Categories: Special Article

ഇന്ന് ലോക ഭൗമദിനം; ഒന്നിച്ച് കൈപിടിക്കാം പ്രകൃതിസംരക്ഷണത്തിനായി

പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്ക് മടക്കിക്കൊണ്ടുവരാന്‍, പ്രകൃതിയുമായി മനുഷ്യന്‍ ഏറെ നാള്‍ സമ്പര്‍ക്കം പുലര്‍ത്താതിരുന്നാല്‍ മതി എന്നതിന് ഉദാഹരണമാണ് ഈ കോവിഡ് കാലം. ഇതൊരു അതിശയോക്തിയായി തോന്നാം. പക്ഷേ, യാഥാര്‍ത്ഥ്യമാണ് എന്നതിന് തെളിഞ്ഞൊഴുകുന്ന ഗംഗയും യമുനയും തലസ്ഥാന നഗരിയായ ദല്‍ഹിയുമൊക്കെ തന്നെ തെളിവുകള്‍. കൊറോണ വൈറസ് കൊണ്ട് പ്രകൃതിയില്‍ നടക്കുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

കോവിഡ് 19 പശ്ചാത്തലത്തിലാണ് ലോകം 50-ാം ഭൗമദിനം ആചരിക്കാന്‍ പോകുന്നത്. 1970 ഏപ്രില്‍ 22ന് ആണ് ഭൂമിയുടെ സംരക്ഷണാര്‍ത്ഥം ആദ്യത്തെ ഭൗമദിനാഘോഷം നടന്നത്. നമ്മള്‍ അധിവസിക്കുന്ന ഭൂമി ഇനി എത്രനാള്‍ വാസയോഗ്യമാവും എന്നത് വരും കാലങ്ങളില്‍ മനുഷ്യന് പ്രകൃതിയോടുള്ള സമീപനം എപ്രകാരം ആയിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയേ കണക്കാക്കാന്‍ പറ്റൂ.

പ്രകൃതിയാണ് മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും നിലനില്‍പ്പിന് ആധാരം. ആ പ്രകൃതിയെയാണ് പലവിധത്തില്‍ ചൂഷണം ചെയ്ത്, സ്വന്തം നിലനില്‍പ്പ് പോലും അപകടത്തിലാക്കുന്നതും. വായു മലിനീകരണം, ജലമലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാല്‍ ഭൂമിയുടെ തന്നെ ആസന്നമൃത്യുവിന് വഴിയൊരുക്കുകയാണ് മനുഷ്യര്‍.

പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്ക് മടക്കിക്കൊണ്ടുവരാന്‍, പ്രകൃതിയുമായി മനുഷ്യന്‍ ഏറെ നാള്‍ സമ്പര്‍ക്കം പുലര്‍ത്താതിരുന്നാല്‍ മതി എന്നതിന് ഉദാഹരണമാണ് ഈ കോവിഡ് കാലം. ഇതൊരു അതിശയോക്തിയായി തോന്നാം. പക്ഷേ, യാഥാര്‍ത്ഥ്യമാണ് എന്നതിന് തെളിഞ്ഞൊഴുകുന്ന ഗംഗയും യമുനയും തലസ്ഥാന നഗരിയായ ദല്‍ഹിയുമൊക്കെ തന്നെ തെളിവുകള്‍. കൊറോണ വൈറസ് കൊണ്ട് പ്രകൃതിയില്‍ നടക്കുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

പ്രകൃതിക്ക് ആവശ്യം മണ്ണ് (ഭൂമി), വായു, ജലം, ആകാശം, അഗ്‌നി എന്നീ പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണമാണ്. ഇതിനായി ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഭൂമിയില്‍ പ്രകൃതിയ്‌ക്ക് ഇണങ്ങാതെ ജീവിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. ആ അവസ്ഥയ്‌ക്കാണ് ആദ്യം മാറ്റം വരേണ്ടത്. പ്രകൃതിയില്‍ നിന്ന് അപഹരിച്ചതൊക്കെ തിരിച്ചുകൊടുത്തുകൊണ്ടുമാത്രമേ ആ കടം വീട്ടാന്‍ സാധിക്കൂ. അതിന് ആദ്യം വേണ്ടത് മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നതാണ്. അന്തരീക്ഷത്തിലേക്ക് പുറംന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുത്ത് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും ആഗോള താപനം എന്ന പ്രതിഭാസത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനും മരങ്ങള്‍ കൂടിയേ തീരൂ.

ഭൂമി

പഞ്ചഭൂതങ്ങളെ ആരാധിച്ചിരുന്ന ഭാരതീയര്‍ ഭൂമിയെ ദേവിയായിട്ടാണ് സങ്കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ പൈതൃകത്തിന് കൈമോശം വന്നിരിക്കുന്നു. മണ്ണ് എന്നത് വീടുവയ്‌ക്കുന്നതിനും നമുക്ക് ആവശ്യമില്ലാത്തതെല്ലാം നിക്ഷേപിക്കുന്നതിനുമുള്ള ഇടമായി മാറി. ഭൂമിയുടെ ശ്വാസകോശത്തെ തന്നെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും അനേകവര്‍ഷം കഴിഞ്ഞാലും മോചനം അസാധ്യം. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഉപേക്ഷിച്ചുകൊണ്ടുമാത്രമേ ഭൂമിയുടെ സംരക്ഷണം സാധ്യമാകൂ. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ മാത്രം നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ശീലിക്കുകയാണ് ഏക പ്രതിവിധി. രാസവളങ്ങളും കീടനാശിനികളും തുടങ്ങി മണ്ണ് മലിനമാക്കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്. ജൈവകൃഷി രീതി അവലംബിച്ചും, മാലിന്യങ്ങള്‍ യഥാവണ്ണം സംസ്‌കരിച്ചും ഭൂമിയെ ഒരുപരിധിവരെ സംരക്ഷിക്കാന്‍ സാധിക്കും.

ജലം

ജീവന്റെ നിലനില്‍പിന് ആധാരം തന്നെ ജീവജലമാണ്. വരും കാലം ജനം യുദ്ധം ചെയ്യുക ജലത്തിന് വേണ്ടിയാവും എന്നാണ് വിലയിരുത്തല്‍. അത്ര അമൂല്യമാണ് ജലം. എന്നാല്‍ നമ്മുടെ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ എല്ലാം തന്നെ ഇന്ന് മലിനമാണ്. ജലം മലിനമാവുക മാത്രമല്ല, വെള്ളക്കെട്ട് പോലുള്ള സ്ഥിതി വിശേഷത്തിനും മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ഇത് ഇടയാക്കും. മണല്‍ വാരല്‍, അനധികൃത മണല്‍ ഖനനം ഇതെല്ലാം പുഴകളുടെ നാശത്തിനും വഴിവയ്‌ക്കും. വ്യാവസായിക ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതും ജലാശയങ്ങളിലേക്കാണ്. മനുഷ്യരുടെ മാത്രമല്ല, പക്ഷിമൃഗാദികളുടേയും നിലനില്‍പ്പ് ജലമലിനീകരണം കാരണം അപകടത്തിലാവും. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുക മാത്രമാണ് ഏക പോംവഴി.

വരും നാളുകളില്‍ ജലദൗര്‍ലഭ്യം രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍, വെള്ളം മിതമായി ഉപയോഗിക്കാനും പഠിക്കണം. ജലം പാഴാകാതിരിക്കാന്‍ മഴവെള്ള സംഭരണികളും മഴക്കുഴികളും സഹായിക്കും.

വായു

ഹാനികരമായ പദാര്‍ത്ഥങ്ങള്‍ വായുവിലേക്ക് പുറന്തള്ളുന്നതാണ് വായു മലിനീകരണത്തിന് പ്രധാനകാരണം. വാഹനപ്പെരുപ്പം, ജനസംഖ്യാ വര്‍ധനവ്, വ്യാവസായിക വത്കരണം ഇതിലൂടെയെല്ലാം വായു മലിനമാക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കാര്‍ബണ്‍ഡൈ ഓക്സൈഡാണ് ഇവിടെ വില്ലന്‍. വന്‍തോതിലുള്ള വനനശീകരണത്തിന്റെ അനന്തരഫലമാണ് ലോകം ഇപ്പോള്‍ ആഗോളതാപനം എന്ന പേരില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടംകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. ശ്വാസകോശ രോഗം മുതല്‍ കാന്‍സറിനു വരെ വായുമലിനീകരണം കാരണമാകുന്നു.

വായു ശുദ്ധീകരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടുന്നത് മരം ഒരു വരം എന്ന് കണക്കാക്കി നിറയെ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക എന്നതാണ്. വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ നിന്നും രക്ഷനേടാന്‍, സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം.

അഗ്‌നി അഥവാ ഊര്‍ജ്ജം

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിന് പകരമായി സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയ ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗവും മറ്റും ആഗോള താപനത്തിന് ഇടയാക്കുമെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഊര്‍ജ്ജ ഉപഭോഗത്തില്‍ മിതത്വം പാലിച്ചുകൊണ്ടും പ്രകൃതി സൗഹാര്‍ദ്ദം ഉറപ്പുവരുത്തിയും മാത്രമേ ആഗോളതാപനം എന്ന വിപത്ത് തടയാന്‍ സാധിക്കൂ. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം കൂടിയ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തുന്ന ഓസോണ്‍ പാളികളുടെ സുരക്ഷിതത്വവും ഭാവിയില്‍ ആഗോളതാപനത്തിന്റെ തോതിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കണം.

ആകാശം

ഭൂമി മാത്രമല്ല, നമ്മുടെ ബഹിരാകാശം പോലും ഇപ്പോള്‍ സുരക്ഷിതമല്ല. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ‘പാര്‍ശ്വഫല’ ങ്ങളും അനുഭവിക്കാന്‍ ഈ പ്രപഞ്ചം ബാധ്യസ്ഥമാവുകയാണ്. പ്രവര്‍ത്തന രഹിതമായ കൃത്രിമോപഗ്രഹങ്ങള്‍, ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍, നശിപ്പിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ കഷ്ണങ്ങള്‍ തുടങ്ങിയവയാണ് ശൂന്യാകാശ അവശിഷ്ടങ്ങളില്‍ പ്രധാനം. ഇത്തരത്തില്‍ ദശലക്ഷക്കണക്കിന് മാലിന്യങ്ങളാണ് ബഹിരാകാശത്ത് ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നത്.  

ഈ മാലിന്യങ്ങള്‍ ബഹിരാകാശ ഗവേഷണ രംഗത്തും വെല്ലുവിളിയായിരിക്കുകയാണ്. ബഹിരാകാശ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള പ്രതിവിധിയാണ് ഇനി ശാസ്ത്രലോകം കണ്ടെത്തേണ്ടത്. മനുഷ്യവാസമില്ലാത്തിടത്തുപോലും മാലിന്യം നിക്ഷേപിക്കാന്‍ മനുഷ്യന് സാധിച്ചു എന്നത് ഒട്ടും അഭിമാനിക്കാവുന്ന കാര്യമല്ല. ശാസ്ത്രപുരോഗതി പ്രപഞ്ചത്തിന്റെ, ഈ പ്രകൃതിയുടെ നാശത്തിന് വേണ്ടിയാവരുത്.

നമ്മുടെ ഓരോ പോരാട്ടവും അവനവന്റെ നിലനില്‍പ്പിന് വേണ്ടിമാത്രമാവരുത്. മാനവരാശിക്ക് നിലനില്‍ക്കണമെങ്കില്‍ പ്രകൃതിയും നിലനില്‍ക്കണം. പ്രകൃതിയില്ലെങ്കില്‍ നമ്മളില്ല, വരും തലമുറയില്ല. ഭൂമിയില്‍ ജീവന്റെ തുടിപ്പുമുണ്ടാകില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts