കെ.ജി. മാരാരുടെ 25-ാം അനുസ്മരണ ദിനമാണിന്ന് എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. എപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് എന്റെ ധാരണ. അത് എന്റെ മാത്രമല്ല ആയിരക്കണക്കായ സഹപ്രവര്‍ത്തകരുടെയും സാധാരക്കാരുടെയും അനുഭവവും അതായിരിക്കും. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തും സഹോദരനും നേതാവുമായി മാറാന്‍ കഴിഞ്ഞ കെ.ജി. മാരാര്‍ പ്രവര്‍ത്തകരുടെ രോമാഞ്ചം തന്നെയായിരുന്നു.
1965ലാണെന്നാണ് എന്റെ ഓര്മ. ഞാനന്ന് ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ.ജി. മാരാരെ അക്കാലത്താണ് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. അതിനുമുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു മാരാര്‍ജി.
കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയാന്തസത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്ത്തകന്. ഇതാണ് അദ്ദേഹത്തെപ്പറ്റി എന്നില്‍ ആദ്യം തന്നെ രൂപപ്പെട്ട അഭിപ്രായം. നല്ല ആശയങ്ങള്‍ രസകരമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള പ്രസംഗകനാണ് എന്ന പ്രത്യേകതയും ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചു.
മുഴുവന്‍ സമയ പ്രവര്‍ത്തകരാകാന്‍ തയ്യാറുള്ളവരെ ഓരോ ഭാഗത്തു നിന്ന് കണ്ടെത്തി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മാരാര്‍ജിയെ പരിചയപ്പെട്ടത്. അതിനുശേഷം മുപ്പതുകൊല്ലം ഞങ്ങളൊന്നിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.
അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകനായിരിക്കെ ഭാഷാധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ മിക്കതിലും ജനസംഘത്തിനു വളരാനായതിനു പിന്നില്‍ മാരാര്‍ജിയുടെ കഠിനാദ്ധ്വാനത്തിന്റെ പങ്ക് നിസ്സീമമാണ്.
നക്സല്‍ ആക്രമണങ്ങള്‍ വ്യാപകമായ കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പ്രയത്നം വളരെ പ്രയോജനപ്പെട്ടു. വയനാട് ആദിവാസി സംഘത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കിയത്.
ഞാന്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മാരാര്‍ജി ആദ്യമായി പാര്‍ട്ടിയുടെ മധ്യമേഖലാ കാര്യദര്‍ശിയായത്. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. മാരാര്‍ജിയുടെ അകാലവിയോഗം കേരള രാഷ്ട്രീയത്തിന് പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വം അസാധ്യമായിരിക്കുന്നു. മാരാര്‍ജിയുടെ പ്രവര്‍ത്തനരീതി മാര്‍ഗദീപമായി സ്വീകരിക്കുമെന്നതാണ് ഇത്തരുണത്തില്‍ എടുക്കാവുന്ന പ്രതിജ്ഞ.
ലേഖകന്‍ നേമം എംഎല്‍എ
പ്രതികരിക്കാൻ ഇവിടെ എഴുതുക: