ഇറ്റാനഗര്‍: സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം തുടരുന്ന സ്ഥലത്ത് പാലം നിര്‍മിച്ച് ഇന്ത്യ. പുതിയ പാലവും മികച്ച റോഡുകളും മേഖലയില്‍ സൈന്യത്തെ തടസ്സമില്ലാതെ വിന്യസിക്കുന്നതിന് ഉപകരിക്കുമെന്ന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയതന്ത്ര വിദഗ്ധന്‍ നിതിന്‍ ഗോഖലെ വ്യക്തമാക്കി. ചൈനീസ് കമ്പനികളെ ഇന്ത്യ തടയുകയാണെന്ന് ചൈന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തര്‍ക്ക മേഖലയില്‍ ഇന്ത്യ പാലം തുറന്നത്.
അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം ഇന്ത്യ നിര്‍മിച്ചത്. 2017ല്‍ ദോക്ലായില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായ അതേ മേഖലയിലാണു പാലം നിര്‍മിച്ചിരിക്കുന്നത്. 1962ലെ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ തര്‍ക്കമായിരുന്നു ദോക്ലായിലേത്. പാലം നിര്‍മാണത്തില്‍ പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. 3488 കിലോമീറ്ററില്‍ അധികം വരുന്ന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അറുനൂറിലേറെ തവണ അതിര്‍ത്തി കടന്ന് ഇന്ത്യയുടെ പ്രദേശത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നു.
ഏതു കാലാവസ്ഥയിലും ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്നു ചെല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പാലം നിര്‍മിച്ചത്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത ധാരണകളാണുള്ളതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അമന് ആനന്ദ് പ്രതികരിച്ചു. ഒരു രാജ്യത്തെയും ലക്ഷ്യമിട്ടല്ല അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നാണു കേന്ദ്ര സര്‍ക്കാര്‍ നയം. കൊവിഡ് പശ്ചാത്തലത്തില്‍ 431 അതിര്‍ത്തി ഗ്രാമങ്ങളിലേക്കു സാധനങ്ങള്‍ എത്തിക്കുന്നത് എളുപ്പമാക്കാനും പുതിയ പാതകള്‍ ഉപകരിക്കും. ടിബറ്റ് വഴി ഇന്ത്യയിലേക്കു കടക്കാനുള്ള ചൈനയുടെ വഴിയും പുതിയ പാലം വന്നതോടെ പ്രതിരോധിക്കാന്‍ സൈന്യത്തിനു സാധിക്കും.
അതിര്‍ത്തിയിലെ പിന്നാക്ക മേഖലകളിലെ വികസനമാണു ലക്ഷ്യം. 74 നിര്‍ണായക പാതകളാണ് രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മിച്ചിട്ടുള്ളത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം 2018ലേതിനേക്കാള്‍ 2019ല്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: