മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളില്‍ വീട്ടില്‍ രാഘവന്‍(70), ഭാര്യ മണിയമ്മ(65) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗ്യാസ് ചോർന്നതിനെത്തുടർന്ന് അപകടമുണ്ടായതാണോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല.
പൊട്ടിത്തെറിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ ഇവരുടെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നു. ജനാലകളും വാതിലുകളും പെട്ടിത്തെറിച്ചു. വീട്ടുപകരണങ്ങളും കത്തിയമര്‍ന്നു. ഫയര്‍ഫോഴ്സെത്തി തീ കെടുത്തിയെങ്കിലും ദമ്പതികള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാഘവനും ഭാര്യയും മാത്രമാണ് ഇവിടെ താമസം. അടുക്കളയില്‍ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറില്‍ നിന്നല്ല അപകടമുണ്ടായിരിക്കുന്നത്. ബെഡ് റൂമില്‍ സൂക്ഷിച്ചതായി കരുതുന്ന സിലിണ്ടറാണ് തീപിടിത്തതിന് കാരണമായത്.
സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതെങ്ങനെയെന്ന് വ്യക്തമല്ല. രാത്രി പത്തരമണിയോടെ സ്ഫോടനശബ്ദവും തീയും കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്യാസ് വീട്ടിനുള്ളിലാകെ പരക്കുകയും മുന്‍വശത്തെ മുറിയിലുള്‍പ്പെടെ തീയും പുകയും നിറയുകയും ചെയ്തതിനാല്‍ അയല്‍ക്കാര്‍ക്കാര്‍ക്കും വീട്ടിനുളളിലേക്ക് കടക്കാനായില്ല.
ഇന്ന് രാവിലെ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കായംകുളം എംഎസ്എം കോളേജ് ജീവനക്കാരനായ വിനോദ് കുമാറാണ് മകന്‍. ഇയാള്‍ പത്തിയൂരിലാണ് താമസം. ഇയാളെക്കൂടാതെ ഇവര്‍ക്ക് ഒരു മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: