Categories: Kannur

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്: ഏഴു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു: ഒരാള്‍ക്ക് ട്രെയിനിലെ തബ്‌ലീഗ് സമ്പര്‍ക്കം

കണ്ണൂര്‍: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ കൊറോണബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി (33), 20ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി (57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി (58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി (30) എന്നിവരാണ് ദുബൈയില്‍ നിന്നെത്തിയവര്‍.

 25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്. ഇതില്‍ സഞ്ചരിച്ച ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചവരികയായിരുന്നവരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒന്‍പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍. ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്‌ക്ക് വിധേയരായത്. 

 ഇതോടെ ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3336 പേരാണ്. 45 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 21 പേര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2432 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 2202 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 2052 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.   

അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് നടപ്പിലാക്കി. ഇത് പ്രകാരം നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്രോളിങ് ആരംഭിക്കും. നിരീക്ഷണത്തിലുള്ളവര്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കു.  

 ഇപ്പോള്‍ അത്യാവശ്യക്കാരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുന്നുള്ളു. ഹോട്ട്‌സ്‌പോട്ടുകള്‍ മൊത്തം ജില്ലയില്‍ നിന്ന് ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന റോഡുകളൊഴിച്ച് ഇടറോഡുകളിലെല്ലാം വാഹന ഗതാഗതം നിരോധിച്ചു. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചൊവ്വാഴ്ച മാത്രം പത്ത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ലോക്ക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാനും തുടങ്ങിയതോടെയാണ് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കിയത്.  

ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐജി അശോക് യാദവ് പറഞ്ഞു.  കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ മുനിസിപ്പാലിറ്റികള്‍, ചിറ്റാരിപ്പറമ്പ്, നടുവില്‍, ന്യൂ മാഹി, കുന്നോത്ത്പറമ്പ്, പന്ന്യന്നൂര്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, മാട്ടൂല്‍, പെരളശ്ശേരി, ഏഴോം, മാങ്ങാട്ടിടം, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകള്‍ എന്നിവയാണ് കണ്ണൂര്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. 

കോവിഡ് രോഗികളുടെ എണ്ണവും സമ്പര്‍ക്കപ്പട്ടികയും അടിസ്ഥാനമാക്കിയാണ് ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിക്കുന്നത്.  ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 111 ആണ്. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പോലീസ് നടപടി കര്‍ശനമാക്കിയതോടെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണം തുടരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക