തൃശൂര്‍: നിരപരാധിക്കെതിരെ കള്ളക്കേസ് എടുത്ത വലപ്പാട് എസ്.ഐ അരിസ്റ്റോട്ടിലിന്റെ നടപടിയുടെ തെറ്റ് ചൂണ്ടിക്കാണിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പിലിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത എസ്.ഐ ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തൃശൂര്‍ എസ്.പി തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കള്ള കേസ് ചാര്‍ജ് ചെയ്യാന്‍ തുനിഞ്ഞ എസ്.ഐയുടെ നടപടി ചോദ്യം ചെയ്തതതാണ് അതിക്രമത്തിന് കാരണം. എസ്.ഐ യുടെ പരാക്രമം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഉദ്യേഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒരുമിച്ച് സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച് വരുമ്പോഴാണ് പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തി എസ്.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വലപ്പാട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ആവശ്യമായ മാസ്‌ക് എത്തിച്ച് നല്‍കിയ ഷൈന്‍ നെടിയിരുപ്പിലിനെ അതേ സ്റ്റേഷന്‍ എസ്.ഐ തന്നെ കയ്യേറ്റം ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. ലോക്ഡൗണിന്റെ മറവില്‍ അധികാര ദുര്‍വിനിയോഗം നടത്തി അഴിഞ്ഞാടുന്ന വലപ്പാട് എസ്.ഐ പോലുള്ളവരെ സര്‍ക്കാര്‍ നിലയ്‌ക്ക് നിര്‍ത്തണം.
എസ്.ഐ വയോജനങ്ങളോടു പോലും മോശമായി പെരുമാറിയതിന്റെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. പരാതിക്കാരോട് അക്രമാസക്തനായി പെരുമാറുന്ന ഈ ഉദ്യോഗസ്ഥന്റെ മാനസിക നില പരിശോധിക്കാതെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കു നേരെ ഉണ്ടായ അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. അക്രമിയായ എസ്.ഐ ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ലോക്ഡൗണ്‍ സമയത്ത് പ്രത്യക്ഷ പ്രതിഷേധ സമര പരിപാടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വലപ്പാട് എസ് ഐ. അരിസ്റ്റോട്ടിലിന്റെ നടപടിയില്‍ യുവമോര്‍ച്ച നാട്ടിക മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഈ ലോക്ക് ഡൗണ്‍ കാലത്തുപോലും പൊതു പ്രവര്‍ത്തകരെയും പൊതുജനങ്ങളുടെയും അടുത്ത് ഇങ്ങനെ പെരുമാറുന്ന എസ്.ഐ യ്‌ക്ക് എതിരെ മേലുദ്യോഗസ്ഥന്‍ മാരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം വഹിക്കുമെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.ജെ ജിനു. ജനറല്‍ സെക്രട്ടറി കെ ആര്‍ .ശ്രീകാന്ത് എന്നിവര്‍ അറിയിച്ചു. എസ്.ഐയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: