മട്ടാഞ്ചേരി: കൊറോണ ലോക്ഡൗണ്‍ ദുരിതകാലത്ത് കൊച്ചിക്കാര്‍ക്ക് ഭക്ഷ്യ കിറ്റുമായി ഫ്രഞ്ച് സാമൂഹ്യപ്രവര്‍ത്തക സ്റ്റെഫനി ഹെര്‍വ്. ഫോര്‍ട്ടുകൊച്ചിയുടെ വിവിധ മേഖലകളിലുള്ള 120 ഓളം നിര്‍ധനര്‍ക്കാണ് സ്റ്റെഫനിയുടെ സഹായം.
അരിയും ഇരുപതോളം പലവ്യഞ്ജന പച്ചക്കറി ഇനങ്ങളുമായി 1500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റാണ് സ്റ്റെഫനി വിതരണം ചെയ്തത്. കൂടാതെ ഫോര്‍ട്ടുകൊച്ചി വെളി സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചണില്‍ 50,000 രൂപയുടെ പലവ്യഞ്ജന പച്ചക്കറിയിനങ്ങളും സ്റ്റെഫനി നല്കി കഴിഞ്ഞു. ഫ്രാന്‍സിലെ എന്‍ജിഓ ആയ അസോസിയേഷന് ഗ്രബ്രിയേല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ് തെറാപ്പിസ്റ്റായ സ്റ്റെഫനി.
ഫോര്‍ട്ടുകൊച്ചിയിലെ കസാമിയ ഹോം സ്റ്റേയില്‍ താമസിച്ച് നാടന്‍പാട്ടും കലാവിരുന്നും യോഗയും ഫ്രഞ്ച്കാര്‍ക്ക് വീഡിയോ ചാറ്റ് വഴി വിനോദമാക്കി അവരില്‍ നിന്ന് സഹായമഭ്യര്‍ഥിച്ചാണ് ധനശേഖരണം നടത്തുന്നതെന്ന് സ്റ്റെഫനി പറഞ്ഞു. മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തിയ സ്റ്റെഫനി ആത്മീയപഠനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം നാടിന് സന്നദ്ധ സഹായമൊരുക്കുവാനും തയാറെടുക്കുന്നു. വഴിയോരക്കാര്‍, അനാഥ മന്ദിരങ്ങള്‍ ബാലസദനങ്ങള്‍, വ്യദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സഹായങ്ങളൊരുക്കുന്നതാണ് അസോസിയേഷന് ഗബ്രിയേലിന്റെ പ്രവര്‍ത്തനം. സ്റ്റെഫനിയുടെ ഭക്ഷ്യ കിറ്റ് വിതരണം ഫോര്‍ട്ടുകൊച്ചി സിഐ അനുരാജ് ഉദ്ഘാടനം ചെയ്തു. കാസാമിയ ഉടമ ഉഷ ആന്റണി, ആന്റണി സാമുവല്‍, പാട്രിക്ക്, ലെസ്ലി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: