ചെന്നൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച തലപുകഞ്ഞ് ആലോചിക്കുകയാണ് കായിക ഭരണകര്‍ത്താക്കള്‍. ജര്‍മനിയിലെ ഫുട്ബോള്‍ ലീഗായ ബന്ദസ് ലിഗ മത്സരങ്ങള്‍ മിക്കവാറും അടുത്ത മാസം പുനരാരംഭിക്കും. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനും (ബിസിസിഐ)അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഇത്തരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് യോജിപ്പില്ല.
ഇന്ത്യയും ജര്‍മനിയും ഒന്നല്ല. ഇന്ത്യയിലേയും ജര്‍മനിയിലേയും സാമൂഹിക യാഥാര്‍ഥ്യങ്ങളും വ്യത്യസ്ഥമാണ്. ഇന്ത്യയില്‍ അടുത്തകാലത്തൊന്നും ക്രിക്കറ്റ് നടക്കാന്‍ സാധ്യതയില്ല. നിലവില്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നല്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ ഗാംഗുലി വ്യക്തമാക്കി.
മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മനുഷ്യജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ മത്സരങ്ങളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. ഇതോടെ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയിലോ വിദേശത്തോ നടക്കില്ലെന്ന് ഉറപ്പായി.
ഇന്ത്യന്‍ ടീമില്‍ ഗാംഗുലിയുടെ സഹതാരവും നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ ഹര്ഭജന് സിങ്ങും ഗാംഗുലിയുടെ അഭിപ്രായത്തോട് യോജിച്ചു. മുന്‍നിരക്കാരായ ക്രിക്കറ്റ് താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് മാത്രമല്ല ആരാധകരെ ആകര്‍ഷിക്കുന്നത്. ഐപിഎല്‍ ടീമുകള്‍ യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തിലും ഹോട്ടലുകളിലും സ്റ്റേഡിയത്തിനു പുറത്തുമൊക്കെ ആരാധകര്‍ കൂട്ടംകൂടും.
സാമൂഹിക അകലം പാലിച്ചുകൊണ്ട് എങ്ങിനെ ഇവരെ നിയന്ത്രിക്കാനാകും. സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ ഒഴിവാക്കിയാലും സഹതാരങ്ങള്‍ക്ക് രോഗലക്ഷണമുണ്ടായാല്‍ സ്ഥിതി ഗുരുതരമാവില്ലേയെന്ന് ഹര്‍ഭന്‍ ചോദിക്കുന്നു.പക്ഷെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയയ്ക്ക് ഇ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടാല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കണം. അടച്ചിട്ട സ്റ്റേഡിയത്തിലായാലും മത്സരങ്ങള്‍ നടത്തണമെന്ന് ബൂട്ടിയ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ മത്സരങ്ങള്‍ തുടങ്ങണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയാല് നമ്മള് അവസരം നഷ്ടപ്പെടുത്തരുത്, ബൂട്ടിയ പറഞ്ഞു.
എന്നാല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് സുബ്രത ദത്ത, ബൂട്ടിയയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. കാണികളെ ഒഴിവാക്കിയാലും ടിവി സംഘവും മാധ്യമ പ്രവര്‍ത്തകരും അടക്കം നൂറിലേറെപ്പേര്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയില്ലെന്ന് ആര്‍ക്ക് ഉറപ്പാക്കാനാകും. അങ്ങിനെ വല്ലതും സംഭവിച്ചാല്‍ സ്റ്റേഡിയം തന്നെ പൂട്ടേണ്ടിവരും. ആരാധകര്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരില്ലാതെ മത്സരങ്ങള്‍ നടത്തുന്നത് നഷ്ടം തന്നെയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കളിക്കാരും സംപ്രേക്ഷകരും തയ്യാറാണെങ്കില്‍ കായിക മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലും ആരംഭിക്കാവുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി പറഞ്ഞു.
കൊറോണയെ തുടര്‍ന്ന് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കി. ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ യുഎസ് ഓപ്പണ്‍ നടത്താന്‍ താല്‍പ്പര്യമില്ലെന്ന് യുഎസ് ഓപ്പണ്‍ സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: