കോഴിക്കോട്: കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വൈദ്യുതി വകുപ്പ് ആവിഷ്കരിച്ച സൗര പദ്ധതിയുടെ ഡാറ്റയും ചോര്‍ന്നു. ഊര്‍ജ കേരള മിഷനിലെ സൗരപദ്ധതിയുടെ ഭാഗമായി മേല്‍പ്പുര സോളാര്‍ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ട് ലക്ഷത്തി എഴുപത്തിഎട്ടായിരത്തി ഇരുനൂറ്റി അറുപത്തിനാല് പേരുടെ വിശദ വിവരങ്ങളാണ് കെഎസ്ഇബി തയാറാക്കിയിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ജീവനക്കാരെ ഉപയോഗിച്ച് വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ സര്‍വെ നടത്തിയത്. അനര്‍ട്ടും കെഎസ്ഇബിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം മെഗാവാട്ട് അധിക ഉല്‍പ്പാദനത്തിനാണ് സൗര ലക്ഷ്യമിട്ടിരുന്നത്.
ഈ ഡാറ്റയാണ് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്. വീടുകളുടെ നമ്പര്‍, വില്ലേജ്, പഞ്ചായത്ത്, കെട്ടിട വിസ്തീര്‍ണം, കെട്ടിടം നിര്‍മിച്ച വര്‍ഷം, കെട്ടിടം നില്ക്കുന്ന സ്ഥലം, ജിപിഎസ് വിവരങ്ങള്‍, വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പ്രദേശത്തെ എച്ച്ടി, എല്‍ടി ലൈനുകള്‍, ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് കെഎസ്ഇബിയുടെ ജീവനക്കാരെ ഉപയോഗിച്ച് വൈദ്യുതി വകുപ്പ് ശേഖരിച്ചത്.
നിലവിലുണ്ടായിരുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജീവനക്കാരെ ഉപയോഗിച്ച് സര്‍വെ പൂര്‍ത്തീകരിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും എടുത്തില്ല. ഉപഭോക്താക്കളെ വിശദവിവരങ്ങളുമായി സ്വകാര്യ കമ്പനികള്‍ സമീപിച്ചപ്പോഴാണ് കെഎസ്ഇബി ശേഖരിച്ച വിവരങ്ങള്‍ പുറത്തായതായി തിരിച്ചറിയുന്നത്. ഗാര്‍ഹിക, കാര്‍ഷിക മേഖല, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഗാര്‍ഹികേതര സര്‍ക്കാര്‍ ഇതര കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് സൗര ലക്ഷ്യമിട്ടിരുന്നത്. 2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം.
കെട്ടിടങ്ങളുടെ മേല്ക്കൂരകളില് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രാഥമിക ചെലവ് കെഎസ്ഇബി വഹിക്കുകയും വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്ക് നല്‍കുകയും ചെയ്യുന്നതാണ് ഒരു പദ്ധതി. ഉപഭോക്താവിന്റെ ചെലവില്‍ കെഎസ്ഇബി സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ കെഎസ്ഇബി വാങ്ങും എന്നതായിരുന്നു മറ്റൊരു പദ്ധതിയായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സൗര പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ടേമുക്കാല്‍ ലക്ഷം പേരില്‍ നിന്ന് നാല്‍പ്പത്തിരണ്ടായിരത്തി അഞ്ഞൂറ് പേരെ ചുരുക്കപ്പട്ടികയില്പ്പെടുത്തിയെന്ന് മാത്രമാണ് കെഎസ്ഇബി അറിയിച്ചത്.
2020 ജൂണ്‍ മാസത്തോടെ മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് നിലയങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമുള്ള വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. അതിനിടയിലാണ് കെഎസ്ഇബി തയാറാക്കിയ ഡാറ്റ സ്വകാര്യകമ്പനികളിലേക്ക് ചോര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: