ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ എന്നു തന്നെ പറയാം, സാമ്പത്തിക ശക്തിയും ആരോഗ്യ-ചികിത്സാ സംവിധാനങ്ങളും കൊറോണ-കോവിഡ് മഹാമാരിക്കു മുന്നില്‍ അനുദിനമെന്നോണം നിഷ്ഫലമാണെന്നു തെളിഞ്ഞുകൊണ്ടിരിക്കെ ഭാരതം വിജയകരമായ പോരാട്ടം തുടരുകയാണ്. ഇതിന് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ലോക സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ്. അമേരിക്കന്‍ ഏജന്‍സിയായ മോണിങ് കണ്‍സള്‍ട്ടന്റ് നടത്തിയ സര്‍വെയില്‍ പതിനെട്ട് പ്രമുഖ ലോകനേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തിയതും, ലോകാരോഗ്യ സംഘടനയില്‍നിന്നും മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്ഗേറ്റ്സില്നിന്നും മറ്റും മോദിക്ക് ലഭിച്ച അഭിനന്ദനവുമൊക്കെ അഭിമാനകരമായാണ് ഓരോ പൗരനും കാണുന്നത്. എന്നാല്‍ കൊറോണക്കെതിരെ ഭാരതം നടത്തുന്ന യുദ്ധം സമ്പൂര്‍ണ വിജയത്തിലെത്താന്‍ അനുവദിക്കില്ലെന്ന വാശിയോടെ ചില ശക്തികള്‍ അഞ്ചാംപത്തികളെപ്പോലെ പെരുമാറുന്നുവെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവരെ ശാരീരികമായി ആക്രമിക്കുന്നതിനെ കര്‍ക്കശമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളത് ശരിയായ ദിശയിലുള്ള സത്വര നടപടിയാണ്. രാജ്യത്തെ കൊറോണ രോഗവ്യാപനത്തിന്റെ 30 ശതമാനത്തിനും ഇടയാക്കിയത് ദല്‍ഹി നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനമാണെന്ന് കണ്ടെത്തിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നടന്ന ഈ യോഗത്തില്‍ പങ്കെടുത്തവരാണ് പലയിടങ്ങളിലേക്കും രോഗം എത്തിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുമായി ഒരു തരത്തിലും സഹകരിക്കാതിരുന്ന ഇവര്‍ അവര്‍ക്കു നേരെ തുപ്പിയും, പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തിയുമൊക്കെ രോഗം പടര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സമ്മേളനത്തിനുശേഷം രോഗവാഹകരായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ മതതീവ്രവാദികള്‍ അവിടങ്ങളില്‍ പരിശോധിക്കാന്‍ ചെന്നവരെ ശാരീരികമായി ആക്രമിക്കുകയും, കല്ലെറിഞ്ഞ് ഓടിക്കുകയുമൊക്കെയാണ് ചെയ്തത്. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇക്കൂട്ടരുടെ ആക്രമണത്തില്‍ സ്വന്തം ജീവന് പോകുന്ന അവസ്ഥ വന്നു. ലോകത്തിനു മുന്പില് ഭാരതത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയായിരുന്നു ഈ മതതീവ്രവാദികള്‍.
കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അംഗങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായോട് പരാതിപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പു നല്കി. നടത്താനിരുന്ന പ്രതിഷേധം ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉപേക്ഷിക്കുകയും ചെയ്തു. ഒട്ടും വൈകാതെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ വ്യവസ്ഥകളോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം ഗുരുതരമായ കുറ്റങ്ങള്‍ക്ക് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. സ്വത്ത് നഷ്ടം വരുത്തിയാല്‍ വിപണി വിലയുടെ ഇരട്ടി തുക ഈടാക്കും. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഓര്‍ഡിനന്‍സ് നിയമമാവും. ഇതനുസരിച്ച് അക്രമികളെ കര്‍ശനമായി നേരിടാനാവും.
മതപരമായ അജ്ഞതയിലും മറ്റും കഴിയുന്ന ചുരുക്കം ചിലയാളുകള്‍ ഏതു കാലത്തും ഉണ്ടായേക്കാം. എന്നാല്‍ മതത്തിന്റെ പേരില്‍ സംഘടിച്ച് അപരിഷ്കൃതമായ ചില വിശ്വാസങ്ങള്‍ പുലര്‍ത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരെയും സമൂഹ പുരോഗതി തടയുന്നവരെയും നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തേണ്ടതുണ്ട്. മതഭ്രാന്തരായ ചിലയാളുകള്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇതാണ് ചെയ്തു കൂട്ടിയത്. മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഒരുവിധത്തിലും സഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. 1897ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ വരുത്തിയിട്ടുള്ള ഭേദഗതിയനുസരിച്ച് പ്രതികളാകുന്നവര്‍ക്ക് ജാമ്യം ലഭിക്കില്ല. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. പഴുതടച്ചുള്ള ഇത്തരമൊരു നിയമനിര്‍മാണത്തിലൂടെയല്ലാതെ മതവെറികൊണ്ട് മനുഷ്യത്വം നഷ്ടമാകുന്നവരെ നേരിടാനാവില്ല. അസാധാരണ കാലത്തെ അസാധാരണ നിയമനിര്‍മാണം എന്ന് ഇതിനെ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: