പേരാമ്പ്ര: സര്‍ക്കാര്‍ ഭൂമിയിലെ മേലാദായം ലേലത്തിനെടുത്തവര്‍ വന്‍പ്രതിസന്ധിയില്‍. ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, നാഷണല്‍ ഹൈവെ, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോററ്റി, ഫോറസ്റ്റ്, റവന്യൂ (പുറംപോക്ക്), ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകള്‍ എന്നീ സര്‍ക്കാര്‍ ഭൂമികളിലെ മേലാദായം വര്‍ഷംതോറും പരസ്യമായി ലേലം ചെയ്യുകയാണ് പതിവ്.
ലേല സമയപരിധി വര്‍ഷാവസാനം മാര്‍ച്ച് 31 ആയതിനാല്‍ ഇതിനിടയില്‍ ലേലത്തിനെടുത്തവര്‍ ഭൂമിയിലെ ആദായം ഈ സമയപരിധിക്കുള്ളില്‍ എടുക്കേണ്ടതുണ്ട്. ഇത്തവണ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യഥാസമയം ഉല്പന്നങ്ങള് എടുക്കാനോ സ്ഥലത്ത് ചെന്ന് നോക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വീടുകളില്‍ തെങ്ങ് കയറ്റക്കാര്‍ക്ക് വരെ പുറത്തിറങ്ങാന്‍ പറ്റാത്തത് കാരണം ഉല്പന്നങ്ങള് ഒന്നും ശേഖരിക്കാനായിട്ടില്ല. സാധാരണ ഗതിയില്‍ നാലും അഞ്ചും മാസം കഴിഞ്ഞാണ് തെങ്ങ് കയറാന്‍ തൊഴിലാളികളെ ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ലേലത്തിനെടുത്തവര്‍ക്ക് ഭീമമായ നഷ്ടം വരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ കരാര്‍ കാലാവധി മൂന്ന് മാസം കൂടി നീട്ടുകയോ, വന്ന നഷ്ടം വകവെച്ചു കൊടുക്കുകയോ ചെയ്യണമെന്ന് ഇവര്‍ സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.
ലേലത്തിനെടുക്കുന്ന സ്ഥലങ്ങളില്‍ കാര്യമായവ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കനാല്‍ തീരത്തെ തെങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങളാണ്. നാളികേരം, കശുവണ്ടി, ചക്ക, മാങ്ങ തുടങ്ങിയവ ആദായം ലഭിക്കുന്നവ രേഖകളില്‍ ഉണ്ടെങ്കിലും നാളികേരം ഒഴികെ ഒന്നും തന്നെ കാര്യമായി ഇവര്‍ക്ക് ലഭിക്കാറില്ല. തേങ്ങ സമയത്ത് പറിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ കുരങ്ങന്റെ ശല്യം, മോഷണം തുടങ്ങിയവ കരാറുകാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇതുമൂലം വന്‍ നഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: