തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനം കഴിഞ്ഞ ഉടനാണ് സിപിഎം ഫ്രാക്ഷനുള്ള മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇക്കാര്യത്തെക്കുറിച്ച് പിആര്‍ഡി ഓഫീസറോട് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പരാതി അറിയിക്കുകയും ചെയ്തു.
സിപിഎം ഫ്രാക്ഷന് നേതൃത്വം നല്കിയ ദേശാഭിമാനിയിലെയും കൈരളിയിലെയും കലാകൗമുദിയിലെയും മാധ്യമപ്രവര്‍ത്തകരുമായി മാതൃഭൂമിയിലെയും ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരാണ് വാക്കേറ്റം നടത്തിയത്. മുഖ്യമന്ത്രിയോട് വിവാദ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ സമ്മതിക്കാത്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുന്നതിനായി മുഖ്യമന്ത്രി നോര്‍ത്ത് ബ്ലോക്കിലെ പ്രസ് കോണ്‍ഫ്രന്‍സ് ഹാളിലും മാധ്യമപ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ പിആര്‍ഡി ചേമ്പറിലുമാണ് ഇരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പത്രസമ്മേളനം നടക്കുന്നത്. സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് സിപിഎം ഫ്രാക്ഷനിലുള്ള പത്രപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനെത്തിയത്.
ഇവര്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോദ്യങ്ങള്‍ ഏഴുതിത്തയാറാക്കി നല്‍കിയിരുന്നു. ഈ ചോദ്യങ്ങള്‍ പിണറായി പത്രസമ്മേളനം 6.47 ന് അവസാനിപ്പിക്കുന്ന ഉടന്‍ ചോദിക്കണമെന്നും ചട്ടം കെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷന് പത്രപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്.
പത്രസമ്മേളനത്തിന് മണിക്കൂറുകള്‍ മുന്നേ എത്തിയ ഇവര്‍ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കി. ആകെ രണ്ടു മൈക്കാണ് പിആര്‍ഡി അനുവദിച്ചിരിക്കുന്നത്. ഈ രണ്ടു മൈക്കും വൈകിട്ട് അഞ്ചിന് എത്തി ഇവര്‍ കൈക്കലാക്കിയിരുന്നു. കൊറോണ അവലോകനം കഴിഞ്ഞതിനെ തുടര്‍ന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് 6.47നാണ് ചോദ്യോത്തര വേളയിലേക്ക് പിണറായി കടന്നത്. ആദ്യ ‘സുഖിപ്പിക്കല്‍’ ചോദ്യം ചോദിച്ചത് കലാകൗമുദിയിലെ ലേഖകനായിയിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി പറയാന്‍ തുടങ്ങിയ ഉടന്‍ ഏഷ്യാനെറ്റിലെയും മാതൃഭൂമിയിലെയും മാധ്യമ പ്രവര്‍ത്തകര്‍ മൈക്ക് ആവശ്യപ്പെട്ടു.
എന്നാല്‍, മൈക്ക് പിടിച്ചുവെച്ച ഇയാള്‍ പിന്നീട് ദേശാഭിമാനിക്കാരന് മൈക്ക് കൈമാറി. ഞങ്ങള്‍ക്കും ചോദിക്കാനുണ്ടെന്ന് മറ്റു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇവര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ദേശാഭിമാനിക്കാരന്റെയും ‘സുഖിപ്പിക്കല്‍’ ചോദ്യം കഴിഞ്ഞ് കൈരളിയിലെ മാധ്യമ പ്രവര്ത്തകന് മൈക്ക് കൈമാറുകയായിരുന്നു. പിന്നീടുള്ള രണ്ടു ചോദ്യങ്ങളും ചോദിച്ചത് സിപിഎം ഫ്രാക്ഷനിലുള്ള മാധ്യമപ്രവര്‍ത്തരായിരുന്നു. ഇവരുടെ ചോദ്യം കഴിഞ്ഞ് അടുത്ത ചോദ്യം ചോദിക്കാനായി മറ്റൊരു മാധ്യമപ്രവര്ത്തകന് എഴുന്നേറ്റതോടെ മുഖ്യമന്ത്രി പെട്ടന്ന് പത്രസമ്മേളനം കഴിഞ്ഞെന്ന് പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇരുന്ന ഹാളില്‍ മൈക്കിനെ ചൊല്ലി വാക്കേറ്റം ഉണ്ടായത്. എല്ലാവര്ക്കും ‘സുഖിപ്പിക്കല്‍’ ചോദ്യം മാത്രമല്ല ചോദിക്കാനുള്ളതെന്ന് പറഞ്ഞ് ചെറിയ തോതില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് പിആര്‍ഡി ഓഫീസറോട് മാധ്യമപ്രവര്‍ത്തകര്‍ പരാതി പറഞ്ഞത്.
സ്പ്രിങ്ക്ളര്‍ വിവാദം ഉടലെടുത്തപ്പോള്‍ കൊറോണ അവലോകന യോഗത്തിന്റെ വാര്‍ത്താസമ്മേളനം വരെ നിര്‍ത്തിവച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ അസ്വസ്ഥനായിരുന്നു. ഇതോടെയാണ് വിറളി പിടിച്ച പിണറായിയുടെ മാനം രക്ഷിക്കാന്‍ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത്. ഇനി എല്ലാ ദിവസവും മുഖ്യമന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങളും ഇവര്‍ക്ക് പിണറായിയുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി വിറളി പിടിച്ചത്.
വിവാദങ്ങള്‍ ശോഭ കെടുത്തിയോ ?
നമ്മള് ഇപ്പോള്‍ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കയാണല്ലോ..ആ വൈറസിനെ എങ്ങനെയെല്ലാമാണ് ഒതുക്കാന്‍ നോക്കുന്നത് എന്നതില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. അക്കാര്യത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ ലോകം അംഗീകരിക്കുന്നുണ്ട്. ആ വഴിക്ക് നമുക്ക്് പോകാം
സ്പ്രിങ്ക്ളര്‍ ഇടപാടില്‍ വ്യക്തത വരണ്ടേ ?
അതിനല്ല എനിക്ക് ഇപ്പോള്‍ നേരം. മറ്റ് കാര്യങ്ങള്‍ക്കാണ്. അതിലാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്.
മകളുടെ കമ്പനിയെക്കുറിച്ച് പി.ടി. തോമസ് ആരോപിച്ചതോ ?
അതിലൊന്നും ഞാന്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ഞാന്‍ നേരത്തെ അത് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തത വരുത്തേണ്ടേ ?
നോക്കാം, ചരിത്രം തീരുമാനിക്കട്ടെ. ഇപ്പോ അങ്ങനെ ഒരു നിലപാട് എടുക്കാം.
മകളുടെ കമ്പനിയെപ്പറ്റി ഗുരുതര ആരോപണം
ഓ..ഭയങ്കര ഗുരുതരമല്ലേ…ഭയങ്കര ഗുരുതരമായത്…ഇതൊക്കെ എല്ലാവര്ക്കും മനസ്സിലാകും കേട്ടോ. ഇമ്മാതിരിയുള്ള കാര്യങ്ങളുമായി പുറപ്പെടരുത്. അതിലൊന്നും ഞാന്‍ ഒന്നും പറയാന്‍ പോകുന്നില്ല. അതെന്തോ വലിയ ആനക്കാര്യം എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ നോക്കണ്ട. എല്ലാവര്ക്കും അതൊക്കെ മനസ്സിലാകും.
പോളിറ്റ് ബ്യൂറോ വിശദീകരണം ആവശ്യപ്പെട്ടെന്ന് വാര്‍ത്തയുണ്ടല്ലോ ?
അത് പല വാര്‍ത്തകളും നിങ്ങളില്‍ ചിലര്‍ മെനയുന്നുണ്ടെന്ന് എനിക്ക് അറിയാം. നിങ്ങളുടെ കൂട്ടത്തില്‍ തന്നെ ചിലര്‍ നുണ വാര്‍ത്തകള്‍ മെനയാന്‍ മിടുക്കരാണ്. എനിക്കിപ്പോ ഓര്മ വരുന്ന കാര്യം ഇതേ നഗരത്തില്‍ ഇവിടെ ഒരു കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് ഒരുകാലത്ത് തയാറാക്കിയ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ അന്ന് ഈ കസേരയിലല്ല. വേറൊരു കസേരയില്‍ ആണെന്നുമാത്രം. അന്ന് സേവ് എന്ന പേരില്‍ തുടങ്ങിയ ഒരു കാര്യം ഉണ്ടായിരുന്നില്ലേ. ബാക്കി ഞാനിപ്പോള്‍ പറയുന്നില്ല. അന്ന് കുറച്ച് ആളുകള്‍ കൂടി ആകെ നാലോ അഞ്ചോ പോരാണ്. അവരുകൂടിയായിരുന്നു ഇത് തയാറാക്കിയത്.
എന്നിട്ട് അതിന്റെ നേരെ എന്തെല്ലാം വിവാദങ്ങള്‍ നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. ഏതെല്ലാം തരത്തില്‍ കാര്യങ്ങള്‍ ഉയര്‍ത്താന്‍ വേണ്ടി നേക്കിയിരുന്നു. കുറേനാളു കഴിഞ്ഞപ്പോ ഇതില്‍പ്പെട്ട ഒരാള്‍ തന്നെ ചില ശീലങ്ങളോട് കൂടി ഇരിക്കുമ്പോള്‍ പറയുകയാണ് അതൊക്കെ ഞങ്ങള്‍ ഉണ്ടാക്കിയതാണെന്ന്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ് കേട്ടോ. ആ ചരിത്രമൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ ഈ പുതിയ രീതി കണ്ടിട്ട് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായിട്ട് നിങ്ങള്‍ എന്നെ കാണണ്ട.
പാര്‍ട്ടി സെക്രട്ടറിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം
അതു കൊണ്ടാണ് പറയുന്നത് എനിക്ക് ഇപ്പോ ഇതിനല്ല നേരമെന്ന്. അങ്ങനെ ഉള്ള ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുവാനല്ല എനിക്ക് നേരം. എനിക്ക് വേറെ ജോലിയുണ്ട്. ആ ജോലിയാണ് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: