Categories: Marukara

എണ്ണവില വീഴ്‌ച്ചയില്‍ സാമ്പത്തിക നട്ടെല്ലൊടിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍; മുന്നിലുള്ളത് വന്‍ സാമ്പത്തിക പ്രതിസന്ധി; പ്രവാസികള്‍ ഭയക്കണം; അറ നിറച്ച് ഇന്ത്യ

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന് ആഗോള വില 40 ശതമാനത്തോളം കുറഞ്ഞത് മുതലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എണ്ണവില ഉയരുന്നതിന് മുമ്പ് സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വുകള്‍ നിറയ്ക്കുമ്പോള്‍ രാജ്യത്തിന് 5000 കോടി ലാഭിക്കാന്‍ കഴിയും.

Published by

ണ്ണവില ചരിത്രത്തിലെ ഏറ്റവും തകര്‍ച്ച നേരിട്ടതോടെ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫിലെ സാമ്പത്തിക മേഖല പൂര്‍ണ്ണമായും തകരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. കൊറോണയാണ് എണ്ണവിപണിയെ തകര്‍ത്തത്. കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് എണ്ണക്കുള്ള ആവശ്യം ലോകത്ത് കുറഞ്ഞത്. ഇന്നലെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -6.75 ഡോളര്‍ വരെയെത്തിയിരുന്നു. എണ്ണ വില പൂജ്യത്തിനും താഴെയെത്തിയെങ്കിലും പിന്നീട് ഇത് പൂജ്യത്തിനും (0.56 ഡോളര്‍) മുകളിലായിരുന്നു.  

നിലവിലെ സംഭരണികളും സംഭരണ സൗകര്യങ്ങളും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ വ്യാപാരികളെത്തുന്നില്ല. ജൂണിലെ വിതരണ കരാറിലാണ് വ്യാപാരികള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എണ്ണവില ഇടിഞ്ഞതോടെ ഒപെക് രാജ്യങ്ങള്‍ കഴിഞ്ഞ ആഴ്ചമുതല്‍ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ധാരണയിലെത്തിയിരുന്നു. പ്രതിദിന എണ്ണഉത്പാദനം ഒരു കോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ഈ തീരുമാനത്തിനും വില പിടിച്ചുനിര്‍ത്താനായില്ലായിരുന്നു. നിലവിലെ വെട്ടിക്കുറക്കലുകള്‍ പര്യാപ്തമല്ലെന്നാണ് സൂചന.  

വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ വ്യാപാരികളെത്താത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. എണ്ണവിലയിലുണ്ടായ ഇടിവ് ഗള്‍ഫിലെ എല്ലാ മേഖലയെയും ബാധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജോലിയെവരെ എണ്ണവിലയിലെ ഇടിവ് ബാധിക്കും. മലയാളികളായ പ്രവാസികളായിരിക്കും ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടാവുക. മാന്ദ്യം ഗള്‍ഫിനെ പിടിച്ചുലച്ചാന്‍ പ്രവാസികളുടെ വന്‍ ഒഴുക്ക് ഇന്ത്യയിലേക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. അസംസ്‌കൃത എണ്ണവിലയിലെ ഇടിവ് ദിനംപ്രതി തുടരുന്നതോടെ  ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക കമ്പനിയായായ സൗദി അരാംകോ മേയ് ഒന്ന് മുതല്‍ എണ്ണ ഉല്‍പ്പാദനം 85 ലക്ഷം ബാരലായി കുറച്ചിരുന്നു.  

അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിന ഉല്‍പാദനത്തില്‍ 97 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിന് ഒപെക് പ്ലസ് ഗ്രൂപ്പ് ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരാംകോയും ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുന്നത്. എണ്ണ വില ഇടിയുന്നതോടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ പ്രധാന വരുമാനവും ഇടിയുകയാണ്. എണ്ണ വിലയിലെ തകര്‍ച്ച എണ്ണ ഉല്‍പാദിപ്പിയ്‌ക്കുന്ന രാജ്യങ്ങള്‍ക്ക് 50 കോടി ഡോളറിന്റെ നഷ്ടമാണ് ദിനംപ്രതി ഉണ്ടാക്കുന്നത്.

2015 വര്‍ഷാദ്യത്തില്‍  വെറും നാലു ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഉല്പാദിപ്പിച്ചിരുന്ന അമേരിക്ക നിലവിലെ ഉല്പാദനം179 ലക്ഷമായി  ഉയര്‍ത്തിയതും എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. റഷ്യയില്‍ നിന്നും   സൗദിയില്‍ നിന്നും എറ്റവുംകൂടുതല്‍ എണ്ണ ഇറക്കുമതി  ചെയ്തിരുന്നത് അമേരിക്കയാണ്. ഇതും സൗദിക്ക് സാമ്പത്തിക തിരിച്ചടിയായിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധ കാലത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് എണ്ണയ്‌ക്ക് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഉല്‍പാദനം കുറച്ച് ഒപെക് രാജ്യങ്ങള്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തിയിരുന്നെങ്കിലും വിജയിച്ചത് ചുരുക്കഗ ചിലകാലങ്ങളില്‍ മാത്രമാണ്. എണ്ണ ഉല്‍പാദനം കുറയ്‌ക്കുന്നതും എണ്ണക്കിണറുകള്‍ പൂര്‍ണമായും അടച്ചിടുന്നതും വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടര്‍ന്ന് ഉല്‍പാദനം പുനരാരംഭിക്കുന്നത് ചെലവേറിയതും കഠിനവുമായ കാര്യമാണ്.  ഒരു രാജ്യം എണ്ണ ഉല്‍പാദനം കുറയ്‌ക്കുമ്പോള്‍ മറ്റു എണ്ണ ഉല്‍പാദക രാജ്യങ്ങളും ഈ നിലപാട് തള്ളിയാല്‍ വന്‍ തിരിച്ചടിയാകും ഉണ്ടാവുക.  

അടുത്ത മാസത്തേക്കുള്ള ഡബ്ല്യുടിഐയുടെ വിതരണത്തിനുള്ള കരാറിലേര്‍പ്പെടേണ്ട അവസാന തിയതി ഇന്നായിരുന്നു. ഈ തിയതി അടുത്ത് എത്തുന്നതിന് അനുസരിച്ച് എണ്ണവിലയും കുത്തനെ ഇടിഞ്ഞു തുടങ്ങി. അതാണ് ഇന്നലത്തെ ചരിത്രപരമായ ഇടിവിന് കാരണമായ ഒരു കാരണം. എണ്ണ ഉല്‍പാദനം കുറയ്‌ക്കാതെ ഉല്‍പാദകര്‍ എണ്ണയുടെ  വില കുറച്ചും വിപണിയെ തകര്‍ത്തു. പ്രവര്‍ത്തനം നിര്‍ത്തി എണ്ണ ഉല്‍പാദനം പുനരാരംഭിക്കുന്നതിനുള്ള ചെലവ് കൂടുതലായതുകാരണമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എണ്ണയ്‌ക്ക് ആവശ്യക്കാര്‍ ഇല്ലാതായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ പ്രതിസന്ധിയിലാണ്. ഇന്ത്യയും ചൈനയും എണ്ണവലിയ തോതില്‍ വാങ്ങിക്കാത്തതും ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.  

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിലകുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തി സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വുകള്‍ നിറയ്‌ക്കാന്‍ ഭരതം പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഊര്‍ജമേഖലയില്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് രാജ്യത്തെ മൂന്ന് തന്ത്രപ്രധാന സംഭരണികളിലായി അഞ്ചു മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) ക്രൂഡ് ഓയില്‍ ശേഖരിക്കാന്‍  തീരുമാനിച്ചിരിക്കുന്നത്.  വിശാഖപട്ടണം, മംഗലാപുരം, ഉഡുപ്പിക്കടുത്ത പാഡൂര്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ അറകളിലാണ് സംഭരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് വിപുലമായി ഇത്തരത്തിലൊരു ക്രൂഡ് ഓയില്‍ സംഭരണ പ്രക്രിയ നടക്കുന്നത്.

നിലവില്‍ എണ്ണക്കമ്പനികളുടെ പക്കലുള്ള ക്രൂഡ് ഓയിലിനും പെട്രോളിനും പുറമെയാണിത്. അസംസ്‌കൃത എണ്ണയുടെ ക്ഷാമം ഉണ്ടായാല്‍ അതിനെ നേരിടാനാണ് കരുതല്‍ ശേഖരം. ഈ മാസം പതിനഞ്ചോളം കപ്പലുകളിലായി ക്രൂഡ് ഓയില്‍ മംഗലാപുരത്ത് എത്തിച്ചേരും. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലാണ് എണ്ണ എത്തുക. 21ന് ആദ്യ കപ്പല്‍ എത്തും.  

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന്  ആഗോള വില 40 ശതമാനത്തോളം കുറഞ്ഞത് മുതലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.  എണ്ണവില ഉയരുന്നതിന് മുമ്പ് സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വുകള്‍ നിറയ്‌ക്കുമ്പോള്‍ രാജ്യത്തിന് 5000 കോടി ലാഭിക്കാന്‍ കഴിയും. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസൊ) സംഭരിണിക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.  

ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസേര്‍വ്സ് ലിമിറ്റഡിനാണ് സംഭരണ ചുമതല. സംഭരണ അറയുടെ രൂപകല്‍പ്പന പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു അനുമതി. ഭൂഗര്‍ഭ അറകളില്‍ ക്രൂഡ് ഓയില്‍ സംഭരിക്കുന്നത് ഏറ്റവും സുരക്ഷിത മാര്‍ഗമാണെന്ന് പെസൊ കേരളാ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ.ആര്‍. വേണുഗോപാല്‍ പറഞ്ഞു. ഭൂമിക്കടിയില്‍ പാറ തുരന്ന് അറകള്‍ നിര്‍മിക്കുന്നതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. ക്രൂഡ് ഓയില്‍ സംഭരണത്തിന് നേരത്തേ പദ്ധതി തയാറാക്കിയിരുന്നതിനാല്‍ അറകളുടെ നിര്‍മാണവും ആരംഭിച്ചിരുന്നു.  

ഭൂഗര്‍ഭ അറകള്‍ സമുദ്ര നിരപ്പില്‍നിന്ന് 100-120 മീറ്റര്‍ താഴെയായിരിക്കും. ഭീകരാക്രമണം, യുദ്ധം, ബോംബ് സ്ഫോടനം, കൊടുങ്കാറ്റ് ഭൂകമ്പം, പ്രളയം സുനാമി, തീപിടിത്തം എന്നിവയെ അതിജീവിക്കാനും കഴിയും. ഏറ്റവും ലാഭകരവുമാണ്. കപ്പലില്‍നിന്ന് എണ്ണ പെട്ടെന്ന് ഇറക്കാന്‍ കഴിയും. ബാഷ്പീകരണ ത്തോത് വളരെ കുറവായിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts