തൊടുപുഴ: ഹോട്ട്സ്പോട്ടായിട്ടും കുമ്പംകല്ലില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളിറങ്ങിയതോടെ കര്‍ശന നടപടിയുമായി ജില്ലാ കളക്ടര്‍. ഇന്നലെ രാവിലെ ഡിവൈഎസ്പിയെ ഫോണില്‍ ബന്ധപ്പെട്ട് നടപടി എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതോടെ നഗരത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ച പോലീസ് വീണ്ടും കാര്‍ക്കശ്യക്കാരായി. സമീപ മേഖലകളിലെല്ലാം ഇളവുണ്ടല്ലോ പിന്നെ നഗരത്തില്‍ മാത്രമായി ഇത് കര്‍ക്കശമാക്കിയാല്‍ നടപ്പിലാകില്ല എന്നതായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ സമീപനം. ബുധനാഴ്ച ഹോട്ട്സ്പോട്ട് കുമ്പംകല്ല് വാര്‍ഡ് മാത്രമാക്കി ഇത് കുറച്ച് കളക്ടര്‍ നിര്‍ദേശമിറക്കി. ആളുകള്‍ വീണ്ടും നിരത്തിലിറങ്ങിയതോടെ ഇന്നലെ രാവിലെ തന്നെ പോലീസ് നടപടി കടുപ്പിക്കുകയായിരുന്നു.
ഇതോടെ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ടൗണിലെ സകല കടകള്‍ക്കും പൂട്ട് വീണു. നിലവില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ടൗണില്‍ പോലീസുകാരേയും ഡ്യൂട്ടിയ്ക്ക് ഇട്ടിട്ടുണ്ട്. വാര്‍ഡിന്റെ പ്രവേശന കവാടമായ കാരിക്കോടും ഇതോടെ കടകള്‍ക്ക് ഷട്ടര്‍ വീണു. വാര്‍ഡിന്റെ പരിധിയ്ക്ക് പുറത്തുള്ള ചില കടകള്‍ കാരിക്കോട് പ്രവര്‍ത്തിക്കുന്നുണ്ട്. കുമ്പംകല്ല് വഴി തൊടുപുഴയ്ക്ക് വരുന്നവരെ കാരിക്കോട് പരിശോധിക്കുന്നുണ്ട്. അവശ്യസാധനം വാങ്ങാനെത്തുന്ന മറ്റിടങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്. പ്രദേശവാസികളെ തിരിച്ചയക്കുകയാണ്.
നിരീക്ഷണം കര്‍ശനമായി തുടരുമെന്നും ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ വീട്ടുകാര്‍ക്ക് മൂന്നോ നാലോ പേര് മാത്രം പുറത്തിറങ്ങി അവശ്യസാധനങ്ങള്‍ വാങ്ങി എത്തിച്ച് നല്കുന്ന രീതിയാകും ഇവിടെ നടപ്പിലാക്കുക. ഇതിന്റെ ചുമതല വാര്‍ഡ് കൗണ്സിലര്ക്കാകും. കൂടാതെ വാര്‍ഡില്‍ ബന്ധപ്പെട്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരു ഹെല്പ്ഡെസ്കും തയാറാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: