കൊച്ചി: പ്രവാസികളെ തിരികെ കേരളത്തില്‍ എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി. ചുരുങ്ങിയത് ഒരുലക്ഷത്തോളം പ്രവാസികളെങ്കിലും തിരിച്ച് നാട്ടില്‍ മടങ്ങി എത്തുന്ന സ്ഥിതിയുണ്ടാകും. ഇവരെ സംരക്ഷിക്കാനായി കേരളത്തില്‍ പ്രത്യേക സംവിധാനമുണ്ടോ. അതിനാല്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും ഹൈക്കോടതി അറിയിച്ചു.
പ്രവാസികളെ പുനരധിവസിപ്പിക്കേണ്ടതും ആവശ്യമാണ്. 5000 ഡോക്ടര്‍മാരും 20000 നേഴ്സുമാരും ചുരുങ്ങിയത് ഇതിനായി വേണ്ടിവരും. മറ്റ് രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഇവിടെ നിന്ന് കൊണ്ടു പോയി എന്ന് കരുതി ഇന്ത്യയും അങ്ങനെ ചെയ്യണമെന്ന് പറയാനാകില്ല, നയപരമായ തീരുമാനമാണത്. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തില്‍ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.
വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവര്‍ തിരിച്ചെത്തിയാല്‍ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹര്‍ജി ലോക്ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. മെയ് 5 ന് വീണ്ടും പരിഗണിക്കും. അന്യ സംസ്ഥാന തൊഴിലാളികളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതും ഹൈക്കോടതി മേയ് 5 ലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: