കെ.എസ്. പുട്ടസ്വാമി കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധി മൗലിക അവകാശങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നാഴികക്കല്ലാണ്. (2017(10)എസ്സിസി(10)) ഒരു വ്യക്തിയുടെ സ്വകാര്യത ഭരണഘടന പ്രദാനം ചെയ്യുന്നു. അവകാശങ്ങളുടെ ഭാഗമാണെന്ന് സുപ്രധാനമായ കാഴ്ചപ്പാട് ഈ വിധിയിലൂടെയാണ് സുപ്രീംകോടതി എടുത്തത്.
സ്പ്രിങ്ക്ളര്‍ വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് എത്രയോ മുന്‍പുതന്നെ ഡാറ്റാ സമ്പാദനത്തെക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടതി ഇങ്ങനെ പറഞ്ഞു. ”ഒരു വ്യക്തിയുടെ മെഡിക്കല്‍ രേഖകള്‍ കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാകും” എന്ന്. മലേറിയ, ഡെങ്കു തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ജനസംഖ്യയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഇത്തരം ഡാറ്റയും ഉപയോഗിക്കാമെങ്കിലും അത് വ്യക്തിയുടെ സ്വകാര്യത ലംഘിച്ചുകൊണ്ടാവരുത് എന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. കേന്ദ്ര ഗവണ്മെന്റ് നിയമിച്ച ഒരു വിദഗ്ധ സംഘം 16-10-2012ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യ ഡാറ്റ ഒരിക്കലും പരസ്യപ്പെടുത്തുകയോ അവ മറ്റൊരാള്‍ക്ക് നല്‍കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. 2017ല്‍ റിട്ടയേര്‍ഡ് ജഡ്ജ് ബി.എന്‍. ശ്രീകൃഷ്ണയുടെ അധ്യക്ഷതയില്‍ നിയമിച്ച സമിതി രാജ്യത്തെ ഡാറ്റ സംരക്ഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറാകുകയാണ്. ഡാറ്റ സമ്പാദനം സര്‍ക്കാരുകള്‍ ചെയ്യുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ബയോമെട്രിക് ഡാറ്റ ശേഖരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സംരംഭത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. (വിധിന്യായത്തിലെ 373-ാം ഖണ്ഡിക കാണുക)
സുപ്രീംകോടതി വിധി ഭരണഘടനയുടെ 141-ാം അനുഛേദം അനുസരിച്ച് എല്ലാ കോടതികളും അനുസരിക്കേണ്ടതാണ്. സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ഒരു വിദേശ കമ്പനിക്ക് കേരളത്തിലെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നത് മേല്‍പ്പറഞ്ഞ സുപ്രീംകോടതി വിധിയുടെ ലംഘനമാവില്ലേ? പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകം മുഴുവന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സംവിധാനമുള്ളപ്പോള്‍? ഒരു വിദേശ കമ്പനിയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കുമ്പോള്‍ ഈ വിഷയം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ? ഇവിടെയാണ് നിയമവകുപ്പുമായി ചര്‍ച്ച നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്. കേരള സംസ്ഥാന സര്‍ക്കാരുമായി സ്പ്രിങ്ക്ളര്‍ കമ്പനി ഉണ്ടാക്കിയ ധാരണ പ്രസിദ്ധീകരണത്തിന് ആണെന്ന് ഐടി സെക്രട്ടറിയുടെ ഫോട്ടോ അടക്കമുള്ള അവരുടെ പരസ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് സുപ്രീംകോടതി പ്രഖ്യാപിച്ച സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമല്ലേ? ഒരുപക്ഷേ ഐടി വകുപ്പിന് അറിയാത്ത ഈ കാര്യം നിയമവകുപ്പിന് ചൂണ്ടിക്കാണിക്കാമായിരുന്നു. പക്ഷേ നമ്മുടെ നിയമമന്ത്രി പറയുന്നത് നിയമവകുപ്പുമായി കൂടിയാലോചിക്കേണ്ട ആവശ്യമേ ഇല്ല എന്നാണ്. ആരെങ്കിലും ഈ വിഷയവുമായി കോടതികളെ സമീപിക്കട്ടെ എന്നാണ് നിയമമന്ത്രിയുടെ ഉപദേശം.
ഭരണഘടനയുടെ രണ്ടാം പട്ടികയില്‍ സംസ്ഥാനത്തിന് അകത്തുള്ള വ്യാപാരകരാറുകളില്‍ ഏര്‍പ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. പക്ഷേ ഇത് സുപ്രീംകോടതി പ്രഖ്യാപിച്ച സ്വകാര്യത തത്വങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്ത് നിലവിലുള്ള വിദേശവ്യാപാരത്തെ സംബന്ധിച്ച നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണം. 2010ലെ ഫോറിന് കോണ്ട്രിബ്യൂഷന് (റഗുലേഷന് ആക്ട്) എന്ന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ഈ കരാര്‍ ലംഘനമാകില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഭരണഘടനയുടെ 154-ാം അനുഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ഗവര്‍ണറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ നിര്‍വഹണാധികാരം വിനിയോഗിച്ചുകൊണ്ടാണ് ഐടി സെക്രട്ടറി കരാറോ ധാരണയോ ഒപ്പുവച്ചിട്ടുള്ളത്. ഭരണഘടനയുടെ 298-ാം അനുച്ഛേദമനുസരിച്ചാണ് വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിക്കുന്നത്. അങ്ങനെയുള്ള കരാറുകള്‍ 299-ാം അനുഛേദമനുസരിച്ച് ഗവര്‍ണറുടെ പേരിലായിരിക്കണം. ഈ നടപടികള്‍ പാലിച്ചില്ലെങ്കില്‍ കരാറുകള്‍ക്ക് നിയമപ്രാബല്യം ഉണ്ടാവില്ലെന്ന് സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. അപ്പോള്‍ ഐടി സെക്രട്ടറി സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാര്‍ നിര്വഹണാധികാരത്തില് വരുന്നതാണെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കിയ കരാറിന്റെ നിയമസാധുത സംശയകരമാണ്. പ്രത്യേകിച്ച് സംസ്ഥാനത്തെ പൗരന്മാരുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ചല്ലാതെ മന്ത്രിസഭ തീരുമാനം ഇല്ലാതെ ഐടി സെക്രട്ടറി മാത്രം സ്വന്തം ഉത്തരവാദിത്വത്തില്‍ ഉണ്ടാക്കിയ രേഖകള്‍ക്ക് നിയമപ്രാബല്യം ഉണ്ടാവുകയില്ല. പകര്‍ച്ചവ്യാധി മലേറിയ, ഡെങ്കു തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യത സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് പുട്ടസ്വാമി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. (312-ാം ഖണ്ഡിക)
മേല്‍ പ്രസ്താവിച്ച സാഹചര്യങ്ങളില്‍ നിയമവകുപ്പുമായി ബന്ധപ്പെടാതെ ഒരു വിദേശ കമ്പനിയുമായി ടെന്‍ഡര്‍ പോലും വിളിക്കാത്ത കരാറിന് എന്ത് നിയമസാധുതയാണുള്ളത്? ഇപ്പോള്‍ കേരള സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് അനുസരിച്ച് നിയമവകുപ്പിന് ബന്ധപ്പെടേണ്ട കാര്യമില്ലെന്നാണ്. നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് അനുസരിച്ചാണോയെന്നും സുപ്രീംകോടതി വിധിയുടെ വ്യാപ്തിയെങ്കിലും പരിശോധിക്കേണ്ട ബാധ്യതയില്ലേയെന്നും കേരള സര്‍ക്കാര്‍ പരിശോധിക്കേണ്ടേ. ഇത് നിയമവകുപ്പില്‍ കൂടിയോ സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍ അല്ലാതെ എങ്ങനെ സാധിക്കും? മറുപടി പറയാന്‍ കേരളസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഈ സംസ്ഥാനത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: