Categories: Samskriti

ഹരിശ്ചന്ദ്രന് മഹോദരം

കന്‍ രോഹിതനെ തനിക്ക് ബലി നല്‍കാമെന്ന വാക്ക് ലംഘിക്കാന്‍ മഹാരാജാ ഹരിശ്ചന്ദ്രന്‍ മനപ്പൂര്‍വം ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. രോഹിതന്‍ കവചാദികള്‍ ധരിച്ച് യുദ്ധസന്നദ്ധനാകുന്നതു വരെ ക്ഷമിക്കണമത്രെ. വരുണഭഗവാന്‍ ചില കണക്കുകൂട്ടലുകളുമായാണ് തിരിച്ചു പോയത്.  

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രാജകുമാരന്‍ രോഹിതന് ഒരു മോഹം. കുറച്ചു സമയം നായാട്ടിനു പോകണം. രാജാക്കന്മാരുടെ വിനോദം പ്രധാനമായും നായാട്ടാണ്. തങ്ങളുടെ ക്ഷാത്രവീര്യത്തിന്റെ അഭ്യാസത്തിനുള്ള അവസരം കൂടിയാണത്. രോഹിതന്‍ കവചം ധരിച്ച് ആയുധങ്ങളുമായി കാട്ടിലേക്കു പോയി.  

കാട്ടില്‍ വച്ച് ദേവേന്ദ്രന്‍ രോഹിതനെ കണ്ടുമുട്ടി. രോഹിതന്‍ വരുണദേവനുള്ള ഒരു  ബലിമൃഗമാണെന്ന് ദേവേന്ദ്രന്‍ പറഞ്ഞു മനസ്സിലാക്കി. മരണത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് സ്വാഭാവികമായും രോഹിതന് മോഹമുദിച്ചു. എങ്കില്‍ കൊട്ടാരത്തിലേക്ക് മടങ്ങരുതെന്ന് ദേവേന്ദ്രന്‍ ഉപദേശിച്ചു. അതു മാനിച്ച് കാട്ടില്‍ തന്നെ ഒളിവില്‍ കഴിയാന്‍  രോഹിതന്‍ നിശ്ചയിച്ചു. രാജകുമാരന്‍ കവചധാരിയായി ആയുധങ്ങളും വഹിച്ചു കൊണ്ട് കൊട്ടാരത്തിന് പുറത്തിറങ്ങിയതറിഞ്ഞ് വരുണന്‍ വീണ്ടും കൊട്ടാരത്തിലെത്തി.

നേര്‍ച്ചയനുസരിച്ചുള്ള ബലി ഉടന്‍ വേണമെന്ന് വരുണന്‍ രാജാ ഹരിശ്ചന്ദ്രനോട് ആവശ്യപ്പെട്ടു. രോഹിതന്‍ കൊട്ടാരത്തിലില്ലെന്നും നാടുവിട്ടു പോയിരിക്കയാണെന്നും ഹരിശ്ചന്ദ്രന്‍ വരുണനെ അറിയിച്ചു. ഒഴിവുകഴിവുകള്‍ പലതും കഴിഞ്ഞെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും വരുണന്‍ താക്കീതു പോലെ ഹരിശ്ചന്ദ്രനെ അറിയിച്ചു. സത്യലംഘനത്തിനുള്ള ശിക്ഷ രാജാവും കൊട്ടാരവും അനുഭവിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വരുണന്‍ മടങ്ങിയത്.  

വരുണന്‍ പോയി അധികനേരം കഴിയും മുന്‍പു തന്നെ ഹരിശ്ചന്ദ്രനും പരിവാരങ്ങള്‍ക്കും മഹോദരം ബാധിച്ചു. എല്ലാവരുടേയും വയറുവല്ലാതെ വീര്‍ത്ത് ഇപ്പോള്‍ പൊട്ടുമെന്ന പോലെ വളര്‍ന്നു. ഈ വീര്‍പ്പുമുട്ടിന്റെ കാരണം വരുണശാപമാണെന്നും സത്യലംഘനത്തിന്റെ ശിക്ഷയാണിതെന്നും ഗുരുജനങ്ങളില്‍ നിന്നും ഹരിശ്ചന്ദ്രന്‍ മനസ്സിലാക്കി. നേരത്തോടു നേരമാകും മുന്‍പു തന്നെ കൊട്ടാരത്തില്‍ രോഗികളുടെ എണ്ണം പെരുകി വന്നു.  

ഹരിശ്ചന്ദ്രന്‍ ഗുരുക്കന്മാരുമായി ആലോചിച്ചു. ഇനി എന്താണ് മാര്‍ഗം? മകനെ കണ്ടു കിട്ടിയിട്ടുമില്ല. തിരച്ചിലുകളെല്ലാം വിഫലമായി. പകരം ഒരാളെ പുത്രസ്ഥാനത്തേക്ക് നിശ്ചയിച്ച് ബലികൊടുത്താലും ശാപമോക്ഷത്തിന് മാര്‍ഗമുണ്ടാകുമെന്ന് വസിഷ്ഠാദികള്‍ ഉപദേശിച്ചു. പുത്രനെ കാണാത്ത ദുഃഖത്തേക്കാള്‍ വലുതായി മഹോദരമെന്ന മഹാരോഗം. ദേവേന്ദ്രന്‍ ഇടയ്‌ക്കിടെ വനത്തില്‍ രോഹിതനെ ചെന്നു കണ്ട്  പുണ്യതീര്‍ഥ ദര്‍ശനങ്ങളിലൂടെ രക്ഷാമാര്‍ഗം കണ്ടെത്തണമെന്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക