ന്യൂദല്‍ഹി: ആറ് വര്‍ഷമായി വീട്ടു ജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീക്ക് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മരണത്തിലും അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്കിയ എംപി ഗൗതം ഗംഭീറിന്റെ നടപടി മാതൃകാപരമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സരസ്വതി പാത്രയ്ക്കാണ് ഗംഭീര്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് മൃതദേഹം ഒഡീഷയിലെ വീട്ടിലെത്തിക്കാനാകാത്ത സാഹചര്യത്തിലാണ് ഗംഭീര്‍ തന്നെ സരസ്വതിയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
രോഗപീഡകളുടെ കാലത്ത് സരസ്വതിയെ (ഗംഭീറും കുടുംബവും) നല്ലപോലെ പരിചരിച്ചു. ഗംഭീറിന്റെ ഈ കാരുണ്യം സ്വന്തം വീടുവിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപജീവനം തേടുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് മനുഷ്യരാശിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കും. മാത്രമല്ല, സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നും അദ്ദേഹത്തിന് ആദരവും നേടിക്കൊടുക്കുമെന്നും പ്രധാന് ട്വീറ്റ് ചെയ്തു. നേരത്തെ, തന്റെ കുഞ്ഞുമക്കളെ പരിപാലിച്ച സരസ്വതി വീട്ടുജോലിക്കാരി അല്ലെന്നും കുടുംബാംഗമാണെന്നും ഗംഭീര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്റെ കുഞ്ഞുമക്കളുടെ എല്ലാ കാര്യങ്ങളും ഇത്രകാലം നോക്കിയത് വെറും വീട്ടുജോലിയായി മാത്രം കാണാനാകില്ല. അവര്‍ എന്റെ കുടുംബാംഗമായിരുന്നു. അവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമായിത്തന്നെ കാണുന്നു. വംശത്തിനും വര്‍ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം. നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അതു മാത്രമാണ് മാര്‍ഗം. ഇന്ത്യയെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പവും അതാണ്. ഓം ശാന്തി!’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: