പത്തനംതിട്ട: ജല അതോറിറ്റി പദ്ധതികള്‍ കിഫ്ബി നിയന്ത്രണത്തിലാക്കിയത് കേന്ദ്രത്തില്‍ നിന്ന് ജല്‍ ജീവന് മിഷനിലടക്കം ലഭിക്കാനുള്ള പണം കിഫ്ബിയിലേക്ക് മാറ്റാനുള്ള തന്ത്രമെന്ന് സൂചന. 2024ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുക ലക്ഷ്യമിട്ടാണ് ജല്‍ ജീവന് മിഷന് പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തത്.
പദ്ധതിയില്‍ കേരളത്തിന് 22000 കോടി രൂപ ലഭിക്കുമെന്നാണ് സൂചന. കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത്. റോഡ് വികസനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിങ്ങനെ ഏതു മേഖലയെടുത്താലും ഇതാണ് സ്ഥിതി. അതിനു ലഭിക്കുന്ന ഫണ്ട് കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലേക്ക് മാറ്റി സംസ്ഥാനത്തിന്റേതാക്കി ചെലവഴിക്കും.
ജല അതോറിറ്റി പദ്ധതികള്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കാനുള്ള ഉത്തരവിനു പിന്നില്‍ ഈ പണം വകമാറ്റാനാണെന്നാണ് വിവരം. 2024നുള്ളിലാണ് ഈ പദ്ധതി നടപ്പാക്കേണ്ടത്. ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ 55 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ട തുക 101.29 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 78.44 കോടി രൂപയും കേരളം ചെലവഴിച്ചില്ല. അതിനാല്‍, രണ്ടാംഘട്ട തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ 248.76 കോടി രൂപയാണ് സംസ്ഥാനത്തിന് നീക്കിവച്ചത്. സംസ്ഥാനം ഇതിനുള്ള പദ്ധതി സമയത്തിന് സമര്‍പ്പിച്ചില്ല. ഇതെല്ലാം ഈ പദ്ധതി കിഫ്ബിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: