ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ സംന്യാസിമാരെ അരുംകൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിച്ച് ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒരാഴ്ച പിന്നിട്ടിട്ടും ആക്രമണത്തിന് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 101 പേരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പലരും നിരപരാധികളാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിച്ച സിപിഎം-മതപരിവര്‍ത്തന ശക്തികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അഞ്ച് സിപിഎം പ്രാദേശിക നേതാക്കളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഈ മാസം 16ന് രാത്രി പോലീസിന്റെ മുന്നില്‍വച്ചാണ് രണ്ട് സംന്യാസിമാരെയും അവരുടെ ഡ്രൈവറെയും 250ഓളം പേര് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ പോലീസ് ശ്രമിച്ചില്ല. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെയും നടപടിയില്ല. സിപിഎം ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളുടെ കേന്ദ്രമാണ് പാല്‍ഗഡ്. സംസ്ഥാനത്ത് സിപിഎമ്മിന് ആകെ ഒരു എംഎല്‍എയുള്ള ദഹനു മണ്ഡലത്തിലാണ് ഈ പ്രദേശം. എന്‍സിപി, കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു വിജയം.
കൊലപാതകം ആസൂത്രിതമാണെന്നും സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയ്യാറാകണമെന്നും എംപി സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. അക്രമത്തിന് പ്രേരിപ്പിച്ചവരെ കണ്ടെത്തണമെന്ന് മുന്‍ മുംബൈ പോലീസ് കമ്മീഷണറും ബിജെപി എംപിയുമായ സത്യപാല്‍ സിംഗ് പറഞ്ഞു. ഏതാനും വര്‍ഷം മുന്‍പ് ഈ മേഖലയില്‍ ഐജിയായി പ്രവര്‍ത്തിച്ചിരുന്നു. അന്നവിടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: