ന്യൂദല്‍ഹി: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സേനാമേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രമന്ത്രി വിലയിരുത്തിയത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍വസജ്ജരാണെന്ന് സൈന്യം ഉറപ്പു വരുത്തണം. ഈ അവസരം മുതലെടുക്കാന്‍ എതിരാളിയെ അനുവദിക്കരുതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ പ്രാദേശിക ഭരണകൂടത്തിന് സായുധ സേന നല്കിയ സഹായത്തെ അഭിനന്ദിച്ച പ്രതിരോധമന്ത്രി, രോഗ ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവുകള്‍ ക്രമീകരിക്കാനുള്ള നടപടി വേണ്ടതുണ്ടെന്നും വ്യക്തമാക്കി.
സായുധ സേനയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടെത്തി അവ വേഗത്തില്‍ നടപ്പാക്കണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായം നല്‍കണമെന്നും അദ്ദേഹം സേനാമേധാവികളോട് ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാദേശിക ഭരണകൂടത്തിന് നല്കുന്ന സഹായങ്ങളെക്കുറിച്ചും സേനക്കുള്ളില്‍ വൈറസ് ബാധ തടയുന്നതിനായി സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും സേനാമേധാവിമാര്‍ മന്ത്രിക്ക് വിശദീകരണം നല്കി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും മറ്റ് ഏജന്‍സികളും നല്കുന്ന ഉപദേശങ്ങള്‍ അനുസരിച്ച് സേനാംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങളും മന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് കീഴിലുള്ള വിമുക്ത ഭടന്മാരേയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും സേന നടപടിയെടുത്തിട്ടുണ്ട്. സേനയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ഉപയോഗത്തിനായി കോവിഡ് നിരീക്ഷണ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സിവിലിയന്‍ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കില് അവശ്യ സേവനങ്ങള്‍ നല്‍കാനും സേന സന്നദ്ധമാണെന്ന് മേധാവികള്‍ മന്ത്രിയെ അറിയിച്ചു.
ആശുപത്രികളുടെ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയം കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കിയതിനെ സൈനിക മേധാവിമാര്‍ അഭിനന്ദിച്ചു.
തിരുവനന്തപുരം ദക്ഷിണവ്യോമസേനാ ആസ്ഥാനം, കൊച്ചി ദക്ഷിണമേഖലാ നാവിക ആസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ സേനാ ആസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രതിരോധമന്ത്രിക്ക് പുറമെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫുമായ ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ, നാവികസേനാത്തലവന്‍ അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാത്തലവന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ഭദൗരിയ , പ്രതിരോധ സെക്രട്ടറി ഡോ.അജയ് കുമാര്‍, പ്രതിരോധ-ധനകാര്യത്തിന്റെ ചുമതലയുള്ള സെക്രട്ടറി ഗാര്‍ഗി കൗള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: