ട്വിറ്ററില്‍ ഇടക്കാലത്ത് വൈറലായ ഒരു ട്വീറ്റ്, ”ചൈന കള്ളം പറഞ്ഞു, ആളുകള്‍ മരിച്ചുവീണു” വളരെ പ്രസക്തമാണ്. കോവിഡ്19 പകര്‍ച്ചവ്യാധിയുടെ താണ്ഡവത്തിന് ശേഷം, ആഗോളമായി പല മാറ്റങ്ങളും സംഭവിക്കും. അതിലൊന്ന്, ചൈനീസ് പാസ്പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ലോകവ്യാപക ബഹുമാനത്തില്‍ കുറവുണ്ടാകുമെന്നതാണ്. സമീപഭാവിയില്‍ ചൈനയുടെ സാമ്പത്തിക സ്വാധീനം ഗണ്യമായി കുറയുമെന്ന് തോന്നുന്നില്ല, പക്ഷേ ‘ബ്രാന്‍ഡ് ചൈനയ്‌ക്കു’ തീര്‍ച്ചയായും മങ്ങല്‍ ഏല്‍ക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ചൈനീസ് സര്‍ക്കാര്‍ പ്രത്യേകിച്ച് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കീഴില്‍ ലോകമെമ്പാടും ചൈനയെക്കുറിച്ച് ഒരു നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് ധാരാളം സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു. രാജ്യം അതിവേഗം സാമ്പത്തിക പുരോഗതി കൈവരിച്ചു എങ്കിലും, ചൈനയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായ അനുകൂലമല്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ചൈനയെ ‘അതിവേഗം പുരോഗമിക്കുന്ന പക്ഷേ വിശ്വസിക്കാനാവാത്ത’, ‘വ്യക്തിപരമായ സ്വാതന്ത്ര്യമില്ലാത്ത’, ‘സ്വേച്ഛാധിപതിയായ ഒരു കമ്മ്യൂണിസ്റ്റ്’ രാഷ്‌ട്രമായി ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്നു. അത്തരമൊരു ചിത്രം കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് പല പാശ്ചാത്യ മാധ്യമങ്ങളും തങ്ങളുടെ പങ്ക് വഹിച്ചു. ഇത് വളരെക്കാലമായി ചൈനക്കാരുടെ അഭിമാനത്തെ വല്ലാതെ വേദനിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റ് തന്റെ എല്ലാ പ്രയത്നങ്ങളും ചൈനയുടെ മൃദുശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി അതിന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനും ഉപയോഗിച്ചത്. ചൈനയിലെ പൗരന്മാര്‍ വലിയ തോതില്‍ ഇതില്‍ പങ്കാളികളായി. ഈ മൃദു ശക്തി പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ധാരാളം ചൈനീസ് വിനോദ സഞ്ചാരികള്‍, ലോകമെമ്പാടുമുള്ള ചൈനീസ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, നിരവധി വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പ്രതിച്ഛായ നിര്‍മ്മാണ പ്രയത്നത്തില്‍ ചൈനീസ് പ്രവാസികളും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. വളരെയധികം തന്ത്രപ്രധാനമായ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതി, സാമ്പത്തികവും ഭൗമ-രാഷ്‌ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്കുപുറമെ, പ്രതിച്ഛായ നിര്‍മ്മാണത്തിനും കൂടെയാണ് ആസൂത്രണം ചെയ്തതെന്ന് പല വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളെല്ലാം ചൈനീസ് സര്‍ക്കാര്‍ തന്നെ നേരിട്ട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 വന്നതോടെ ഇതെല്ലാം മാറി.
വൈറസിന്റെ ആഘാതം ലോകമെമ്പാടും പ്രകടമായതിനുശേഷം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ വ്യക്തമായി കുറ്റപ്പെടുത്തുകയും വൈറസിനെ ‘ചൈന വൈറസ്’എന്ന് പരസ്യമായി വിളിക്കുകയും ചെയ്തു. കൊറോണ19നെ ‘ചൈന അല്ലെങ്കില്‍ വുഹാന്‍’ വൈറസ് എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഒരു ആഗോള രീതി നിലവിലുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, നിരവധി രോഗ ബാധിത രാജ്യങ്ങളില്‍ ചൈനീസ് പൗരന്മാര്‍ക്കെതിരെ ‘മാസ്‌കോഫോബിയുമായി’ ബന്ധപ്പെട്ട ശാരീരിക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് ചില രോഗ ബാധിത രാജ്യങ്ങള്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള ചൈനീസ് ശ്രമങ്ങള്‍ പോലും കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയത്. ചൈനയ്‌ക്കെതിരെ ടെക്സാസില്‍ 20 ട്രില്യണ്‍ ഡോളര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അവരുടെ ആരോപണം, ”ചൈന ജൈവായുധമായി കൊറോണ സൃഷ്ടിക്കുകയും വിട്ടയക്കുകയും ചെയ്തു” എന്നതാണ്. ഇതു മഹാമാരിയുടെ ഉത്തരവാദിത്വം ചൈനയുടെ ആണെന്നും അതില്‍ ലോകത്തെമ്പാടും എത്രമാത്രം അമര്‍ഷം നിലനില്‍ക്കുന്നു എന്നും സൂചിപ്പിക്കുന്നു. ‘മേഡ് ഇന്‍ ചൈന’ എന്നതിന് ഇപ്പോള്‍ ഒരു പുതിയ അര്‍ത്ഥമുണ്ട്. അഭിമാനികളായ ചൈനക്കാരെ ഈ അപമാനം തീര്‍ച്ചയായും വേദനിപ്പിക്കും. അതുകൊണ്ട് ചൈനക്കാര്‍ ഇത് എങ്ങനെ ഉള്‍ക്കൊള്ളും? നിലവിലെ കുഴപ്പങ്ങള്‍ക്ക് അവര്‍ ആരെ ഉത്തരവാദിയായി കാണും?
വുഹാനിലെ ഈ പ്രതിസന്ധിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍, ചൈനീസ് ഭരണകൂടം അതി ക്രൂരമായി കൈകാര്യം ചെയ്തതിന് ലോകം സാക്ഷ്യം വഹിച്ചു. വൈറസിനെതിരായ പോരാട്ടത്തില്‍ ചൈനീസ് പൗരന്മാര്‍ ജീവിതവും മനുഷ്യാവകാശങ്ങളും നഷ്ടപ്പെടുത്തി വളരെ കനത്ത വില നല്‍കി. വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനുശേഷം, ചൈനക്കാര്‍ ഇപ്പോള്‍ അന്താരാഷ്‌ട്ര സമൂഹത്തില്‍ നിന്നും ‘സാമൂഹിക അകലം’നേരിടുന്നു. ഒരു സാമ്പത്തിക വന്‍ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഇപ്പോള്‍ ‘മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയുടെ കേന്ദ്രമായി’ കാണുന്നു. കാഴ്ചപ്പാടുകളുടെ ഈ യുദ്ധത്തില്‍ ചൈന ദുര്‍ബലമായി കൊണ്ടിരിക്കുന്നു. ചൈനയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അവിടുത്തെ പൗരന്മാര്‍ക്കിടയില്‍ കടുത്ത നിരാശയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ചൈനീസ് യുവാക്കള്‍ പ്രസിഡന്റ് ഷി ജിന്‍ പിംഗിനെതിരെ പ്രതിഷേധം സാമൂഹ്യ മാധ്യമത്തില്‍ വന്‍തോതില്‍ ഉയര്‍ത്തുന്നു. ഹുബെ പ്രവിശ്യയിലും പൊതു പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഠിനമായ അടച്ചുപൂട്ടല്‍, സമ്പൂര്‍ണ്ണ മാധ്യമ സെന്‍സര്‍ഷിപ്പ്, വന്‍ പ്രചാരണ യന്ത്രങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും, ‘വസ്തുതകള്‍ മറച്ചുവെച്ചു’ എന്ന ലോക കാഴ്ചപ്പാട് മാറ്റാന്‍ ചൈനീസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ വൈറസിന്റെ പിടിയില്‍ നിന്ന് ലോകം കരകയറിക്കഴിഞ്ഞാല്‍, ചൈനക്കാര്‍ക്ക് ഈ വിവരണവും, ‘ആഗോള സാമൂഹിക അകലവും’ വളരെക്കാലം സഹിക്കേണ്ടിവരും. ഇതു ചൈനയില്‍ വന്‍ മാറ്റത്തിന് തുടക്കം ആയി മാറാന്‍ എല്ലാ സാധ്യതകളും ഉണ്ട്. പഴയകാല വിപ്ലവകാരികളുടെ നാട്ടില്‍, പുതിയ തലമുറ വിപ്ലവത്തിന് പുതിയ അര്‍ഥങ്ങള്‍ കണ്ടുപിടിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: