കണ്ണൂര്‍: കര്‍ണ്ണാടക വനംവന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച കൂട്ടുപുഴ പാലത്തിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങി. ഇത് സംബന്ധിച്ച് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗ തീരുമാനത്തിന്റെ മിനുട്സ് അംഗീകരിച്ച് ഉത്തരവിറങ്ങി. ഇതോടെ കൂട്ടുപുഴ പാലം പണിക്കുള്ള തടസ്സങ്ങള്‍ നീങ്ങി. കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് അനുമതി നല്കാന് തീരുമാനമായത്.
2017 ഡിസംബര്‍ 27 നാണ് തലശ്ശേരി- വളവുപാറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായ കൂട്ടുപുഴ പാലം പണി മാക്കൂട്ടം ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് വിഭാഗം അധികൃതര്‍ തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് വിവിധ തലത്തിലുള്ള നിരവധി ശ്രമങ്ങളാണ് നടത്തിയത്. ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണ്ണാടക പ്രാദേശിക യോഗം മുഖ്യമന്ത്രി യദിയൂരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് 2019 സെപ്തംബര്‍ 26 ന് പാലം പണി തുടരാന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയത്.
അന്തിമ അനുമതി കര്‍ണ്ണാടക വനം മേധാവിയുടെ നിരീക്ഷണത്തിലും നിബന്ധനകള്‍ക്ക് വിധേയമായും വേണം കൂട്ടുപുഴ പാലം പണി നടത്തേണ്ടതെന്നും അതിര്‍ത്തിയില്‍ 0.177 ഹെക്ടര്‍ വരുന്ന വന്യജീവി സങ്കേത പ്രദേശത്തെ മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും നാശമുണ്ടാവാതെ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പണി തുടങ്ങുന്നതില്‍ തടസ്സമില്ലെന്ന് കര്‍ണ്ണാടക വനംവകുപ്പ് മേധാവി സഞ്ജയ് മോഹന്‍ അറിയിച്ചു. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ എംപവേര്‍ഡ് കമ്മറ്റി യോഗം 2019 ഓഗസ്റ്റ് 27 ന് ബംഗളൂരുവില്‍ ചേര്‍ന്ന് അനുകൂല തീരുമാനം എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: