ന്യൂദല്‍ഹി : രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കോവിഡ് നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. സ്വയംപര്യാപ്തത നേടേണ്ടതിന്റെ പ്രാധാന്യം ഇപ്പോള്‍ നമ്മള് മനസ്സിലാക്കി കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചായത്തിരാജ് ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ പ്രവര്‍ത്തനശൈലി മാറണം. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം. പഞ്ചായത്തുകള്‍ ശക്തമാകണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗ്രാമങ്ങള്‍ പോലും ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് നിരവധി വെല്ലുവിളികള്‍ തന്നു. എന്നാല്‍ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ എല്ലായ്പ്പോഴും ഉള്‍ക്കൊള്ളണം.
കോവിഡ് വ്യാപനത്തോടെ നമ്മള് പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും സാധിച്ചു. ഒരു രാഷ്ട്രമെന്ന നിലയില്‍, നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ സ്വയംപര്യാപ്തരായിരിക്കണം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇ ഗ്രാമസ്വരാജ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഗ്രാമീണ സര്‍വേയ്ക്കുള്ള സ്വമിത്വപദ്ധതിയും പ്രധാനമന്ത്രി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് നമ്മള് ഇതിനെ പ്രതിരോധിക്കുന്നത്്. ഗ്രാമീണ ഇന്ത്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഫലപരദമായ മാധ്യമം പഞ്ചായത്താണ്.
രാജ്യത്തിന്റെ വികസനത്തിന്റെ താക്കോല്‍ സുസ്ഥിരമായ ഗ്രാമീണ സമ്പദ് വ്യവസ്ഥയാണ്. ഈ കാഴ്ചപ്പാടോടെയാണ് ഭാരത സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറും പ്രധാനമന്ത്രിക്കൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: