കോഴിക്കോട്: ജില്ലയില്‍ ആറ് കോവിഡ് തീവ്ര പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചതില്‍ അവ്യക്തത. നിലവില്‍ കോഴിക്കോട് കോര്പറേഷന്, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടുകളായി നിര്‍ണ്ണയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഏറാമല പഞ്ചായത്ത് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം കുറ്റ്യാടിയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമില്ല. ആരോഗ്യവകുപ്പിന് ഇതിനെ കുറിച്ച് അറിയില്ലെന്നാണ് ഡിഎംഒ ഡോ. വി. ജയശ്രീ പറഞ്ഞത്. ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചതെന്നും അവര്‍ പറഞ്ഞു. 16-ാം തിയ്യതിയിലെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചതെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ തിരുത്തുമെന്നും ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു.
ആറു കേന്ദ്രങ്ങളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. റോഡുകള്‍ അടച്ചു കൊണ്ട് വാഹനഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസിന്റെ അനുമതിയോടെ മാത്രമേ വാഹനഗതാഗതം ഉള്ളൂ.
ഇന്നലെ ജില്ലയില്‍ 934 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 15,306 ആയി. 7494 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന് പുതുതായി വന്ന 3 പേര് ഉള്‍പ്പെടെ 22 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 10 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 720 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 668 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രോഗം സ്ഥിരീരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും 4 ഇതര ജില്ലക്കാരില്‍ 2 കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 9 കോഴിക്കോട് സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 28 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: