കോട്ടയം: ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ കായിക ലേഖകന്‍ പീറ്റര്‍ റീബക്ക് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്നതാണ്. അന്ന് ഇംഗ്ലീഷ് മാധ്യമത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘ഞാന്‍ ഷിംലയില്‍നിന്ന് ദല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു. കാര്യം അറിയാന്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കി നിശബ്ദരായി നില്‍ക്കുന്നു. ഇന്ത്യന്‍ ജനതയ്‌ക്ക് ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിയില്‍ അവരുടെ പ്രിയപ്പെട്ട താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെഞ്ചുറിക്കരികില്‍ ബാറ്റ് ചെയ്യുന്നു. 99ല്‍ ബാറ്റ് ചെയ്ത സച്ചിന്‍ നൂറിലെത്തിയ ശേഷമാണ് ട്രെയിന്‍ വീണ്ടും ചലിച്ചത്. എന്നില്‍ അത്ഭുതമുണ്ടാക്കിയത് എങ്ങനെ ഒരാള്‍ക്ക് ഒരു ജനതയെ മുഴുവന്‍ നിശ്ചലമാക്കാനാകുന്നു എന്നതാണ്’. ഇന്ത്യയുടെ മാരത്തണ്‍ ഹീറോ വയനാട്ടുകാരന്‍ ടി. ഗോപിക്കും സച്ചിന്റെ സെഞ്ചുറികള്‍ എന്നും കുളിരുള്ള ഓര്‍മയാണ്. കൂടുതല്‍ ഇഷ്ടം സൗരവ് ഗാംഗുലിയെന്ന ദാദയോടാണെങ്കിലും സച്ചിന്‍ ഒരു വികാരമാണ്. സച്ചിനെ കാണാനും സംസാരിക്കാനും സാധിച്ച നിമിഷം എന്നും അഭിമാനമുള്ളതാണെന്ന് ഗോപി ജന്മഭൂമിയോട് പ്രതികരിച്ചു.
ദല്‍ഹിയില്‍ നടന്ന ദേശീയ മാരത്തണിലാണ് ഗോപി ആദ്യമായി സച്ചിനെ നേരിട്ടു കാണുന്നത്. സച്ചിനായിരുന്നു മാരത്തണിന്റെ അംബാസിഡര്‍. അന്ന് ഓടി ഒന്നാമതെത്തിയ ഗോപി സച്ചിനില്‍ നിന്നും സമ്മാനം വാങ്ങി. പിന്നീട് പ്രത്യേക മുറിയില്‍ സച്ചിനുമായി സംസാരിക്കാനുമായി. ഇത്രയേറെ ആരാധകരുള്ള വ്യക്തിയുമായി സമയം ചെലവഴിക്കുകയെന്നത് തനിക്ക് ചിന്തിക്കാനാവാത്ത കാര്യമായിരുന്നുവെന്നും ഗോപി പറഞ്ഞു. താനുള്‍പ്പെടെയുള്ള എല്ലാ കായിക താരങ്ങള്‍ക്കും സച്ചിന്‍ റോള്‍മോഡലാണ്. വളര്‍ന്ന് വരുന്ന കായിക പ്രതിഭകള്‍ സച്ചിന്റെ ആത്മസമര്‍പ്പണം സ്വയം സ്വീകരിക്കണം. 24 വര്‍ഷം ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ആ മേഖലയില്‍ നമ്പര്‍ വണ്ണായി. സച്ചിന്റെ ആത്മസമര്‍പ്പണം എന്നും അതിശയിപ്പിക്കുന്നതായിരുന്നെന്നും ഗോപി കൂട്ടിചേര്‍ത്തു. സച്ചിന്റെ 47-ാം ജന്മദിനത്തില്‍ ലോക്ഡൗണിലാണെങ്കിലും ആശംസ നേരുകയാണ് ഗോപി.
നിലവില്‍ ഒളിമ്പിക്‌സിന് മുന്നോടിയായി സജ്ജീകരിച്ച ബെംഗളൂരുവിലെ ക്യാമ്പിലാണ് ഗോപി. ഒളിമ്പിക്‌സ് മാറ്റിവച്ചതില്‍ ചെറിയ സന്തോഷത്തിലുമാണ് താരം. ഇതേ ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനിടെ മുട്ടിന് പരിക്കേറ്റിരുന്നു. ബെംഗളൂരുവില്‍ തന്നെ ശസ്ത്രക്രിയയും കഴിഞ്ഞു. ഇതോടെ പരിശീലനം ഏറെക്കുറെ അവസാനിച്ച മട്ടായിരുന്നു. ചെറിയ തോതില്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ് മാത്രമാണ് നടത്തിവന്നത്. ഇതിനിടെയാണ് കൊറോണയുടെ കടന്നുവരവും ലോക്ഡൗണും. ഒളിമ്പിക്‌സ് മാറ്റിവക്കുമെന്ന് ഉറപ്പായതോടെ വീണ്ടും പ്രതീക്ഷയിലായി. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കൊറോണക്കാലം കഴിഞ്ഞ് പതിയെ മടങ്ങാനാണ് തീരുമാനം. പരിക്കിന്റെ പിടിയില്‍ ആയിരുന്നതിനാല്‍ ഇനി പരിശീലനം ഒന്നേന്ന് തുടങ്ങണം. അതിന് മുമ്പ് നാട്ടില്‍ പോയി മുഖം കാണിച്ച ശേഷം വീണ്ടും പരിശീലനത്തില്‍ സജീവമാകും.
ജീവിതത്തിലെ വലിയ ആഗ്രഹം ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയായിരുന്നു. 2016ല്‍ നടന്ന റിയോ ഒളിമ്പിക്‌സില്‍ അത് സാധിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ ഇരുപതില്‍ കടക്കുകയാണ് ലക്ഷ്യം. അതിന് മുന്‍പ് യോഗ്യത നേടണം. ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടണമെങ്കില്‍ പോലും ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തണം. കെനിയയില്‍ പരിശീലനം നടത്തണമെന്ന ആഗ്രഹവും ഗോപി പങ്കുവച്ചു. ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ എന്നും മികവ് പുലര്‍ത്തുന്നവരാണ് കെനിയ. അവിടുത്തെ പരിശീലനം മികവ് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ ഗോപി. ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: