ന്യൂദല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇതര മതസ്ഥരായ ഇന്ത്യക്കാരെ വേട്ടയാടുന്ന ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അനുകൂലിക്കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് അടിയന്തര ഇടപെടല്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും കേസില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് ഇസ്ലാമിസ്റ്റുകള്‍ ഗള്‍ഫ് മേഖലയില്‍ നടത്തുന്നതും.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇന്ത്യാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പ്രചാരണമെന്ന് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ചൂണ്ടിക്കാട്ടി. മോദി പ്രധാനമന്ത്രിയായതിന് ശേഷം അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാണ്. ഇന്ത്യയെ മുസ്ലിം വിരുദ്ധ രാജ്യമാക്കി ചിത്രീകരിച്ച് ഈ ബന്ധം വഷളാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. വിവരം നല്കുന്നവര്, സമാഹരിക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍, സ്വാധീനിക്കുന്നവര്‍ എന്നിങ്ങനെ ഇവരെ നാലായി തരംതിരിച്ചിട്ടുണ്ട്.
ജനുവരിക്കും ഏപ്രിലിനും ഇടയില്‍ മാത്രം രൂപീകരിക്കപ്പെട്ടവയാണ് പല അക്കൗണ്ടുകളും. പാക്കിസ്ഥാനികളും സജീവമായുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മോദിക്കെതിരായ ഹാഷ്ടാഗുകളാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ എംബസികളുമായും അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും സഹകരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ശ്രമിച്ചതിന് കേസെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും പാക്കിസ്ഥാന് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.
ഒമാന്‍ രാജകുടുംബാംഗമായ ഡോ.സയ്യിദ മുന അല്‍ സഈദിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചും ഇവര്‍ ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യന്‍ തൊഴിലാളികളെ പുറത്താക്കും എന്നായിരുന്നു ട്വീറ്റ്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.സയ്യിദ തന്നെ രംഗത്തെത്തി. ഇതിന് ഇന്ത്യന്‍ അംബാസിഡര്‍ നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: