കുവൈറ്റ് സിറ്റി – ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യാതൊരു വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന് അറിയിച്ചു. യാത്രാവിമാന സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹം ചരക്ക് വിമാനങ്ങളില്‍ കൊണ്ടുപോകാന്‍ സാധിക്കും. ചരക്ക് വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുപോകാറുണ്ടെങ്കിലും ദിനംപ്രതിയുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പകരം ശാശ്വതമായ നടപടിക്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്ന്. 215 പേരാണ് ഇന്ന് കൊറോണ ബാധിതരായി കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 115 പേര് കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.
ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം 2614 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് ഇന്ത്യക്കാരാണ്. രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 198 പേര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ മരണ സംഖ്യ പതിനഞ്ചായി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 55 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത് . നിലവില്‍ 1986 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രലായം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: