കോടോംബേളൂര്‍: 30 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ടും കുലുക്കമില്ലാതെ പിഡബ്ല്യൂഡി അധികൃതര്‍. 12 ഓളം ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പാലമാണ് കോണ്ക്രീറ്റുകള് അടര്‍ന്ന് വീണ് കമ്പികള്‍ പുറത്ത് കാണുന്ന രീതിയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ലാത്തത്. കോടോംബേളൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍പ്പെട്ട വളാപ്പാടി പാലത്തിനോടാണ് പിഡബ്ല്യുഡി അധികൃതര്‍ അനാസ്ഥ കാട്ടുന്നത്.
മഴയ്ക്ക് മുമ്പ് പുതിയ പാലം പണിയണമെന്ന് പഞ്ചായത്ത് ഭരണസമിതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയെടുക്കാതെ പൊതുമരാമത്ത് അധികൃതര്‍ അലസത കാട്ടുകയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ റവന്യുമന്ത്രി ഇടപെട്ട് പുതിയ പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കാലിച്ചാനടുക്കത്ത് നിന്ന് കാഞ്ഞങ്ങാട് പട്ടണത്തിലേക്കും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയിലേക്കും ഈ ഭാഗത്തെ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജനകീയ ബസ് അടക്കം 12 ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് പുറമേ നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങളും ഭാരം കയറ്റിയ ലോറികളും ഈ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. വലിയ ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് മുമ്പ് തന്നെ പുതിയ പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: