Categories: Thrissur

ലോക്ഡൗണില്‍ നടുവൊടിഞ്ഞ് ടൂറിസം മേഖല; തൊഴില്‍ സംരംഭകരും ജീവനക്കാരും ആശങ്കയില്‍

കൊറോണ ലോക്ഡൗണില്‍ സ്തംഭിച്ച് ടൂറിസം മേഖല. ജില്ലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒരു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. സ്‌കൂള്‍ അവധിക്കാലത്താണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രധാനമായും വരുമാനം ലഭിക്കുക. ഇത്തവണ സീസണ്‍ പ്രതീക്ഷിച്ച ടൂര്‍ ഓപ്പറേറ്റമാര്‍, റിസോര്‍ട്ട് ഉടമകള്‍, ഹോംസ്റ്റേ നടത്തിപ്പുകാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ കനത്ത ആഘാതമായി.

Published by

തൃശൂര്‍: കൊറോണ ലോക്ഡൗണില്‍ സ്തംഭിച്ച് ടൂറിസം മേഖല. ജില്ലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒരു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. സ്‌കൂള്‍ അവധിക്കാലത്താണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രധാനമായും വരുമാനം ലഭിക്കുക. ഇത്തവണ സീസണ്‍ പ്രതീക്ഷിച്ച ടൂര്‍ ഓപ്പറേറ്റമാര്‍, റിസോര്‍ട്ട് ഉടമകള്‍, ഹോംസ്റ്റേ നടത്തിപ്പുകാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ കനത്ത ആഘാതമായി.  

ടൂറിസം മേഖലയുടെ നടുവൊടിഞ്ഞതോടെ ആയിരങ്ങള്‍ക്ക് ജോലിയില്ലാതായി. ടൂറിസ്റ്റ് ഗൈഡുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പട്ടിണിയുടെ വക്കിലാണ്. ടൂറിസം മേഖലയില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികള്‍, റിസോര്‍ട്ടിലും വന്‍കിട ഹോട്ടലുകളിലും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി നിരവധി പേര്‍ക്കും ഇപ്പോള്‍ ജോലിയില്ല.  

ആയുര്‍വേദ ടൂറിസം മേഖലയും പ്രതിസന്ധിയിലാണ്. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ജോലിയില്ലാതായി. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്.   ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ടൂറിസം മേഖലയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സീസണ്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കോറൊണ ഭീതിയായിരുന്നുവെങ്കില്‍ ഏപ്രില്‍ മാസം ലോക്ഡൗണിലുമായി. വിനോദ സഞ്ചാര മേഖലയില്‍ ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയ സംരംഭകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വായ്പയെടുത്തും മറ്റും സംരംഭങ്ങള്‍ തുടങ്ങിയവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

 ഈരംഗത്തെ ഉല്പാദക -തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഇതിനകം കനത്ത തൊഴില്‍ നഷ്ടമാണുണ്ടായിട്ടുള്ളത്. ലോക്ഡൗണ്‍ കഴിഞ്ഞാലും ടൂറിസം മേഖല പഴയനിലയിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കും. വിദേശത്തു നിന്നുള്ള ടൂറിസ്റ്റുകള്‍ കേരളത്തിലെത്താന്‍ ഇനിയും മാസങ്ങള്‍ തന്നെ വേണ്ടി വരും.

 ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ മാത്രമേ ടൂറിസം മേഖലയ്‌ക്ക് തത്കാലമെങ്കിലും പിടിച്ചു നില്‍ക്കാനാകൂ. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസായ ടൂറിസം മേഖലയുടെ പ്രവര്‍ത്തനം സ്തംഭിച്ചിട്ടും സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പരാതിയുണ്ട്. ടൂറിസം മേഖല ലോക്ഡൗണിനു മുമ്പുള്ള രീതിയിലാകാന്‍ കാലതാമസമെടുക്കുന്നതിനാല്‍ മറ്റു മേഖലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയും സഹായവും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts