ അടക്കം ശേഖരിച്ച് വിശകലനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലറിന് സംബന്ധിച്ച ദുരൂഹത ഏറുന്നു. സ്പ്രിന്‍ക്ലര്‍ കേരളത്തില്‍ ദുരിതാശ്വാസത്തിനടക്കം പണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ പ്രഖ്യാച്ചിരുന്നു. എന്നാല്‍, കമ്പനിയുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബില്റ്റി) ഫണ്ടില്‍ 20 ലക്ഷം തുക നല്‍കിയത് സുവിശേഷ പ്രവര്‍ത്തനത്തിന്. പെന്തക്കോസ്ത് സഭയിലെ ബ്രദര്‍ ഡാമിയന്‍ നേതൃത്വം നല്കുന്ന മാസ്റ്റര്‍ ചാരിറ്റീസിനു സ്പ്രിന്‍ക്ലര്‍ പണം നല്‍കിയതിന്റെ രേഖകള്‍ ജനം ടിവിയാണ് പുറത്തുവിട്ടത്. അമേരിക്ക അടക്കം വിദേശരാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയാണ് ബ്രദര്‍ ഡാമിയനും കുടംബവും ചെയ്യുന്നത്. ബ്ലെസിങ് ടുഡേ എന്ന ചാനലും ഈ സംഘം നടത്തുന്നുണ്ട്. സാധാരണ സാമൂഹികമായി ദുരിതം പേറുന്നവരെ സഹായിക്കാനാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കുക. ഒപ്പം, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ഫണ്ടില്‍ നിന്നാണ് നടപ്പാക്കുക. എന്നാല്‍, കോടികള്‍ ആസ്തിയുള്ള പെന്തക്കോസ്ത് പ്രാര്‍ത്ഥന ഗ്രൂപ്പിന് എന്തിനാണ് സ്പ്രിന്‍ക്ലര്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് തുക നല്‍കിയതെന്നാണ് പ്രധാനചോദ്യം. മലയാളിയായ റാഗി തോമസ് ആണ് കമ്പനിയുടെ ഡയറക്റ്റര്‍
‘സ്വപ്നം കാണുന്നവന്, വിശ്വാസി, ശുഭാപ്തി വിശ്വാസക്കാരന്‍, സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്നവന് ‘ എന്നാണ് സ്പ്രിങ്ക്ളറുടെ സ്ഥാപകനും സിഇഒയുമായ റാഗി തോമസ് സ്വയം വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ജനിച്ച് നൈജീരിയിലും പോണ്ടിച്ചേരിയിലും ന്യൂയോര്‍ക്കിലും പഠിച്ച റാഗിയുടെ വളര്‍ച്ചയും സ്വപ്ന വേഗത്തില്‍.. വിശ്വാസിയായ റാഗിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി കേസുണ്ട്. സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്ന റാഗി മലയാളത്തില്‍ പ്രണയ ചിത്രവും നിര്‍മ്മിച്ചു. ‘എന്ന് നിന്റെ മൊയ്തീന്’.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജോലിയുടെ ഭാഗമായി 1996 ല്‍ അമേരിക്കയിലെത്തിയെ റാഗി തോമസ്, എടി ആന്റ് ടി, ബെല്‍ ലാബ്സ് എന്നിവയ്ക്കായി ഐടി കണ്‍സള്‍ട്ടിംഗ് പ്രവര്‍ത്തിച്ചു. ഒരു ഡോട്ട് കോം സ്റ്റാര്‍ട്ടപ്പിലും ജോലി ചെയ്തു.ബിഗ് ഫൂട്ട് ഇന്ററാക്ടീവ് എന്ന ഇമെയില്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ചീഫ് ടെക്നോളജി ഓഫീസറായി പ്രവര്‍ത്തിച്ചു. 2009-ലാണ് സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിശലകനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര് സേവനം നല്കുന്ന സ്പ്രിങ്ക്ളര്‍ കമ്പനി സ്ഥാപിക്കുന്നത്.
മുന്നൂറ്റമ്പത് കോടിയുടെ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന്, പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന കമ്പനിയില്‍ നിന്നും സ്പ്രിന്‍ക്ലര്‍ നിയമനടപടി നേരിടുന്നുണ്ട്. പാര്‍ട്ട്ണര്‍ കമ്പനിയുടെ ഡാറ്റാ മോഷ്ടിച്ചു എന്നതാണ് കേസ്. ഇത്തരത്തിലുള്ള കമ്പനിയുമായി സര്‍ക്കാര്‍ ഇടപാട് ആരംഭിച്ചത് നിയമവകുപ്പിന്റെ അനുമതിയോടെയല്ല എന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാധാരണ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ നിയമം ബാധകമാകുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇതും ഇവിടെ ലംഘിച്ചു.
കമ്പനി ഭാവിയില്‍ കരാര്‍ ലംഘനം നടത്തിയാല്‍ സര്‍ക്കാരിന് അമേരിക്കയില്‍ നിലനില്‍ക്കുന്ന നിയമത്തിന് അനുസരിച്ചു മാത്രമെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കനത്ത സാമ്പത്തിക ബാധ്യതയാകും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: