തൃശൂര്‍: മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള (പിങ്ക് കാര്‍ഡ്) സൗജന്യ കിറ്റ് വിതരണം നീട്ടിയത് റേഷന്‍ വ്യാപാരികളെ വെട്ടിലാക്കി. ചില സാധനങ്ങളുടെ ക്ഷാമം കാരണം ആവശ്യത്തിന് ഭക്ഷ്യകിറ്റുകള്‍ നിറക്കാന്‍ സാധിക്കുന്നില്ല. കടുക്, കടല, പരിപ്പ്, ഉഴുന്ന് എന്നിവയാണ് പ്രധാനമായും ലഭിക്കാത്തത്. ജില്ലയില്‍ മൊത്തം 8.37 ലക്ഷം കാര്‍ഡുകളുണ്ട്. ഇവരില്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകളായി 52,677 പേരാണുള്ളത്. ഇവര്‍ക്ക് മാത്രമാണ് വിതരണം പൂര്‍ത്തിയായത്.
റേഷന്‍ കടകളിലെത്തിച്ച കുറെ ഭക്ഷ്യകിറ്റുകള്‍ ഇപ്പോള്‍ ദിവസങ്ങളായി കെട്ടിക്കിടക്കുകയുമാണ്. ചില റേഷന്‍ കടകളില്‍ 300ഓളം കിറ്റുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ചെറിയ റേഷന്‍കടകളില്‍ സ്ഥലപരിമിതി മൂലം സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതും വ്യാപാരികളെ വലച്ചു.
പിങ്ക് കാര്‍ഡുടമകള്‍ക്ക് ഇന്നലെ മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ റേഷന്‍ കടകളിലേക്ക് ഒരാഴ്ച മുമ്പ് കിറ്റുകള്‍ എത്തിച്ചിരുന്നു. എന്നാല്‍ കിറ്റുകള്‍ തയ്യാറാക്കാന്‍ വൈകുന്നതിനാല്‍ വിതരണം ചെയ്യുന്ന തിയതി 27ലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചതോടെ വ്യാപാരികള്‍ പ്രയാസത്തിലായി.
27 വരെ കിറ്റുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ റേഷന്‍ കടയുടമകള്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റില്‍ 17 ഇനം സാധനങ്ങളുണ്ട്. ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ പാടുപെടുകയാണ് റേഷന്‍ വ്യാപാരികള്‍. വെളിച്ചെണ്ണ ഉള്‍പ്പെടെ കിറ്റിലെ ഏതാനും വസ്തുക്കള്‍ കേടായി തുടങ്ങി. കനത്ത ചൂടിനെ തുടര്‍ന്ന് വെളിച്ചെണ്ണയുടെ കവര്‍ പൊട്ടുന്നുണ്ടെന്നും ഇതേ തുടര്‍ന്ന് കിറ്റിലെ മറ്റു സാധനങ്ങള്‍ കൂടി കേടാകുന്നുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
പല റേഷന്‍ വ്യാപാരികളും കടമുറികള്‍ താത്കാലികമായി വാടകക്കെടുത്താണ് കിറ്റുകള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ചെറിയ റേഷന്‍ കടയുടമകള്‍ക്ക് ഇതിനു സാധിക്കാത്ത സ്ഥിതിയാണ്. റേഷന്‍ കടകളിലെ തിരക്കും സ്ഥലപരിമിതിയും കാരണം ഏറെ ബുദ്ധിമുട്ടാണിപ്പോള്‍ അനുഭവിക്കുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: