തിരുവനന്തപുരം:സ്പ്രിങ്ക്ളര്‍ വിവാദത്തിലടക്കം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചും നടത്തിയ മറുപടികളും വസ്തുത വിരുദ്ധം. ഏപ്രില്‍ 20ന് ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ചില ഇളവുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു കൃത്യമായ മാര്‍ഗനിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍, അത്തരം മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നും പെടാത്ത ചില മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആലോചിക്കാതെ ഇളുവകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, പുസ്തകശാലകള്‍ എന്നിവയായിരുന്നു ഇതില്‍ ചിലത്. ഇതു വാര്‍ത്താമാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനമായി ഇടപെടുകയായിരുന്നു.
ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന ഗതാഗതം എന്നിവയില്‍ കേരളം ഇളവുകള്‍ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചും താക്കീതു നല്‍കിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതു ലഭിച്ചയുടന്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മേഖലകളിലെ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റുള്ള ഇളവുകളിലും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇന്ന് മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിന് സംസ്ഥാനം പുറത്തിറക്കിയ ഇളവുകളും റദ്ദാക്കി.
ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവരുന്നത്. ഭക്ഷണശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വാഹനങ്ങള്‍ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ാത്രി തന്നെ വിശദമായി സംസാരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയെന്നും കേന്ദ്രനിര്‍ദേശം പാലിക്കുമെന്നും ടോം ജോസ് വ്യക്തമാക്കിയിരുന്നു.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാന്‍ സാധ്യതയുള്ള ബാര്‍ബര്‍ ഷോപ്പ് പോലുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കാനും സംസ്ഥാനങ്ങള്‍ക്കാകില്ല. പുസ്തകശാലകള്‍ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ചട്ടങ്ങള്‍ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവുകളും പിന്‍വലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നതടക്കം നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്.
എന്നാല്‍, ഇന്നലെ നടത്തിയ പത്രിസമ്മേളനത്തില് മുഖ്യമന്ത്രി പറഞ്ഞത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിനെ ചില വിദഗ്ധര്‍ എതിര്‍ത്തെന്നും ടൗവല്‍ പോലുള്ള കാര്യങ്ങള്‍ ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കുന്നത് രോഗം പടരുന്നതിനു കാരണമായേക്കും എന്നാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഇളവ് പ്രഖ്യാപിച്ച സമയത്ത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചോദ്യം. കേന്ദ്രസര്‍ക്കാര്‍ കര്‍ശന താക്കീത് നല്കി സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യപരമായ തീരുമാനം പിന്വലിപ്പിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് ഇതേ സംബന്ധിച്ചു മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായമായി വിഷയത്തെ വക്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: